'അസ്സലാമു അലൈകും, യുഡിഎഫിന്റെ ദുആ ഒന്നും അല്ലാഹു സ്വീകരിക്കില്ല എൽഡിഎഫിന്റെ സ്ഥാനാര്‍ഥികള്‍ ജയിക്കും, ദുആ ഇരക്കണം'; വെള്ളമുണ്ടയിൽ യുഡിഎഫിന്റെ വിജയത്തിന് പിന്നാലെ സിപിഎം ലോക്കൽ സെക്രട്ടറിയുടെ ഓഡിയോ പുറത്ത്
തെരഞ്ഞെടുപ്പ് കാലത്ത് വാട്സ്ആപ്പില്‍ അയച്ച സന്ദേശമാണ് പുറത്തായത്.
പൊരുന്നന്നൂര്‍ സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി നജ്മുദ്ദീന്‍ കെ.സി.കെ
വെള്ളമുണ്ട: വയനാട് വെള്ളമുണ്ടയിൽ യുഡിഎഫിന്റെ വിജയത്തിന് പിന്നാലെ പൊരുന്നന്നൂര്‍ സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി നജ്മുദ്ദീന്‍ കെ.സി.കെയുടെ ഓഡിയോ പുറത്ത്.
തെരഞ്ഞെടുപ്പ് കാലത്ത് വാട്സ്ആപ്പില്‍ അയച്ച സന്ദേശമാണ് പുറത്തായത്. 20 വർഷത്തിനുശേഷം കഴിഞ്ഞതവണ യുഡിഎഫിൽ നിന്നും വെള്ളമുണ്ട പഞ്ചായത്ത് കഴിഞ്ഞ തവണ സിപിഎം പിടിച്ചിരുന്നു. എന്നാൽ ഇത്തവണ പഞ്ചായത്ത് യുഡിഎഫ് തിരികെ പിടിച്ചു. വെള്ളമുണ്ടയിൽ നടത്തിയ യുഡിഎഫ് വിജയാഹ്ലാദ പ്രകടനത്തിലാണ് പ്രവർത്തകർ ഓഡിയോ പുറത്തുവിട്ടത്.
യുഡിഎഫിന്റെ സ്ഥാനാര്‍ഥികളുടെ ദുആ അല്ലാഹു കേൾക്കില്ലെന്നും എൽഡിഎഫിന്റെ 24 സ്ഥാനാർത്ഥികളും വിജയിക്കുമെന്നും എല്ലാവരും ദുആ ചെയ്യണമേയെന്നും പറയുന്ന ഓഡിയോയാണ് പുറത്തുവന്നത്.
വെള്ളമുണ്ട പഞ്ചായത്തിൽ 16 സീറ്റുകളാണ് യുഡിഎഫ് നേടിയത്. ഏഴ് സീറ്റുകളെ എൽഡിഎഫിന് നേടാനായുള്ളൂ. എൻഡിഎക്ക് സീറ്റൊന്നുമില്ല. 24ല്‍ 13 പേരുടെ പിന്തുണയാണ് ഭൂരിപക്ഷത്തിന് വേണ്ടത്.
ഓഡിയോ ഇങ്ങനെ: 'അസ്സലാമു അലൈകും, അൽഹംദുലില്ലാഹ്, വെള്ളമുണ്ട പഞ്ചായത്തിലെ 24 സീറ്റിലാണ് നമ്മൾ മത്സരിച്ചത്. ഇപ്പോൾ കണക്ക്കിട്ടി നോക്കുമ്പോൾ 24 സീറ്റിലും നമ്മൾ വിജയിക്കും. ഇൻഷാ അള്ളാ, മറ്റു പ്രയാസങ്ങളൊന്നുമില്ല. പിന്നെ യുഡിഎഫുകാർ പറയുന്നതൊക്കെ തെറ്റാണ്. അവരെ ദുആയൊന്നും അള്ളാഹു സ്വീകരിക്കില്ല. 24 സീറ്റും ഇൻഷാ അള്ളാ നമ്മൾ തന്നെ വിജയിക്കും, ദുആ ചെയ്യണം''
Watch Video Report