ഗവര്‍ണറുടേത് ആര്‍.എസ്.എസ്- ബി.ജെ.പി നിലപാടെന്ന് എം.വി ​ഗോവിന്ദൻ; അദ്ദേഹവും ​പ്രതിപക്ഷവും തമ്മിൽ ഒത്തുകളി

മുഖ്യമന്ത്രിയും മന്ത്രിസഭയും എടുക്കുന്ന നിലപാടുകളെ അടിസ്ഥാനപ്പെടുത്തിയാണ് ഗവര്‍ണറുടെ പ്രീതി നിര്‍വചിക്കപ്പെടുന്നത്.

Update: 2022-10-26 12:48 GMT
Advertising

തിരുവനന്തപുരം: ധനമന്ത്രിയെ പുറത്താക്കണമെന്നതുൾപ്പെടെയുള്ള ​ഗവർണറുടെ ഇപ്പോഴത്തെ നീക്കങ്ങളെല്ലാം ആര്‍.എസ്.എസ്- ബി.ജെ.പി നിലപാടുകളെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദൻ. ​ഗവർണറുടെ കത്തിന് മുഖ്യമന്ത്രി കൃത്യമായ മറുപടി നല്‍കിയിട്ടുണ്ട്. ഗവര്‍ണറുടെ വ്യക്തിപരമായ പ്രീതിയല്ല ഭരണഘടനാപരമായി പ്രീതി എന്നത്. സുപ്രിംകോടതി തന്നെ പ്രീതി എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് കൃത്യമായി വിശദീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

മുഖ്യമന്ത്രിയും മന്ത്രിസഭയും എടുക്കുന്ന നിലപാടുകളെ അടിസ്ഥാനപ്പെടുത്തിയാണ് ഗവര്‍ണറുടെ പ്രീതി നിര്‍വചിക്കപ്പെടുന്നത്. മുഖ്യമന്ത്രിക്ക് മന്ത്രിയില്‍ വിശ്വാസം ഉണ്ട്. കത്തില്‍ ചൂണ്ടിക്കാട്ടിയ കാര്യങ്ങളെ അടിസ്ഥാനപ്പെടുത്തി അദ്ദേഹം വ്യക്തമായി മറുപടി നൽകിയിട്ടുണ്ട്. 

ഗവര്‍ണര്‍ കുറെ ആഴ്ചകളായി എടുത്തുകൊണ്ടിരിക്കുന്ന എല്ലാം നിലപാടുകളും ആര്‍.എസ്.എസ് ബിജെപി സമീപനങ്ങളാണ്. കേരളത്തില്‍ എങ്ങനെ ബി.ജെ.പിക്ക് അനുകൂല നിലപാട് സ്വീകരിക്കാം എന്നതിന്റെ ഭാഗമായാണ് അദ്ദേഹത്തിന്റെ ഓരോ നിലപാടുകളും. 

11 വൈസ് ചാന്‍സിലര്‍മാരെ സംബന്ധിച്ചുള്ള കാര്യവും ആ സ്ഥാനത്ത് നിയമിക്കാനെടുത്ത ഗവര്‍ണറുടെ മുന്‍കരുതലും സുപ്രിംകോടതി വിധി വരുന്നതിന് മുമ്പു തന്നെ എടുത്ത സമീപനങ്ങളുമല്ലൊം ജനങ്ങൾ കൃത്യമായി കണ്ടിട്ടുള്ളതാണ്. യൂണിവേഴ്‌സിറ്റിയോട് പ്രഫസര്‍മാരുടെ ലിസ്റ്റ് ആവശ്യപ്പെട്ടതുള്‍പ്പെടെ ചേര്‍ത്തു പരിശോധിക്കുമ്പോഴാണ് ഗവര്‍ണറുടെ ഉള്ളിലിരിപ്പ് എന്താണെന്ന് മനസിലാവുക.

പ്രതിപക്ഷ നേതാവിന്റെ ആരോപണം വളരെ ഗൗരവകരമായി പരിശോധിക്കേണ്ടതാണ്. ഇത്രയും ഗൗരവമായ പ്രശ്‌നമുണ്ടായിട്ടുണ്ടെന്നും അതിനെ നിസാരവല്‍കരിക്കുകയാണ് പ്രതിപക്ഷ നേതാവ് ചെയ്യുന്നത്. നിസാരവല്‍കരണം ഒരു അടവാണ്. ആ അടവ് ഗവര്‍ണറുമായുള്ള പ്രതിപക്ഷത്തിന്റെ പ്രത്യേക ബന്ധമാണ് സൂചിപ്പിക്കുന്നത്. കേരളാ യൂണിവേഴ്‌സിറ്റിയുമായി ബന്ധപ്പെട്ടാണത്. ​ഗവർണറും പ്രതിപക്ഷവും തമ്മിൽ ഒത്തുകളിയാണ്.

എന്നാല്‍ കോണ്‍ഗ്രസില്‍ തന്നെ കെ.സി വേണുഗോപാലിന്റേയും കെ മുരളീധരനുമൊക്കെ കെ സുധാകരന്‍, വി.ഡി സതീശന്‍, ചെന്നിത്തല തുടങ്ങിയവരുടെ നിലപാടുകളെ വിമര്‍ശിച്ചു രംഗത്തുവന്നു. ഇതൊക്കെ രാഷ്ട്രീയ മേഖലയിലുണ്ടാവുന്ന വിവിധ ചലനങ്ങളാണ്. യൂണിവേഴ്‌സിറ്റികളടക്കമുള്ള വിദ്യാഭ്യാസ മേഖലയെ കാവിവല്‍ക്കരിക്കാനുള്ള നീക്കത്തെ ലീഗും എതിര്‍ത്തിട്ടുണ്ട്.

അതേസമയം, ഗവർണർക്ക് മുന്നിൽ സി.പി.എം കീഴടങ്ങില്ലെന്നും എം.വി ​ഗോവിന്ദ​ൻ വ്യക്തമാക്കി. ഗവർണർ ഭരണഘടനാപരമായി പ്രവർത്തിക്കണം. ബില്ലിൽ ഒപ്പിടാതെ അധികനാൾ പോകാനാവില്ല. സർക്കാർ നിയമപരമായും ഭരണഘടനാപരമായും നീങ്ങും. ചാൻസലർ എന്ന നിലയിൽ ​ഗവർണർ എടുക്കുന്ന നിലപാട് ഭരണ​ഘടനയ്ക്ക് ചേർന്നതല്ല. ​ഗവർണർക്ക് സംസ്ഥാനം നൽകിയ ആനുകൂല്യമാണ് ​ചാൻസലർ പദവിയെന്നും സംസ്ഥാനത്ത് ഭരണഘടനാ പ്രതിസന്ധിയില്ലെന്നും എം.വി ​ഗോവിന്ദൻ കൂട്ടിച്ചേർത്തു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News