മേധാവിത്വം തുടരാനാകുമെന്ന പ്രതീക്ഷയില്‍ എൽഡിഎഫ്,ഭരണവിരുദ്ധ വികാരം അനുകൂലമാകുമെന്ന് യുഡിഎഫ്; കൂട്ടലും കിഴക്കലുമായി മുന്നണികള്‍

കഴിഞ്ഞ തവണത്തേക്കാൾ വോട്ടിങ് ശതമാനം വർധിപ്പിക്കാൻ ആകുമെന്ന പ്രതീക്ഷയിലാണ് ബിജെപി

Update: 2025-12-10 02:52 GMT
Editor : Lissy P | By : Web Desk

തിരുവനന്തപുരം:തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ ഏഴ് ജില്ലകളില്‍ നടന്ന വോട്ടെടുപ്പില്‍ മികച്ച പോളിങ് രേഖപ്പെടുത്തി. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കണക്ക് അനുസരിച്ച് 70.9 ശതമാനം പോളിങ്ങാണ് ആദ്യഘട്ടത്തിൽ രേഖപ്പെടുത്തിയത്. ഏറ്റവും കൂടുതൽ പോളിങ് എറണാകുളം ജില്ലയിലും കുറവ് പത്തനതിട്ടയിലുമാണ്.

ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിലെ തകരാറുമൂലം വോട്ടെടുപ്പ് നിർത്തിവെച്ച ആലപ്പുഴ മണ്ണഞ്ചേരിയിൽ റിപോളിങ് നാളെ നടക്കും.വോട്ടെടുപ്പ് സമയം കഴിഞ്ഞിട്ടും പലയിടത്തും ബൂത്തുകൾക്ക് മുന്നിൽ നീണ്ട നിര വോട്ട് ചെയ്യാൻ ഉണ്ടായിരുന്നു. അതിനാൽ ഈ കണക്ക് അന്തിമം അല്ലെന്നും അവസാന പോളിംഗ് ശതമാന കണക്കുകൾ ഇന്ന് പുറത്ത് വിടുമെന്നും സംസ്ഥാന തെര. കമ്മീഷൻ അറിയിച്ചു.

Advertising
Advertising

അതേസമയം, ആദ്യഘട്ട തെരഞ്ഞെടുപ്പ് നടന്ന ഏഴ് ജില്ലകളിലും കൂട്ടലും കിഴക്കലുമായി മുന്നണികൾ.തദ്ദേശ തെരഞ്ഞെടുപ്പുകളിലെ മുൻകാല മേധാവിത്വം തുടരാൻ ആകുമെന്ന പ്രതീക്ഷയിലാണ് എൽഡിഎഫ്. ഭരണവിരുദ്ധ വികാരം കൊണ്ട് ഈ മേധാവിത്വം മറികടക്കാൻ കഴിയുമെന്ന കണക്കുകൂട്ടലിലാണ് യുഡിഎഫ്. കഴിഞ്ഞ തവണത്തേക്കാൾ വോട്ടിംഗ് ശതമാനം വർധിപ്പിക്കാൻ ആകുമെന്ന പ്രതീക്ഷയിലാണ് ബിജെപി. ആദ്യഘട്ട തെരഞ്ഞെടുപ്പ് നടന്ന ജില്ലകളിൽ എറണാകുളം ഒഴുകിയുള്ള എല്ലാ ജില്ലകളിലും നിലവിൽ എൽഡിഎഫിനാണ് ആധിപത്യം.

എന്നാൽ കടുത്ത ത്രികോണ മത്സരം പ്രതീക്ഷിച്ചില്ലെങ്കിലും എറണാകുളം ഒഴികെയുള്ള ജില്ലകളിൽ അതിനൊത്ത് വോട്ടിങ് ശതമാനം ഉയർന്നിട്ടില്ല. അതുകൊണ്ടുതന്നെ ഇവിടങ്ങളിൽ എൽഡിഎഫും യുഡിഎഫും നേരിട്ടാകും മത്സരം എന്നാണ് സൂചന.എന്നാൽ കണക്കുകൾക്കപ്പുറം മുന്നേറ്റം ഉണ്ടാക്കാൻ കഴിയും എന്നാണ് ബിജെപി ക്യാമ്പിന്റെ പ്രതീക്ഷ.

ഭരണവിരുദ്ധ വികാരവും സ്വർണകൊള്ള അടക്കമുള്ള വിഷയങ്ങളും അനുകൂലമാകുമെന്നാണ് യുഡിഎഫിന്റെ പ്രതീക്ഷ. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ദിവസങ്ങളിൽ രാഹുൽ മാങ്കോട്ടത്തിനെതിരെ പാർട്ടിയെടുത്ത നടപടിയും ഗുണം ചെയ്യുമെന്ന യുഡിഎഫ് പ്രതീക്ഷിക്കുന്നു. എന്നാൽ തെരഞ്ഞെടുപ്പ് ദിവസത്തെ യുഡിഎഫ് കൺവീനറുടെ ദിലീപ് അനുകൂല പ്രസ്താവന തിരിച്ചടി ആകുമോ എന്ന ആശങ്കയും യുഡിഎഫിന് ഉണ്ട്.

ക്ഷേമ പദ്ധതികളുടെ പ്രഖ്യാപനവും ക്ഷേമപെൻഷൻ വർദ്ധനവും കൊണ്ട് ഭരണവിരുദ്ധ വികാരത്തെ മറികടക്കാൻ ആയെന്നാണ് എൽ ഡി എഫ് ക്യാമ്പിന്റെ വിലയിരുത്തൽ. തെക്കൻ ജില്ലകളിലെ ഭൂരിപക്ഷ വോട്ടുകൾ ലക്ഷ്യമിട്ട് മുഖ്യമന്ത്രി നടത്തിയ ജമാഅത്തെ ഇസ്‍ലാമി-യുഡിഎഫ് കൂട്ടുകെട്ട് ആരോപണവും ഗുണം ചെയ്യും എന്നാണ് എൽഡിഎഫ് പ്രതീക്ഷ. ശബരിമല സ്വർണ്ണകൊള്ള ഭൂരിപക്ഷ സമുദായത്തെ അകറ്റുമോ എന്ന ആശങ്കയും എൽഡിഎഫിന് മുന്നിലുണ്ട്. പ്രതീക്ഷകളും ആശങ്കകളും തുടരുമ്പോഴും വോട്ട് കണക്കുകളിലെ ഇഴ കീറിയ പരിശോധനകളിലേക്കാണ് മുന്നണികൾ ഇന്നുമുതൽ കടക്കുക.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News