പിഎം ശ്രീ: ഫണ്ടിനായി കേരളത്തിലെ സ്കൂളുകളെ സംഘ്പരിവാറിന് തീറെഴുതാൻ അനുവദിക്കില്ല- ഫ്രറ്റേണിറ്റി മൂവ്മെൻ്റ്

'കേന്ദ്രം 2000 കോടി രൂപ തരാമെന്ന് പറഞ്ഞാൽ സംസ്ഥാന സർക്കാർ പൗരത്വ ഭേദഗതി നിയമവും നടപ്പിലാക്കുമോ?'

Update: 2025-10-20 09:39 GMT

Photo| Special Arrangement

കോഴിക്കോട്: കേന്ദ്ര സർക്കാരിൻ്റെ വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീയിൽ ചേരാനുള്ള സംസ്ഥാന വിദ്യാഭ്യാസ വകുപ്പിൻ്റെ തീരുമാനം വിദ്യാലയങ്ങളെ സംഘ്പരിവാർവത്കരിക്കാനുള്ള ബിജെപിയുടെ അജണ്ടയ്ക്ക് തലവെച്ച് കൊടുക്കലാണെന്നും വിദ്യാർഥി സംഘടനകൾക്ക് നൽകിയ ഉറപ്പിൻ്റെ ലംഘനമാണെന്നും ഫ്രറ്റേണിറ്റി മൂവ്മെൻ്റ്. പിഎം ശ്രീ പദ്ധതി പ്രകാരം ഫണ്ട് ലഭിക്കാനുള്ള ആദ്യ പടി എന്നത് ബിജെപി സർക്കാർ കൊണ്ടുവന്ന പുതിയ വിദ്യാഭ്യാസനയം നടപ്പിലാക്കുമെന്ന എംഒയു ഒപ്പ് വയ്ക്കലാണ്.

നിലവിൽ വിദ്യാഭ്യാസ രംഗത്തെ കാവിവത്കരിക്കാനുള്ള പുതിയ വിദ്യാഭ്യാസനയം നടപ്പിലാക്കാത്ത ബംഗാൾ, തമിഴ്നാട്, കേരള സംസ്ഥാനങ്ങൾക്കാണ് സമഗ്ര ശിക്ഷ അഭിയാൻ പ്രകാരം ലഭിക്കേണ്ട ഫണ്ട് പോലും കേന്ദ്രം തടഞ്ഞുവച്ചിരിക്കുന്നത്. ഇതിനെ നിയമപരമായി നേരിടുമെന്നും പിഎം ശ്രീയിൽ ഒപ്പുവച്ച് വിദ്യാഭ്യാസ നയത്തിൽ മാറ്റം വരുത്തില്ലെന്നുമാണ് വിദ്യാഭ്യാസ മന്ത്രി വിളിച്ചുചേർത്ത വിദ്യാർഥി സംഘടനകളുടെ യോ​ഗത്തിൽ ഉറപ്പ് നൽകിയത്. വിദ്യാർഥി സംഘടനാ യോ​ഗത്തിൽ പിഎം ശ്രീക്ക് അനുകൂലമായി വാദിച്ചത് സംഘ്പരിവാർ സംഘടനയായ എബിവിപി മാത്രമായിരുന്നു.

Advertising
Advertising

കേരളത്തിലെ വിദ്യാർഥികളുടെ പ്രതിനിധികളായി എബിവിപിയെ ആണോ മന്ത്രി ശിവൻകുട്ടി കാണുന്നതെന്ന് വിദ്യാർഥികളോട് വ്യക്തമാക്കണം. ഗവർണറുടെ സംഘ്പരിവാർ നയങ്ങൾക്കെതിരെ കേരളത്തിലുടനീളം പ്രതിഷേധിച്ച എസ്എഫ്ഐ വിദ്യാഭ്യാസ വകുപ്പിൻ്റെയും കേരള സർക്കാരിൻ്റേയും സംഘ്പരിവാർ വിധേയത്വത്തിന് മുമ്പിൽ കാണിക്കുന്ന ബോധപൂർവമായ മൗനത്തെ വിദ്യാർഥി സമൂഹം തിരിച്ചറിയണം.

സംസ്ഥാനത്തിനും കേന്ദ്രത്തിനും ഒരുപോലെ അവകാശമുള്ള ഭരണഘടനയുടെ കോൺകറൻ്റ് ലിസ്റ്റിലുള്ള വിദ്യാഭ്യാസത്തെ കേന്ദ്രത്തിൻ്റെ അധികാര പരിധിയിലാക്കാനുള്ള ശ്രമങ്ങളാണ് ബിജെപി നിരന്തരം നടത്തിക്കൊണ്ടിരിക്കുന്നത്. അതിൻ്റെ ഭാഗമായാണ് സംസ്ഥാനങ്ങൾക്ക് അവകാശപ്പെട്ട ഫണ്ടുകൾ തടഞ്ഞുവയ്ക്കുന്നതും പിഎം ശ്രീയിൽ ഒപ്പിടാൻ നിർബന്ധിക്കുന്നതും. ഇതിന് വഴങ്ങിക്കൊടുക്കുന്നത് വഴി ഫെഡറൽ മൂല്യങ്ങൾക്ക് കടക്കൽ കത്തിവയ്ക്കുന്ന പണി കൂടിയാണ് വിദ്യാഭ്യാസ വകുപ്പ് ചെയ്യുന്നത്.

കുട്ടികൾക്ക് അവകാശപ്പെട്ട 1466 കോടി രൂപ വെറുതെ എന്തിനാണ് കളയുന്നതെന്ന വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന രാഷ്ട്രീയ വങ്കത്തരം മാത്രമാണ്. ഇങ്ങനെയാണെങ്കിൽ കേന്ദ്രം 2000 കോടി രൂപ തരാമെന്ന് പറഞ്ഞാൽ സംസ്ഥാന സർക്കാർ പൗരത്വ ഭേദഗതി നിയമവും നടപ്പിലാക്കുമോ? രാഷ്ട്രീയവും നയപരവുമായ തീരുമാനങ്ങളെ കേവലം ഫണ്ടിനെ മാത്രം അനുസരിച്ച് തീരുമാനിക്കുക എന്നത് വലതുപക്ഷ രീതിശാസ്ത്രമാണ്. തമിഴ്നാടിനും ബംഗാളിനുമില്ലാത്ത എന്ത് കുട്ടികളുടെ ഫണ്ടിൻ്റെ പ്രശ്നമാണ് കേരള സർക്കാരിനുള്ളത്.

രാഷ്ട്രീയ ഇഛാശക്തിയുണ്ടെങ്കിൽ കേരളത്തിലെ പൊതുവിദ്യാലയങ്ങളുടെ വികസനത്തെ ജനകീയമായി തന്നെ ഏറ്റെടുക്കുന്ന പൊതുജന ശക്തിയുള്ള ഇടമാണ് കേരളം. ഒരു ബ്ലോക്കിൽ രണ്ട് സ്കൂളുകൾ എന്ന നിരക്കിൽ കേരളത്തിലെ മുന്നൂറിൽപരം സ്കൂളുകളെ കേന്ദ്രത്തിൻ്റെ രാഷ്ട്രീയ പരീക്ഷണശാലയാക്കാൻ അനുവദിക്കുന്നത് നമ്മുടെ വിദ്യാഭ്യാസ സംവിധാനത്തെ ദൂരവ്യാപക പ്രത്യാഘാതങ്ങളിലേക്കാവും നയിക്കുക. പിഎം ശ്രീ വഴി വിദ്യാഭ്യാസ രംഗത്തെ സംഘ്പരിവാറിന് തീറെഴുതിക്കൊടുക്കുന്ന ഏർപ്പാടിൽ നിന്നും വിദ്യാഭ്യാസ വകുപ്പ് വിട്ടുനിൽക്കുകയും സംസ്ഥാന സർക്കാരിന് അവകാശപ്പെട്ട ഫണ്ട് തടഞ്ഞതിനെ നിയമപരമായി നേരിടുകയുമാണ് വേണ്ടത്. അല്ലാത്ത പക്ഷം കേരളത്തിലൂടനീളം വിദ്യാർഥി പ്രക്ഷോഭങ്ങളിലൂടെ സിപിഎം- ബിജെപി അന്തർധാരയെ ചെറുത്തു തോൽപ്പിക്കുമെന്നും ഫ്രറ്റേണിറ്റി സംസ്ഥാന സെക്രട്ടറിയേറ്റ് വ്യക്തമാക്കി.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News