'പിഎം ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാർ ഒപ്പിടരുത്'; പ്രക്ഷോഭത്തിനൊരുങ്ങി ഫ്രറ്റേണിറ്റി മൂവ്മെൻ്റ്

ഒക്ടോബർ 25ന് രാവിലെ സെക്രട്ടറിയേറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തും.

Update: 2025-10-22 15:06 GMT

Photo| Special Arrangement

കോഴിക്കോട്: കേന്ദ്ര സർക്കാരിൻ്റെ വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീയിൽ ചേരാനുള്ള സംസ്ഥാന വിദ്യാഭ്യാസ വകുപ്പിൻ്റെ തീരുമാനം വിദ്യാലയങ്ങളെ സംഘ്പരിവാർവത്ക്കരിക്കാനുള്ള ബിജെപിയുടെ അജണ്ടയ്ക്ക് തലവച്ച് കൊടുക്കലാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻ്റ്. സംസ്ഥാനങ്ങൾക്ക് അവകാശപ്പെട്ട ഫണ്ടുകൾ പോലും തടഞ്ഞുവച്ച് ഫെഡറലിസത്തെ തകർക്കുന്ന കേന്ദ്ര നയങ്ങൾക്കെതിരെയും പിഎം ശ്രീ പദ്ധതിയിൽ ഒപ്പിടാനുള്ള സംസ്ഥാന സർക്കാർ നീക്കത്തിനെതിരെയും ഫ്രറ്റേണിറ്റി സംസ്ഥാന വ്യാപക പ്രതിഷേധങ്ങൾ സംഘടിപ്പിക്കും.

ഒക്ടോബർ 25ന് രാവിലെ സംസ്ഥാന കമ്മിറ്റി സെക്രട്ടറിയേറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തും. ജില്ലകളിൽ കേന്ദ്ര സർക്കാർ ഓഫീസ്, കലക്ടറേറ്റ്, വിദ്യാഭ്യാസ വകുപ്പ് ഓഫീസുകൾ എന്നിവിടങ്ങളിലേക്ക് പ്രതിഷേധ മാർച്ചുകൾ, മണ്ഡലതല പ്രതിഷേധങ്ങൾ, കാമ്പസ്- സ്കൂൾ യൂണിറ്റുകളിൽ പ്രതിഷേധങ്ങൾ, ഒപ്പ് ശേഖരണം അടക്കമുള്ള പരിപാടികൾ സംഘടിപ്പിക്കുമെന്നും നേതാക്കൾ അറിയിച്ചു.

Advertising
Advertising

പിഎം ശ്രീയിൽ ഒപ്പിടാനുള്ള നീക്കം വിദ്യാർഥി സംഘടനകൾക്ക് മന്ത്രി നൽകിയ ഉറപ്പിൻ്റെ ലംഘനം കൂടിയാണ്. പദ്ധതി പ്രകാരം ഫണ്ട് ലഭിക്കാനുള്ള ആദ്യ പടി ബിജെപി സർക്കാർ കൊണ്ടുവന്ന പുതിയ വിദ്യാഭ്യാസനയം നടപ്പിലാക്കുമെന്ന എംഒയു ഒപ്പുവയ്ക്കലാണ്. വിദ്യാഭ്യാസ രംഗത്തെ ഹിന്ദുത്വവത്ക്കരിക്കാനുള്ള പുതിയ വിദ്യാഭ്യാസനയം നടപ്പിലാക്കാത്ത സംസ്ഥാനങ്ങളായ ബംഗാൾ, തമിഴ്നാട്, കേരളം എന്നിവയ്ക്ക് സമഗ്ര ശിക്ഷ അഭിയാൻ പ്രകാരം ലഭിക്കേണ്ട ഫണ്ട് പോലും കേന്ദ്രം തടഞ്ഞുവച്ചിരിക്കുകയാണ്.

സംസ്ഥാനത്തിനും കേന്ദ്രത്തിനും ഒരുപോലെ അവകാശമുള്ള ഭരണഘടനയുടെ കൺകറൻ്റ് ലിസ്റ്റിലുള്ള വിദ്യാഭ്യാസത്തെ കേന്ദ്രത്തിൻ്റെ അധികാര പരിധിയിലാക്കാനുള്ള ശ്രമങ്ങളാണ് ബിജെപി നിരന്തരം നടത്തിക്കൊണ്ടിരിക്കുന്നത്. അതിനോടനുബന്ധിച്ചാണ് വിദ്യാഭ്യാസ നയത്തെ അടിച്ചേൽപ്പിക്കാനായി സംസ്ഥാനങ്ങൾക്ക് അവകാശപ്പെട്ട ഫണ്ടുകൾ തടഞ്ഞുവയ്ക്കുന്നതും പിഎം ശ്രീയിൽ ഒപ്പിടാൻ നിർബന്ധിക്കുന്നതും. ഇതിന് വഴങ്ങിക്കൊടുക്കുന്നത് വഴി ഫെഡറൽ മൂല്യങ്ങൾക്ക് കടക്കൽ കത്തിവയ്ക്കുന്ന പണി കൂടിയാണ് വിദ്യാഭ്യാസ വകുപ്പ് ചെയ്യുന്നത്. പിഎം ശ്രീയിൽ ഒപ്പുവച്ചില്ലെങ്കിൽ മറ്റ് വിദ്യാഭ്യാസ ഫണ്ടുകളും തരില്ലെന്ന കേന്ദ്ര തിട്ടൂരത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടുകയാണ് സംസ്ഥാനം ചെയ്യേണ്ടത്.

കുട്ടികൾക്ക് അവകാശപ്പെട്ട 1466 കോടി പിഎം ശ്രീയിൽ ഒപ്പുവയ്ക്കാതെ വെറുതെ എന്തിനാണ് കളയുന്നത് എന്ന വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന രാഷ്ട്രീയ വങ്കത്തരം മാത്രമാണ്. ഇങ്ങനെയാണെങ്കിൽ കേന്ദ്രം 2000 കോടി തരാമെന്ന് പറഞ്ഞാൽ സംസ്ഥാന സർക്കാർ പൗരത്വ ഭേദഗതി നിയമവും നടപ്പിലാക്കാൻ തയ്യാറാകുമോ? ഒരു ബ്ലോക്കിൽ രണ്ട് സ്കൂളുകൾ എന്ന നിരക്കിൽ കേരളത്തിലെ മുന്നൂറിൽപരം സ്കൂളുകളെ കേന്ദ്രത്തിൻ്റെ രാഷ്ട്രീയ പരീക്ഷണശാലകളാക്കാൻ അനുവദിക്കുന്നത് നമ്മുടെ വിദ്യാഭ്യാസ സംവിധാനത്തെ ദൂരവ്യാപക പ്രത്യാഘാതങ്ങളിലേക്കാണ് നയിക്കുക. പിഎം ശ്രീ വഴി വിദ്യാഭ്യാസ രംഗത്തെ സംഘ്പരിവാറിന് തീറെഴുതിക്കൊടുക്കുന്ന ഏർപ്പാടിൽ നിന്നും വിദ്യാഭ്യാസ വകുപ്പ് വിട്ടുനിൽക്കുകയും സംസ്ഥാനത്തിന് അവകാശപ്പെട്ട ഫണ്ട് തടയുന്നതിനെ നിയമപരമായി നേരിടുയും ചെയ്യണം.

ഗവർണറുടെ സംഘ്പരിവാർ നയങ്ങൾക്കെതിരെ കേരളത്തിലുടനീളം പ്രതിഷേധങ്ങൾ സംഘടിപ്പിക്കാറുള്ള എസ്എഫ്ഐ, വിദ്യാഭ്യാസ വകുപ്പിൻ്റെയും കേരള സർക്കാരിൻ്റെയും സംഘ്പരിവാർ വിധേയത്വത്തിന് മുന്നിൽ കാണിക്കുന്ന ബോധപൂർവമായ മൗനത്തെ കേരളത്തിലെ വിദ്യാർഥി സമൂഹം തിരിച്ചറിയണമെന്നും ഫ്രറ്റേണിറ്റി മൂവ്മെൻ്റ് നേതാക്കൾ ചൂണ്ടിക്കാട്ടി.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News