'സ്തുതി പാഠകരുമായി ഇനി മുന്നോട്ട് പോകാനാകില്ല'; നേതൃത്വത്തിനെതിരെ വിമർശനവുമായി മുല്ലപ്പള്ളി

ആദർശവും ആശയ വ്യക്തതയുള്ള നേതാക്കളെയാണ് ആവശ്യമെന്നും തെരഞ്ഞെടുപ്പ് പരാജയത്തിൽ ഉപരിപ്ലവ ചർച്ചകളല്ല വേണ്ടതെന്നും അദ്ദേഹം പറഞ്ഞു

Update: 2022-03-13 15:22 GMT
Advertising

അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തോൽവി പ്രവർത്തകരെ നിരാശരാക്കിയെന്നും സ്തുതി പാഠകരെയുമായി കോൺഗ്രസിന്‌ ഇനിയും മുന്നോട്ട് പോകാനാകില്ലെന്നും മുൻ കെപിസിസി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ. ആദർശവും ആശയ വ്യക്തതയുള്ള നേതാക്കളെയാണ് ആവശ്യമെന്നും തെരഞ്ഞെടുപ്പ് പരാജയത്തിൽ ഉപരിപ്ലവ ചർച്ചകളല്ല വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. തികഞ്ഞ ചരിത്രബോധത്തോടെ വസ്തുതാപരമായി തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തണമെന്നും ആവശ്യപ്പെട്ടു. അഞ്ചു സംസ്ഥാനങ്ങളിൽ കോൺഗ്രസ് പരാജയപ്പെട്ട പശ്ചാത്തലത്തിലാണ് മുല്ലപ്പള്ളിയുടെ വിമർശനം.



അതേസമയം, സോണിയ ഗാന്ധിക്ക് പിന്തുണയുമായി നൂറുകണക്കിന് കോൺഗ്രസ് പ്രവർത്തകർ പാർട്ടി ആസ്ഥാനത്തെത്തി. എഐസിസി ആസ്ഥാനത്ത് സുരക്ഷ ശക്തമാക്കി. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തോൽവിയും നേതൃമാറ്റവും ചർച്ച ചെയ്യാൻ കോൺഗ്രസ് പ്രവർത്തക സമിതി യോഗം ചേരുകയാണ്. സെപ്തംബറിൽ നടത്താനിരുന്ന അധ്യക്ഷ തെരഞ്ഞെടുപ്പ് നേരത്തെയാക്കാൻ യോഗത്തിൽ ധാരണയാകുമെന്നാണ് വിവരം. അതേസമയം മുകുൾ വാസ്നിക്കിനെ അധ്യക്ഷനാക്കണമെന്ന് ജി 23 നേതാക്കൾ ആവശ്യപ്പെട്ടെന്നാണ് സൂചന. നിലവിൽ കോൺഗ്രസ് ജനറൽ സെക്രട്ടറിയാണ് മുകുൾ വാസ്‌നിക്. കേന്ദ്രമന്ത്രിയായി പ്രവർത്തിച്ചിട്ടുണ്ട്. ഇരുപത്തഞ്ചാം വയസിലാണ് വാസ്നിക് ആദ്യമായി എംപിയായത്. 2009-14 വരെ മഹാരാഷ്ട്രയിലെ രാംടെക് മണ്ഡലത്തെ പ്രതിനിധീകരിച്ചു. എൻ.എസ്.യുവിൻറെയും യൂത്ത് കോൺഗ്രസിൻറെയും ദേശീയ അധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്.

രാഹുൽ ഗാന്ധി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് മുതിർന്ന നേതാവ് അശോക് ഗെഹ്‍ലോട്ടും രംഗത്തെത്തി. കോൺഗ്രസിന്റെ ഐക്യത്തിൽ ഗാന്ധി കുടുംബത്തിന് വലിയ പങ്ക് വഹിക്കാനുണ്ടെന്ന് അശോക് ഗെഹ്‍ലോട്ട് പറഞ്ഞു. പഞ്ചാബിലെ തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണം ആഭ്യന്തര കലഹമാണ്. മതം പറഞ്ഞാണ് തെരഞ്ഞെടുപ്പിൽ ബിജെപി വോട്ട് ചോദിച്ചതെന്നും ഗെഹ്‍ലോട്ട് വിമര്‍ശിച്ചു. അതേസമയം യോഗത്തിൽ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് പങ്കെടുക്കുന്നില്ല. അനാരോഗ്യം മൂലമാണ് 89കാരനായ സിങ് പങ്കെടുക്കാത്തതെന്ന് എൻഡിടിവി റിപ്പോർട്ടു ചെയ്യുന്നു. കേരളത്തിൽ നിന്നുള്ള മുതിർന്ന നേതാവും മുൻ പ്രതിരോധ മന്ത്രിയുമായ എ കെ ആന്റണി അടക്കം മറ്റു മൂന്നു പേരും യോഗത്തിനില്ല. ആന്‍റണി കോവിഡ് ബാധിച്ച് ചികിത്സയിലാണ്. 57 മുതിർന്ന നേതാക്കളാണ് യോഗത്തിൽ പങ്കെടുക്കുന്നത്. ഇന്ന് രാവിലെ സോണിയാ ഗാന്ധിയുടെ വീട്ടിൽ നടന്ന യോഗത്തിലും മന്‍മോഹന്‍ സിങ് പങ്കെടുത്തിരുന്നില്ല. മല്ലികാർജ്ജുൻ ഖാർഗെ, ആനന്ദ് ശർമ്മ, കെ സുരേഷ്, ജയ്‌റാം രമേശ് തുടങ്ങിയ നേതാക്കൾ യോഗത്തിനെത്തിയിരുന്നു.



Former KPCC president Mullappally Ramachandran says Congress can not go ahead without criticism 

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

Similar News