ജൂണ്‍ 27ന് സംസ്ഥാനത്ത് വിദ്യാഭ്യാസ ബന്ദ്; പ്രഖ്യാപനവുമായി ഫ്രറ്റേണിറ്റി മൂവ്മെന്റ്

മലബാര്‍ ജില്ലകളിലെ ഹയര്‍സെക്കഡറി പ്രവേശനവുമായി ബന്ധപ്പെട്ട സീറ്റ് അപര്യാപ്ത പരിഹരിക്കാത്തതിലും ഉന്നത വിദ്യാഭ്യാസ രംഗത്തെ ഇടത്-എസ്.എഫ്.ഐ അട്ടിമറികളിലും പ്രതിഷേധിച്ചാണ് ബന്ദ് നടത്തുന്നത്.

Update: 2023-06-22 13:52 GMT
Editor : anjala | By : Web Desk

ഫ്രറ്റേണിറ്റി മൂവ്മെന്റ്

Advertising

കൊച്ചി: ജൂണ്‍ 27ന് സംസ്ഥാനത്ത് വിദ്യാഭ്യാസ ബന്ദ് ആഹ്വാനം ചെയ്ത് ഫ്രറ്റേണിറ്റി മൂവ്മെന്റ്. മലബാര്‍ ജില്ലകളിലെ ഹയര്‍സെക്കഡറി പ്രവേശനവുമായി ബന്ധപ്പെട്ട സീറ്റ് അപര്യാപ്ത പരിഹരിക്കാത്തതിലും ഉന്നത വിദ്യാഭ്യാസ രംഗത്തെ ഇടത്-എസ്.എഫ്.ഐ അട്ടിമറികളിലും പ്രതിഷേധിച്ചാണ് ബന്ദ് നടത്തുന്നത്. എറണാകുളം പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് കെ.എം ഷെഫ്‌റിന്‍ ആണ് പ്രഖ്യാപനം നടത്തിയത്.

പ്ലസ് വണ്‍ പ്രവേശനവുമായി ബന്ധപ്പെട്ട ആദ്യ ഘട്ട അലോട്ട്‌മെന്റ് പുറത്തുവന്നപ്പോള്‍ ഫുള്‍ എ പ്ലസ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് പോലും സീറ്റ് ലഭിച്ചില്ല. ഇത് മലബാര്‍ മേഖലയിലെ വിദ്യാഭ്യാസ വിവേചന ഭീകരതയുടെ ആഴം സൂചിപ്പിക്കുന്നു. 30% മാര്‍ജിനല്‍ സീറ്റ് വര്‍ധന മാത്രം നടത്തി മലബാറിലെ വിദ്യാര്‍ത്ഥികളെ കഴിഞ്ഞ വര്‍ഷങ്ങളിലെ പോലെ ഓപ്പണ്‍ സ്‌കൂളിലേക്ക് തള്ളിവിടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഓപ്പണ്‍ സ്‌കൂളിനെ ആശ്രയിച്ച 38,726 പേരില്‍ 31,505 പേരും മലബാറില്‍നിന്നുള്ള വിദ്യാര്‍ത്ഥികളാണ്. അതില്‍ 15,988 പേരും മലപ്പുറത്തുനിന്നുള്ളവരാണെന്നും ഷെഫ്‌റിന്‍ ചൂണ്ടിക്കാട്ടി.

പ്ലസ് വണ്‍ ആദ്യ അലോട്ട്മെന്റില്‍ മലപ്പുറം ജില്ലയില്‍ മാത്രം 46,133 വിദ്യാര്‍ത്ഥികള്‍ക്കാണ് സീറ്റ് ലഭിക്കാതിരുന്നത്. ഈ വിവേചനത്തിന്റെ കണക്കുകള്‍ മുന്നിലുള്ളപ്പോഴാണ് അലോട്ട്‌മെന്റ് കഴിയുമ്പോഴേക്കും കഴിഞ്ഞ വര്‍ഷത്തെപ്പോലെ ഈ വര്‍ഷവും എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സീറ്റ് ലഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ആവര്‍ത്തിച്ചുപറയുന്നത്. മലബാര്‍ ജില്ലകളിലെ വിവേചനത്തെ പരിഹരിക്കാന്‍ മതിയായ രീതിയില്‍ പുതിയ ബാച്ചുകള്‍ അനുവദിക്കണമെന്ന കാര്‍ത്തികേയന്‍ കമ്മീഷന്റെ ശുപാര്‍ശയെ അവഗണിച്ചും റിപ്പോര്‍ട്ടിനെ തന്നെ പൂഴ്ത്തിവച്ചും വിദ്യാഭ്യാസ അവകാശത്തെക്കുറിച്ച് സംസാരിക്കുന്നവരെ അധിക്ഷേപിച്ചും മലബാര്‍ മേഖലയിലെ വിദ്യാര്‍ത്ഥികളെ വഞ്ചിക്കുകയാണ് ഇടത് പക്ഷം ചെയ്യുന്നതെന്നും നേതാക്കള്‍ ആരോപിച്ചു.

''കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ തകര്‍ക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നത് എസ്.എഫ്.ഐയുടെയും ഇടതുപക്ഷ അധ്യാപക-അനധ്യാപക സംഘടനകളുടെയും നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന മാഫിയകളാണ്. കാലങ്ങളായി നടന്നുകൊണ്ടിരിക്കുന്ന ഈ വിദ്യാഭ്യാസ അട്ടിമറികളുടെ ചുരുക്കം ചില ഉദാഹരണങ്ങള്‍ മാത്രമാണ് ഇപ്പോള്‍ പുറത്തുവന്ന് കൊണ്ടിരിക്കുന്ന എസ്.എഫ്.ഐ നേതാക്കളായിരുന്ന കെ. വിദ്യയുടെയും നിഖില്‍ തോമസിന്റെയും വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദങ്ങള്‍ പറഞ്ഞു.

സംവരണ അട്ടിമറിയും അനധികൃത അഡ്മിഷനും കേവലം വ്യക്തികള്‍ മാത്രം വിചാരിച്ചാല്‍ നടക്കുന്നതല്ല. ഇതിന് പിന്നില്‍ ഇടതുപക്ഷ അധ്യാപക-അനധ്യാപക സംഘടനകളുടെ കൃത്യമായ പിന്തുണയും രാഷ്ട്രീയ ഗൂഢാലോചനയും നടന്നിട്ടുണ്ട്. ഇതിന് പിന്നില്‍ ഗൂഢാലോചന നടത്തിയ മുഴുവന്‍ പേരെയും അന്വേഷിച്ച് കണ്ടെത്താന്‍ പൊലീസ് തയ്യാറാകേണ്ടതുണ്ട്. കെ. വിദ്യ കാലടി സര്‍വകലാശാലയില്‍ പി.എച്ച്.ഡി അഡ്മിഷന്‍ നേടിയത് സംവരണം അട്ടിമറിച്ചാണെന്ന സര്‍വകലാശാലയുടെ എസ്.സി-എസ്.ടി സെല്‍ റിപ്പോര്‍ട്ട് യൂനിവേഴ്‌സിറ്റി തലത്തില്‍ ഇടതുപക്ഷ അധ്യാപക സംഘടനകളായ എ.കെ.ജി.സി.ടിഎ, എ.കെ.പി.സി.ടി.എ എന്നിവയുടെ നേതൃത്വത്തില്‍ സംവരണവിരുദ്ധ മാഫിയ നിലനില്‍ക്കുന്നുവെന്ന ആരോപണത്തെ ശരിവയ്ക്കുന്നതാണ്.''

സി.പി.എമ്മിന് തല്‍പരരായ ഉദ്യോഗാര്‍ത്ഥികളെ കയറ്റാന്‍ കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയിലെ സംവരണക്രമത്തെ അട്ടിമറിച്ചുവെന്ന പരാതി ഉയര്‍ന്നുവന്നതും ഇതുമായി കൂട്ടിച്ചേര്‍ക്കാമെന്ന് ഷെഫ്റിന്‍ പറഞ്ഞു. സംവരണ അട്ടിമറി കാരണം അവസരം നഷ്ടപ്പെട്ട ഡോ. അനുപമക്ക് അനുകൂലമായി ഹൈക്കോടതി വിധിച്ചിരുന്നു. ഇതിനെതിരെ സര്‍വകലാശാല സുപ്രിംകോടതിയെ സമീപിച്ചെങ്കിലും കഴിഞ്ഞ വര്‍ഷം നടത്തിയ 59 അസിസ്റ്റന്റ് പ്രൊഫസര്‍മാരില്‍ 29 പേരെ ഊഴംതെറ്റിയാണ് നിയമിച്ചതെന്ന പരാതിക്കാരുടെ വാദത്തെ സുപ്രിംകോടതി ശരിവച്ചിരുന്നു. സുപ്രിംകോടതി ആവശ്യപ്പെട്ടിട്ടും അവസരം നഷ്ടപ്പെട്ട ഉദ്യോഗാര്‍ത്ഥികളെ തിരിച്ചെടുക്കാന്‍ സര്‍വകലാശാല ഇതുവരെയും തയാറായിട്ടില്ലെന്നും ഷെഫ്റിന്‍ കൂട്ടിച്ചേര്‍ത്തു.

സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി തഷ്‌രീഫ്, സെക്രട്ടറി സബീല്‍ ചെമ്പ്രശ്ശേരി, ജില്ല ജനറല്‍ സെക്രട്ടറി അംജദ് എടത്തല, സെക്രട്ടറി പി. മന്ന എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Tags:    

Writer - anjala

Sub Editor

Editor - anjala

Sub Editor

By - Web Desk

contributor

Similar News