കോതമംഗലത്ത് സ്കൂളിൽ നിന്ന് കഞ്ചാവ് പിടിച്ചു
സെക്യൂരിറ്റി ജീവനക്കാരന്റെ മുറിയിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്.
കോതമംഗലം: സ്വകാര്യ സ്കൂളിൽ നിന്ന് കഞ്ചാവുമായി യുവാക്കൾ പിടിയിൽ. വാടാട്ടുപാറ സ്വദേശികളായ അഞ്ച് പേരെയാണ് എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തത്. ഇവിടുത്തെ ഗ്രീന്‍വാലി പബ്ലിക് സ്‌കൂളിൽ സെക്യൂരിറ്റി ജീവനക്കാരന്റെ മുറിയിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്.
എക്സൈസ് സംഘത്തെ കണ്ടയുടനെ സെക്യൂരിറ്റി ജീവനക്കാരൻ ഉൾപ്പെടെ മൂന്നു പേർ ഓടി രക്ഷപ്പെട്ടു. സെക്യൂരിറ്റി ജീവനക്കാരന്‍ പാലാ സ്വദേശി സാജു, ബിജു, നെല്ലിക്കുഴി സ്വദേശി യാസീന്‍ എന്നിവരാണ് ഓടി രക്ഷപെട്ടത്.
എന്നാൽ ഇതുമായി ബന്ധപ്പെട്ട മറ്റ് അഞ്ച് പേരെ പിടികൂടുകയായിരുന്നു. വടാട്ടുപാറ സ്വദേശികളായ ഷെഫീഖ്, അശാന്ത്, ആഷിഖ്, മുനീര്‍, കുഞ്ഞുകുഴി സ്വദേശി ഹരികൃഷ്ണന്‍ എന്നിവരാണ് എക്‌സൈസിന്റെ പിടിയിലായത്.
കോതമംഗലം എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തുകയായിരുന്നു. പരിശോധനയ്ക്കിടെയാണ് സെക്യൂരിറ്റിക്കാരനും മറ്റ് രണ്ട് പേരും ഓടിരക്ഷപെട്ടത്.
തുടർന്ന്, യാസീന്‍ ഉപേക്ഷിച്ചു പോയ ബൈക്കില്‍ നടത്തിയ പരിശോധനയില്‍ കഞ്ചാവ് കണ്ടെത്തി. തുടര്‍ന്ന് സെക്യൂരിറ്റി ജീവനക്കാരനായ സാജുവിന്റെ മുറി തുറന്ന് നടത്തിയ പരിശോധനയില്‍ ഇവിടെ വില്‍പനയ്ക്ക് സൂക്ഷിച്ചിരുന്ന കഞ്ചാവ് പൊതികളും കണ്ടെത്തുകയായിരുന്നു.
വര്‍ഷങ്ങളായി സ്‌കൂളില്‍ സെക്യൂരിറ്റി ജോലി ചെയ്യുന്ന സാജു വന്‍ തോതില്‍ കഞ്ചാവ് വാങ്ങി വില്‍പന നടത്തുന്നയാളാണെന്നാണ് എക്‌സൈസിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.
പിടിയിലായവരെ ചോദ്യം ചെയ്ത് ഓടിപ്പോയവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. അതേസമയം, പിടിച്ചെടുത്ത കഞ്ചാവിന്റെ അളവ് എത്രയെന്ന കാര്യം എക്‌സൈസ് പുറത്തുവിട്ടിട്ടില്ല.