സാഹിത്യരംഗത്തും തിളങ്ങിയ ഭരണതന്ത്രജ്ഞന്‍; സി.പി നായര്‍ക്ക് വിട ചൊല്ലി കേരളം

സബ് കലക്ടറില്‍ തുടങ്ങി ചീഫ് സെക്രട്ടറി വരെയുള്ള ഭരണകാലയളിവില്‍ കേരളത്തിന്‍റെ വികസനം ലക്ഷ്യം വെച്ചുള്ള ഒട്ടനവധി ഇടപെടലുകളാണ് സി.പി നായരില്‍ നിന്ന് ഉണ്ടായിട്ടുള്ളത്.

Update: 2021-10-01 08:03 GMT

ഭരണതന്ത്രജ്ഞൻ എന്നതിനൊപ്പം സാഹിത്യകാരൻ എന്ന നിലയിലും വ്യക്തിമുദ്രപതിപ്പിച്ചുള്ളയാണ് സി.പി നായര്‍. സബ് കലക്ടറില്‍ തുടങ്ങി ചീഫ് സെക്രട്ടറി വരെയുള്ള ഭരണകാലയളിവില്‍ കേരളത്തിന്‍റെ വികസനം ലക്ഷ്യം വെച്ചുള്ള ഒട്ടനവധി ഇടപെടലുകളാണ് സി.പി നായരില്‍ നിന്ന് ഉണ്ടായിട്ടുള്ളത്. നര്‍മ്മ സാഹിത്യ രംഗത്തും വിലപ്പെട്ട സംഭാവനകള്‍ നല്‍കിയാണ് സി.പി നായര്‍ വിട വാങ്ങിയത്.

ഹാസ്യ സാഹിത്യകാരനായിരുന്ന എന്‍.വി ചെല്ലപ്പന്‍നായരുടെ മകനായി 1940 ല്‍ മാവേലിക്കരയില്‍ ജനിച്ച സി.പി നായര്‍ അച്ഛന്‍റെ പാതക്കൊപ്പം ഭരണരംഗത്തും മികവും പ്രകടിപ്പിച്ചുണ്ട്. തിരുവനന്തപുരം യൂണിവേഴിസിറ്റി കോളജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബി.എ ഓണേഴ്സ് നേടിയ ശേഷം 1962 ലാണ് സിവില്‍ സര്‍വ്വീസ് രംഗത്തേക്ക് വരുന്നത്. ഒറ്റപ്പാലം സബ് കലക്ടർ, തിരുവനന്തപുരം ജില്ലാ കലക്ടർ, ആസൂത്രണവകുപ്പിൽ ഡെപ്യൂട്ടി സെക്രട്ടറി, ആഭ്യന്തരസെക്രട്ടറി എന്ന നിലകളില്‍ പ്രവര്‍ത്തിച്ച സിപി നായര്‍ 1982 -87 കാലഘട്ടത്തില്‍ മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരന്‍രെ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Advertising
Advertising

പിന്നീട് ചീഫ് സെക്രട്ടറായി 1998 ല്‍ സര്‍വ്വീസില്‍ നിന്ന് വിരമിച്ചു. ഭരണ പരിഷ്‌കാര കമ്മീഷന്‍ അംഗം, ദേവസ്വം കമ്മീഷണര്‍ എന്നീ പദവികള്‍ വഹിച്ചിട്ടു.സർവീസ് അനുഭവങ്ങളും ഹാസ്യകഥകളും ഉൾപ്പടെ നിരവധി പുസ്തകങ്ങളും സി.പി നായര്‍ രചിച്ചിട്ടുണ്ട്. ഇരുകാലിമൂട്ടകൾ, കുഞ്ഞൂഞ്ഞമ്മ അഥവാ കുഞ്ഞൂഞ്ഞമ്മ, പുഞ്ചിരി പൊട്ടിച്ചിരി, ലങ്കയിൽ ഒരു മാരുതി, ചിരി ദീർഘായുസിന്, എന്നിവയാണ് സി.പി നായരുടെ പ്രധാന കൃതികള്‍.

ഹാസ്യസാഹിത്യത്തിനുള്ള 1994-ലെ കേരളസാഹിത്യഅക്കാദമിപുരസ്കാരം സി.പി നായരുടെ ഇരുകാലിമൂട്ടകൾ എന്ന പുസ്തകത്തിനായിരുന്നു. ഇതിനിടയില്‍ കെ.ഇ.ആര്‍ പരിഷ്കരണ സമിതിയില്‍ അധ്യക്ഷനായും സി.പി നായര്‍ പ്രവര്‍ത്തിച്ചു. സര്‍വ്വീസില്‍ നിന്ന് വിരമിച്ച ശേഷം സിവില്‍ സര്‍വ്വീസിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന കുട്ടികള്‍ക്ക് വേണ്ടി ക്ലാസുകള്‍ എടുക്കാനും അദ്ദേഹം മുന്‍നിരയിലുണ്ടായിരുന്നു. കേരളത്തിലെ ഭരണമേഖയ്ക്കും സാഹിത്യമേഖലയ്ക്കും നികത്താനാവാത്ത നഷ്ടം വരുത്തിയാണ് സി.പി നായര്‍ വിടവാങ്ങിയത്.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News