ക്ലബിന്റെ ഇംഗ്ലീഷ് അർത്ഥം പഠിപ്പിക്കും മുമ്പ് ഇടവേള ബാബു അതിജീവിതക്ക് ഉത്തരം പറയണം: ഗണേഷ്‌കുമാർ

സംഘടനയെ സ്വകാര്യവത്കരിക്കുന്നതിനെതിരെ കത്ത് നൽകുമെന്നു ഗണേഷ്‌കുമാർ

Update: 2022-06-29 10:46 GMT
Advertising

താനാണ് അമ്മയെ ചാരിറ്റബിൾ സൊസൈറ്റിയായി രജിസ്റ്റർ ചെയ്തതെന്നും സംഘടനക്ക് അവമതിപ്പുണ്ടാക്കുന്നത് താനാണോ സെക്രട്ടറി ഇടവേള ബാബുവാണോ എന്ന് പരിശോധിക്കണമെന്നും നടനും എംഎൽഎയുമായ കെ.ബി ഗണേഷ്‌കുമാർ. താരസംഘടനയായ 'അമ്മ' ക്ലബ്ബ് തന്നെയാണെന്ന് ആവർത്തിച്ച് സെക്രട്ടറി ഇടവേള ബാബു രംഗത്ത് വന്നതിനെ തുടർന്നാണ് നടന്റെ പ്രതികരണം. ഇടവേള ബാബുവിനോട് താൻ ചോദിച്ച ചോദ്യത്തിന് ഒന്നിനും ഉത്തരം കിട്ടിയിട്ടില്ലെന്നും അമ്മ ക്ലബ്ബാണെന്ന പ്രസ്താവനയിൽ ഇടവേള ബാബു ഉറച്ച് നിൽക്കുന്നത് എന്തിനാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ചോദിച്ചു. സംഘടനയെ സ്വകാര്യവത്കരിക്കുന്നതിനെതിരെ കത്ത് നൽകുമെന്നും ഗണേഷ്‌കുമാർ വ്യക്തമാക്കി. ഇടവേള ബാബുവിനോടുള്ള ചോദ്യം നിർത്തിയെന്നും അദ്ദേഹം തന്നെയൊന്നും പഠിപ്പിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.

'ക്ലബിന്റെ ഇംഗ്ലീഷ് അർത്ഥം പഠിപ്പിക്കും മുമ്പ് ഇടവേള ബാബു അതിജീവിതക്ക് ഉത്തരം പറയണം. ബാബുവിന്റെ അത്ര ഭാഷാ പരിജ്ഞാനം എനിക്കില്ല. ഞാൻ സാധാരണക്കാരനാണ്. ബാബുവിന്റെ പോലെ ഇംഗ്ലീഷ് പ്രഫസറൊന്നുമല്ല. ഫേസ്ബുക്ക് ഉപയോഗിക്കാത്ത എനിക്ക് കത്ത് അയച്ച് തന്നത് കൊണ്ടാണ് മറുപടി പറയുന്നത്' ഗണേഷ് കുമാർ പറഞ്ഞു. ദിലീപ്‌ രാജിവെച്ചത് പോലെ വിജയ് ബാബു രാജിവെക്കണമെന്നാണ് താൻ ആവശ്യപ്പെട്ടതെന്നും ആനുകൂല്യം പറ്റിയിട്ടാണ് അമ്മ ഭാരവാഹികൾ പ്രതി വിജയ്ബാബുവിനെ പിന്തുണക്കുന്നതെന്നാണ് അതിജീവിത കുറ്റപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു. ബാബു ഇതിന് മറുപടി പറയണമെന്നും ഗണേഷ് കുമാർ ആവശ്യപ്പെട്ടു.

ദീലീപ് സ്വയം രാജിവെച്ചാണെങ്കിൽ അതുപോലെയും മോഹൻലാൽ രാജി ആവശ്യപ്പെട്ടതാണെങ്കിൽ അതുപോലെയും വിജയ് ബാബുവിന്റെ കേസിലും നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി. കോടിയേരി ബിനീഷിന്റെ കേസിൽ മയക്കുമരുന്ന് വകുപ്പ് ചുമത്തിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തന്റെ മണ്ഡലത്തിലെ പാവങ്ങൾക്ക് പലരും സഹായിച്ച് വീട് വെച്ച് കൊടുത്തിട്ടുണ്ടെന്നും അമ്മ മുഖേനെ രണ്ട് പേർ വീട് കിട്ടിയിട്ടുണ്ടെന്നും അവ ഉപയോഗിച്ച് വോട്ട് പിടിച്ചിട്ടില്ലെന്നും ഗണേഷ് കുമാർ പറഞ്ഞു. നടൻ ഷമ്മി തിലകന്റെ ആരോപണത്തിന് മറുപടി പറയവേയാണ് നടൻ ഇക്കാര്യം വ്യക്തമാക്കിയത്.

ലയൺസ് ക്ലബ്ബ്, റോട്ടറി ക്ലബ് തുടങ്ങിയ പ്രസ്ഥാനങ്ങളെ വില കുറച്ചല്ല കാണുന്നതെന്നും 'അമ്മ' ക്ലബ്ബിന്റെ നിലവാരത്തിലേക്ക് താഴരുതെന്ന് ഗണേഷ് കുമാർ പറഞ്ഞത് എന്തുകൊണ്ടാണെന്ന് മനസ്സിലായില്ലെന്നുമാണ് ഇടവേള ബാബു പറഞ്ഞിരുന്നത്. കോടതി മുൻകൂർ ജാമ്യം അനുവദിച്ച ആൾക്കെതിരെ എന്ത് നടപടിയാണ് എടുക്കേണ്ടത്. ബിനീഷ് കോടിയേരിക്കെതിരെ കേസ് വന്നപ്പോൾ നടപടിയെടുക്കരുതെന്ന് പറഞ്ഞവരിൽ ഗണേഷുമുണ്ട്. പിന്നെ എന്താണ് ഇപ്പോൾ ഇരട്ട നീതിയെന്നും ഇടവേള ബാബു ചോദിച്ചു. സംഘടനക്കൊപ്പം നിന്ന ഗണേഷിന്റെ ഇപ്പോഴത്തെ നിലപാട് സംഘടനക്ക് അവമതിപ്പുണ്ടാക്കുമെന്നും ഇടവേള ബാബു പറഞ്ഞിരുന്നു. അമ്മയുടെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു പ്രതികരണം.


Full View

Ganesh Kumar again against Idavela Babu

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News