ഓർഡിനൻസുകൾ തുടരെ പുതുക്കുന്നത് ഭരണഘടനാവിരുദ്ധം; നിയമസഭ ചേരുന്നത് സ്വാഗതാർഹമെന്ന് ഗവർണർ

കോടതി വിധി പഠിച്ച ശേഷമാണ് ഓർഡിനൻസുകളിൽ ഒപ്പുവെക്കാതിരുന്നതെന്നും ഫയലുകൾ ഒരുമിച്ച് വന്നാൽ ഒപ്പിടാനാകില്ലെന്നും ഗവർണർ വ്യക്തമാക്കി

Update: 2022-08-11 16:40 GMT
Advertising

തിരുവനന്തപുരം: ഓര്‍ഡിനന്‍സുകള്‍ നിശ്ചിത സമയത്ത് നിയമസഭയിൽ വെക്കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ആറാഴ്ചയോളം സര്‍ക്കാര്‍ പാഴാക്കി. കോടതി വിധി പഠിച്ച ശേഷമാണ് ഓര്‍ഡിനന്‍സുകളില്‍ ഒപ്പുവെക്കാതിരുന്നത്, ഓർഡിനൻസുകൾ തുടരെ പുതുക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്ന് സുപ്രിംകോടതി പറഞ്ഞിട്ടുണ്ട്. ഫയലുകള്‍ ഒരുമിച്ച് വന്നാല്‍ ഒപ്പിടാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. 

ഈ വിഷയങ്ങൾ ചർച്ച ചെയ്യാൻ നിയമസഭ വിളിച്ചു ചേര്‍ക്കാനുള്ള സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. ഓർഡിനൻസ് നിയമമാക്കാനുള്ള സർക്കാർ തീരുമാനം സന്തോഷകരവും തൃപ്തികരവുമാണെന്ന് അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്ത് തിരിച്ചെത്തിയതിന് പിന്നാലെ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

അതേസമയം, പ്രിയ വര്‍ഗീസിന്‍റെ നിയമനത്തില്‍ കണ്ണൂര്‍ സര്‍വകലാശാല ചട്ടങ്ങള്‍ ലംഘിച്ചെന്നും സര്‍വകലാശാലയെ ചിലര്‍ ചേര്‍ന്ന് നശിപ്പിക്കുകയാണ്, അത് അംഗീകരിക്കില്ലെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. കണ്ണൂർ സർവകലാശാലയിൽ നിന്ന് ഒരു പരാതിയല്ല, ഒട്ടേറെ പരാതികൾ ഉയർന്നു. സർവകലാശാലയിൽ ചട്ടലംഘനങ്ങൾ പതിവായിരിക്കുകയാണ്. വിശദമായ റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.  

വിവാദമായ ലോകായുക്ത നിയമ ഭേദഗതി ഉള്‍പ്പെടെ 11 ഓര്‍ഡിനന്‍സുകളാണ് ഗവര്‍ണര്‍ ഒപ്പിടാത്തതിനെ തുടര്‍ന്ന് അസാധുവായത്. ഒക്ടോബറില്‍ പ്രത്യേക നിയമസഭ സമ്മേളനം വിളിച്ച് ഓര്‍ഡിനന്‍സുകള്‍ നിയമമാക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടും ഗവര്‍ണര്‍ വഴങ്ങിയില്ല. ഇതോടെയാണ് സഭ സമ്മേളനം ഈ മാസം 22 മുതല്‍ വിളിച്ച് ചേര്‍ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News