കണ്ണൂർ ആറളം വന്യജീവി സങ്കേതത്തിൽ മാവോയിസ്റ്റ് വെടിവെപ്പുണ്ടായെന്ന് വനപാലകർ

അമ്പലപ്പാറ ഫോറസ്റ്റ് സ്‌റ്റേഷനിലേക്ക് ഭക്ഷണവുമായി പോയ വനപാലകർക്ക് നേരെയാണ് മാവോയിസ്റ്റ് സംഘം വെടിയുതിർത്തത്

Update: 2023-10-30 11:27 GMT

കണ്ണൂർ: ആറളം വന്യജീവി സങ്കേതത്തിൽ മാവോയിസ്റ്റ് വെടിവെപ്പുണ്ടായെന്ന് വനപാലകർ. ചാവച്ചിയിൽ വെച്ചാണ് മാവോയിസ്റ്റുകൾ വെടിയുതിർത്തതെന്ന് വൈൽഡ് ലൈഫ് വാർഡൻ പറഞ്ഞു. വെടിവെപ്പിൽ ആർക്കും പരിക്കേറ്റിട്ടില്ല. അമ്പലപ്പാറ ഫോറസ്റ്റ് സ്‌റ്റേഷനിലേക്ക് ഭക്ഷണവുമായി പോയ വനപാലകർക്ക് നേരെയാണ് മാവോയിസ്റ്റ് സംഘം വെടിയുതിർത്തത്.

മൂന്നംഗ വനപാലക സംഘമാണ് ഭക്ഷണവുമായി ഇവിടേക്ക് പോയത്. ഇതിനിടെയിലാണ് ചാവച്ചി എന്ന സ്ഥലത്തുവെച്ച് മാവോയിസ്റ്റ് സംഘം ഇവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.വെടിവെപ്പിൽ ആർക്കും പരിക്കേറ്റിട്ടില്ല. എന്നാൽ ഓടി രക്ഷപ്പെടുന്നതിനിടയിൽ വീണ് ഒരു വനപാലകന് പരിക്കേറ്റിട്ടുണ്ട്. അതേസമയം മാവോയിസ്റ്റ് സംഘത്തിൽ എത്രപേരുണ്ടായിരുന്നുവെന്ന് കൃത്യമായി ധാരണയില്ലെന്ന് വൈൽഡ് ലൈഫ് വാർഡൻ പറഞ്ഞു. ഇപ്പോൾ നരിക്കുറ്റി എന്ന സ്ഥലത്താണ് വനപാലകരുള്ളത്. ഇരിട്ടിയിൽ നിന്നടക്കം വലിയ പൊലീസ് സന്നാഹം സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. വയനാട് കാടുകളുമായി അതിർത്തി പങ്കിടുന്ന പ്രദേശം കൂടിയാണ് ആറളം വന്യജീവി സങ്കേതം. അതിനാൽ ഇവിടെ സ്ഥിരമായി മാവോയിസ്റ്റ് സാന്നിധ്യമുണ്ടാവാറുണ്ട്.

Advertising
Advertising

ഇതിന് മുമ്പ് സമീപ പ്രദേശമായ രാമച്ചിയിൽ അഞ്ചംഗ മാവോയിസ്റ്റ് സംഘം എത്തുകയും സണ്ണി എന്നായാളുടെ വീട്ടിലെത്തി ഭക്ഷണം കഴിക്കുകയും മൊബൈൽ ചാർജ് ചെയ്യുകയും ചെയ്തിരുന്നു. സംഭവം നടക്കുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് പൊലീസിന്റെ നേതൃത്വത്തിൽ ഹെലികോപ്റ്ററും ഡ്രോണും വരെ ഉപയോഗിച്ച് വലിയ രീതിയിലുള്ള പരിശോധന നടന്നിരുന്നു. എന്നാൽ ആരെയും കണ്ടെത്താൻ സാധിച്ചിരുന്നില്ല.

Full View

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News