'ഇടത് തരംഗത്തിന് കാരണം വിശക്കുന്നവന് അന്നം കൊടുത്തത്'; യുഡിഎഫിനെ വിമര്‍ശിച്ച് ഫിറോസ് കുന്നംപറമ്പില്‍

'യുഡിഎഫ് ഒരു മുന്നൊരുക്കവും നടത്തിയില്ല. ഫിറോസ് കുന്നംപറമ്പില്‍ മത്സരിക്കുന്നു എന്ന വികാരമാണ് അവിടെ ആഞ്ഞടിച്ചത്'

Update: 2021-05-05 01:53 GMT

വിശക്കുന്നവന് ഭക്ഷണം കൊടുത്തതുകൊണ്ടാണ് കേരളത്തില്‍ ഇടത് തരംഗമുണ്ടായതെന്ന് തവനൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഫിറോസ് കുന്നംപറമ്പില്‍. അതൊരിക്കലും കണ്ടില്ലെന്ന് നടിക്കാന്‍ പറ്റില്ല. മുഖ്യമന്ത്രിയുടെ ചിട്ടയായ ഭരണ മികവ് നമ്മള്‍ കണ്ടതാണ്. മുഖ്യമന്ത്രിയെ പ്രശംസിച്ച ഫിറോസ് കുന്നംപറമ്പില്‍, യുഡിഎഫിനെ വിമര്‍ശിക്കുകയും ചെയ്തു.

"അവിടെ യുഡിഎഫ് ഒരു മുന്നൊരുക്കവും നടത്തിയിരുന്നില്ല. യുഡിഎഫിനെ സംബന്ധിച്ച് അവര്‍ എഴുതിത്തള്ളിയ മണ്ഡലമായിരുന്നു ഇത്. 2600ഓളം വോട്ടിന് മാത്രമാണ് ജലീലിന്‍റെ വിജയം. അദ്ദേഹത്തിന്‍റെ കയ്യില്‍ നിന്ന് ഏകദേശം 13500ഓളം വോട്ടുകള്‍ നഷ്ടപ്പെട്ടു. എല്‍ഡിഎഫ് പതിനായിരത്തോളം വോട്ടുകള്‍ പുതുതായി ചേര്‍ത്തിരുന്നു. സിപിഎമ്മിന്‍റെ അത്രയും വോട്ടുകള്‍ ചോര്‍ന്നുപോയിട്ടുണ്ടെങ്കില്‍ ജലീലിനെതിരെ സിപിഎമ്മിനകത്ത് വലിയ വിരുദ്ധ വികാരമുണ്ട്. ഒരു സംശയവും വേണ്ട. ഫിറോസ് കുന്നംപറമ്പില്‍ മത്സരിക്കുന്നു എന്ന വികാരമാണ് അവിടെ ആഞ്ഞടിച്ചത്".

Advertising
Advertising

സിസ്റ്റമാറ്റിക് ആയിട്ടാണ് ഇടത് മുന്നണി മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്. മന്ത്രിസഭയിലേക്ക് പുതുമുഖങ്ങളായ പല ആളുകളും വരുന്നു. യുഡിഎഫ് ആയിരുന്നെങ്കില്‍ അഞ്ചും പത്തും പ്രാവശ്യം മന്ത്രിമാരായവരൊക്കെ സ്ഥാനത്തിന് വേണ്ടി കടിപിടി കൂടുന്നതാവും നമ്മള്‍ കാണുകയെന്നും ഫിറോസ് കുന്നംപറമ്പില്‍ വിമര്‍ശിച്ചു.

താന്‍ രാഷ്ട്രീയക്കാരനല്ല. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും ഭാഗമല്ല. അതിനോട് താത്പര്യമില്ല. ലീഗ് അനുഭാവിയാണെന്ന് മാത്രം. ജീവകാരുണ്യപ്രവര്‍ത്തനം തുടരുമെന്നും ഫിറോസ് കുന്നംപറമ്പില്‍ വ്യക്തമാക്കി.

2011ലാണ് തവനൂര്‍ മണ്ഡലം രൂപീകൃതമായത്. ഇതിന് ശേഷം നടന്ന രണ്ട് തെരഞ്ഞെടുപ്പിലും കെ ടി ജലീല്‍ തന്നെയായിരുന്നു തവനൂര്‍ എംഎല്‍എ. കടുത്ത മത്സരമാണ് ഇത്തവണ നടന്നത്. ലീഡ് നില മറിമറിഞ്ഞ വോട്ടെണ്ണലിന് ഒടുവില്‍ 2564 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ജലീലിന്‍റെ വിജയം. 

Tags:    

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News