ഏറ്റവും കൂടുതല്‍ വീടുകള്‍ നിര്‍മിച്ച് നല്‍കിയതിന് അവാര്‍ഡ് ലഭിച്ച മുന്‍ പഞ്ചായത്ത് പ്രസിഡന്‍റ് ജപ്തിഭീഷണിയില്‍

കുടുംബസ്വത്തായി ലഭിച്ച വീടും സ്ഥലവും പൊതുപ്രവർത്തനത്തിന്റെ ഭാഗമായുണ്ടായ ബാധ്യതകളാൽ നഷ്ടപ്പെട്ടു

Update: 2023-01-15 02:04 GMT

തിരുവനന്തപുരം: ഏത് നിമിഷവും ജപ്തി ചെയ്തേക്കാവുന്ന വീട്ടില്‍ ആശങ്കയോടെ കഴിയുകയാണ് ഒരു മുന്‍ പഞ്ചായത്ത് പ്രസിഡന്‍റ്. വായ്പാ അടവ് മുടങ്ങിയതോടെയാണ് തിരുവനന്തപുരം കുറ്റിച്ചല്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പരുത്തിപള്ളി ചന്ദ്രന് ബാങ്ക് അധികൃതര്‍ ജപ്തി നോട്ടീസ് നല്‍കിയത്.

15 വർഷം പഞ്ചായത്ത് ഭരണ സമിതികളിൽ അംഗവും അഞ്ചു വർഷം കുറ്റിച്ചല്‍ പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു പരുത്തിപള്ളി ചന്ദ്രൻ. ഇ.എം.എസ് ഭവന പദ്ധതിയിലൂടെ പഞ്ചായത്തിലെ 150ലേറെ പേർക്ക് വീടുകൾ നൽകിയപ്പോഴും ചന്ദ്രൻ താമസിച്ചത് വാടക വീട്ടില്‍. ജില്ലയിൽ കൂടുതൽ വീടുകൾ നിർമിച്ചു നൽകിയതിന് ജില്ലാപഞ്ചായത്ത് അവാർഡും ചന്ദ്രന് ലഭിച്ചിട്ടുണ്ട്. എന്തുകൊണ്ട് അന്നൊരു വീട് സ്വന്തമാക്കിയില്ലെന്ന ചോദ്യത്തിനും ചന്ദ്രന് ഉത്തരമുണ്ട്.

Advertising
Advertising

"എന്നേക്കാള്‍ താഴ്ന്ന അവസ്ഥയിലുള്ളവരുണ്ടല്ലോ. അതുകൊണ്ട് എനിക്കായി വീടിന് അപേക്ഷിച്ചില്ല. എടുത്ത നിലപാട് ശരിയാണെന്ന് ഇപ്പോഴും കരുതുന്നു"- ചന്ദ്രന്‍ പറഞ്ഞു.

കുടുംബസ്വത്തായി ലഭിച്ച വീടും സ്ഥലവും പൊതുപ്രവർത്തനത്തിന്റെ ഭാഗമായുണ്ടായ ബാധ്യതകളാല്‍ നഷ്ടപ്പെട്ടു. പിന്നീട് വാടക വീടുകളിലായി താമസം. പുതിയ വീടുവെക്കാൻ 2,70,000 രൂപ വായ്പ എടുത്തെങ്കിലും തിരിച്ചടവ് മുടങ്ങിയതോടെയാണ് ബാങ്ക് ജപ്തി നോട്ടീസ് നല്‍കിയത്. പണി ഇനിയും പൂര്‍ത്തിയാകാത്ത വീട്ടില്‍ ഭാര്യക്കും രണ്ട് മക്കള്‍ക്കുമൊപ്പമാണ് ചന്ദ്രന്റെ താമസം.

ജപ്തി നടപടികളില്‍ നിന്ന് ഒഴിവാക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ പ്രതീക്ഷിച്ചിരിക്കുകയാണ് കുടുംബം. സി.പി.എം കുറ്റിച്ചൽ ലോക്കൽ കമ്മിറ്റി അംഗമായ ചന്ദ്രൻ, 18 വർഷം കാട്ടാക്കട ഏരിയ കമ്മിറ്റി അംഗവും ലോക്കൽ സെക്രട്ടറിയുമായിരുന്നു.


Full View


Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News