പിഎം ശ്രീ: 'ഫണ്ടിന് വേണ്ടി കേരളത്തിലെ സ്കൂളുകളെ സംഘ്പരിവാറിന് തീറെഴുതി കൊടുക്കാൻ അനുവദിക്കില്ല';ഫ്രറ്റേണിറ്റി മൂവ്മെൻ്റ്
കുട്ടികൾക്ക് അവകാശപ്പെട്ട 1466 കോടി രൂപ വെറുതെ എന്തിനാ കളയുന്നത് എന്ന വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന രാഷ്ട്രീയ വങ്കത്തരം മാത്രമാണെന്നും വിമര്‍ശനം
കോഴിക്കോട്: കേന്ദ്ര സർക്കാറിൻ്റെ വിദ്യാഭ്യാസ പദ്ധതിയായ പി.എം ശ്രീയിൽ ചേരാനുള്ള സംസ്ഥാന വിദ്യാഭ്യാസ വകുപ്പിൻ്റെ തീരുമാനം വിദ്യാലയങ്ങളെ സംഘ്പരിവാർ വൽക്കരിക്കാനുള്ള ബിജെപിയുടെ അജണ്ടക്ക് തലവെച്ച് കൊടുക്കലാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻ്റ്.
പിഎം ശ്രീ പദ്ധതി പ്രകാരം ഫണ്ട് ലഭിക്കാനുള്ള ആദ്യ പടി എന്നത് ബിജെപി സർക്കാർ കൊണ്ട് വന്ന പുതിയ വിദ്യാഭ്യാസ നയം നടപ്പിലാക്കുമെന്ന എം.ഒ.യു ഒപ്പ് വെക്കലാണ്. നിലവിൽ വിദ്യാഭ്യാസ രംഗത്തെ കാവിവൽക്കരിക്കാനുള്ള പുതിയ വിദ്യാഭ്യാസ നയത്തെ നടപ്പിലാക്കാത്ത സംസ്ഥാനങ്ങളായ ബംഗാൾ, തമിഴ്നാട്, കേരള എന്നീ സംസ്ഥാനങ്ങൾക്കാണ് സമഗ്ര ശിക്ഷ അഭിയാൻ പ്രകാരം ലഭിക്കേണ്ട ഫണ്ട് പോലും കേന്ദ്ര സർക്കാർ തടഞ്ഞ് വെച്ചിരിക്കുന്നത്. ഇതിനെ നിയമപരമായി നേരിടുമെന്നും പിഎം ശ്രീയിൽ ഒപ്പ് വെച്ച് വിദ്യാഭ്യാസ നയത്തിൽ മാറ്റം വരുത്തുകയില്ലെന്നുമാണ് വിദ്യാഭ്യാസ മന്ത്രി വിളിച്ച് ചേർത്ത വിദ്യാർഥി സംഘടനകളുടെ മീറ്റിങ്ങിൽ ഉറപ്പ് നൽകിയത്. വിദ്യാർഥി സംഘടനാ മീറ്റിങ്ങിൽ പിഎം ശ്രീക്ക് അനുകൂലമായി വാദിച്ച ഒരേ ഒരു സംഘടന സംഘ്പരിവാർ സംഘടനയായ എബിവിപി മാത്രമായിരുന്നു. കേരളത്തിലെ വിദ്യാർഥികളുടെ പ്രതിനിധികളായി എബിവിപി യെ ആണോ മന്ത്രി ശിവൻകുട്ടി കാണുന്നതെന്ന് വ്യക്തമാക്കേണ്ടതുണ്ട്. ഗവർണറുടെ സംഘ്പരിവാർ നയങ്ങൾക്കെതിരെ കേരളത്തിലുടെ നീളം പ്രതിഷേധം സംഘടിപ്പിച്ച എസ്എഫ്ഐ വിദ്യാഭ്യാസ വകുപ്പിൻ്റെയും കേരള സർക്കാരിൻ്റെയും പ്രതൃക്ഷത്തിൽ തന്നെയുള്ള ഈ സംഘ്പരിവാർ വിധേയത്വത്തിന് മുമ്പിൽ കാണിക്കുന്ന ബോധപൂർവ്വമായ മൗനത്തെ കേരളത്തിലെ വിദ്യാർത്ഥി സമൂഹം തിരിച്ചറിയേണ്ടതുണ്ടെന്നും ഫ്രറ്റേണിറ്റി സംസ്ഥാന സെക്രട്ടറിയേറ്റ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
സംസ്ഥാനത്തിനും കേന്ദ്രത്തിനും ഒരു പോലെ അവകാശമുള്ള ഭരണഘടനയുടെ കോൺകറൻ്റ് ലിസ്റ്റിലുള്ള വിദ്യാഭ്യാസത്തിനെ കേന്ദ്രത്തിൻ്റെ അധികാര പരിധിയിലാക്കാനുള്ള ശ്രമങ്ങളാണ് ബി.ജെ.പി നിരന്തരം നടത്തിക്കൊണ്ടിരിക്കുന്നത്. അതിൻ്റെ ഭാഗമായാണ് വിദ്യാഭ്യാസ നയത്തെ അടിച്ചേൽപ്പിക്കാനുള്ളതിൻ്റെ ഭാഗമായി സംസ്ഥാനങ്ങൾക്ക് അവകാശപ്പെട്ട ഫണ്ടുകൾ തടഞ്ഞു വെക്കുന്നതും പിഎം ശ്രീയിൽ ഒപ്പിടാൻ നിർബന്ധിക്കുന്നതും. ഇതിന് വഴങ്ങി കൊടുക്കുന്നത് വഴി ഫെഡറൽ മൂല്യങ്ങൾക്ക് കടക്കൽ കത്തി വെക്കുന്ന പണി കൂടിയാണ് വിദ്യാഭ്യാസ വകുപ്പ് ചെയ്യുന്നത്.
കുട്ടികൾക്ക് അവകാശപ്പെട്ട 1466 കോടി രൂപ വെറുതെ എന്തിനാ കളയുന്നത് എന്ന വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന രാഷ്ട്രീയ വങ്കത്തരം മാത്രമാണെന്നും ഫ്രറ്റേണിറ്റി വിമര്‍ശിച്ചു. ഇങ്ങനെയാണേൽ കേന്ദ്രം 2000 കോടി രൂപ തരാമെന്ന് പറഞ്ഞാൽ സംസ്ഥാന സർക്കാർ പൗരത്വ ഭേദഗതി നിയമവും നടപ്പിലാക്കാൻ തയ്യാറാകുമോ? രാഷ്ട്രീയവും നയപരവുമായ തീരുമാനങ്ങളെ കേവലം ഫണ്ടിനെ മാത്രം അനുസരിച്ച് തീരുമാനിക്കുക എന്നത് വലത് പക്ഷ രീതിശാസ്ത്രമാണ്. തമിഴ്നാടിനും ബംഗാളിനുമില്ലാത്ത എന്ത് കുട്ടികളുടെ ഫണ്ടിൻ്റെ പ്രശ്നമാണ് കേരള സർക്കാരിനുള്ളത്. രാഷ്ട്രീയമായ ഇഛാ ശക്തിയുണ്ടെങ്കിൽ കേരളത്തിലെ പൊതു വിദ്യാലയങ്ങളുടെ വികസനത്തെ ജനകീയമായി തന്നെ ഏറ്റെടുക്കുന്ന പൊതു ജന ശക്തിയുള്ള ഇടമാണ് കേരളം. ഒരു ബ്ലോക്കിൽ രണ്ട് സ്കൂളുകൾ എന്ന നിരക്കിൽ കേരളത്തിലെ മുന്നൂറിൽപരം സ്കൂളുകളെ കേന്ദ്രത്തിൻ്റെ രാഷ്ട്രീയ പരീക്ഷണശാലയാക്കാൻ അനുവദിക്കുന്നത് നമ്മുടെ വിദ്യാഭ്യാസ സംവിധാനത്തെ ദൂരവ്യാപക പ്രത്യാഘാതങ്ങളിലേക്കാവും നയിക്കുക. പി.എം ശ്രീ വഴി വിദ്യാഭ്യാസ രംഗത്തെ സംഘ്പരിവാറിന് തീറെഴുതിക്കൊടുക്കുന്ന ഏർപ്പാടിൽ നിന്നും വിദ്യാഭ്യാസ വകുപ്പ് വിട്ടു നിൽക്കുകയും സംസ്ഥാന സർക്കാറിന് അവകാശപ്പെട്ട ഫണ്ട് തടഞ്ഞതിനെ നിയമപരമായി നേരിടുകയുമാണ് ചെയ്യേണ്ടത്. അല്ലാത്ത പക്ഷം കേരളത്തിലൂടെ നീളം വിദ്യാർഥി പ്രക്ഷോഭങ്ങളിലൂടെ ഈ സി പി എം - ബി.ജെ.പി അന്തർധാരയെ ചെറുത്തു തോൽപ്പിക്കുന്നതാണാണെന്നും ഫ്രറ്റേണിറ്റി വ്യക്തമാക്കി.