കോളജ് തലത്തിൽ പ്രഫഷനൽ സ്​പോർട്സ് ലീഗുമായി സർക്കാർ

പ്രാരംഭ നടപടികൾക്കായി 60 ലക്ഷം രൂപ നൽകാമെന്ന് കായിക വകുപ്പ്

Update: 2024-05-23 01:36 GMT
Advertising

തിരുവനന്തപുരം: കോളജ് തലത്തിൽ പ്രഫഷനൽ സ്പോർട്സ് ലീഗുകൾ കൊണ്ടുവരാൻ സർക്കാർ ആലോചിക്കുന്നു. ലീഗ് നടത്തുന്നതിന് വേണ്ടിയുള്ള രൂപരേഖ തയ്യാറാക്കാൻ പ്രത്യേക സമിതി ഉടൻ രൂപീകരിക്കും. സാധാരണ ഇനങ്ങൾക്കൊപ്പം ഇ - സ്പോർട്സ് മത്സരങ്ങൾ കൂടി ലീഗിൻറെ ഭാഗമാക്കി നടത്താനാണ് ആലോചന.

അന്താരാഷ്ട്ര സ്പോർട്സ് ഉച്ചകോടിയിൽ ഉയർന്നുവന്ന നിർദ്ദേശങ്ങളിൽ പ്രധനപ്പെട്ടതായിരുന്നു കോളജ് തലത്തിൽ നടത്തുന്ന പ്രഫഷനൽ ലീഗുകൾ. കായികമേഖലയിലേക്ക് കൂടുതൽ കുട്ടികളെ എത്തിക്കുന്നതിനൊപ്പം മികച്ച വരുമാന സാധ്യതയും സർക്കാർ വിലയിരുത്തുന്നു.

ഇപ്പോൾ നടക്കുന്ന ഇൻറർ യൂനിവേഴ്സിറ്റി മത്സരങ്ങളുടെ മാതൃകയിലായിരിക്കും ആദ്യഘട്ടത്തിൽ ലീഗുകൾ അവതരിപ്പിക്കുക. ക്രിക്കറ്റ്, ഫുട്ബാൾ പോലെയുള്ള ഗെയിം ഇനങ്ങളും എല്ലാത്തരത്തിലുമുള്ള അത്‌ലറ്റിക് ഇനങ്ങളും ലീഗിൻറെ ഭാഗമാക്കും.

ഇതുകൂടാതെ വിർച്വൽ റിയാലിറ്റിയിലൂടെ കളിക്കുന്ന ഇ- സ്പോർട്സ് ഇനങ്ങളും ഉൾപ്പെടുത്തും. ശാരീരികാധ്വാനം വേണ്ട മത്സരങ്ങൾ മാത്രമാകും ഇ - സ്പോർട്സ് വിഭാഗത്തിൽ ഉണ്ടാവുക. നിലവിൽ കോളജ് തലത്തിൽ നടക്കുന്ന മീറ്റുകൾക്ക് പുറമെയാണ് പ്രഫഷനൽ ലീഗുകൾ കൊണ്ടുവരുന്നത്.

വിഷയം ചർച്ച ചെയ്യാൻ ഇന്നലെ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവും കായികമന്ത്രി വി. അബ്ദുറഹ്മാനും കൂടിക്കാഴ്ച നടത്തിയിരുന്നു. ലീഗിൻറെ രൂപരേഖ തയ്യാറാക്കാനുള്ള ഒരു സമിതിയെ നിയമിക്കാൻ യോഗത്തിൽ ധാരണയായി. ഉന്നത വിദ്യാഭ്യാസ വകുപ്പിലെയും കായിക വകുപ്പിലെയും പ്രധാനികളെ ഉൾപ്പെടുത്തി ആണ് സമിതി രൂപീകരിക്കുക. പരമാവധി വേഗത്തിൽ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകാനാണ് തീരുമാനം. പ്രാരംഭ നടപടികൾക്കായി 60 ലക്ഷം രൂപ നൽകാമെന്ന് കായികവകുപ്പ് അറിയിച്ചിട്ടുണ്ട്.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News