'തൊപ്പി ഗ്യാങ്ങി'നെതിരെ ഹനാന്‍ ഷാ; നീക്കംചെയ്ത വീഡിയോ പങ്കുവെച്ചാല്‍ നിയമനടപടിയെന്ന് മുന്നറിയിപ്പ്
'തൊപ്പി'യും സുഹൃത്തുക്കളും തമ്മിലുള്ള തര്‍ക്കത്തില്‍ തന്നെയും തൻ്റെ കൂട്ടുകാരെയും കുടുംബത്തെയും വലിച്ചിഴക്കുന്നതിനെതിരെയാണ് ഹനാൻ ഷായുടെ മുന്നറിയിപ്പ്
യൂട്യൂബര്‍ നിഹാദ് എന്ന 'തൊപ്പി'യും സുഹൃത്തുക്കളും തമ്മിലുള്ള തര്‍ക്കത്തില്‍ തന്നെയും തന്റെ കൂട്ടുകാരെയും കുടുംബത്തെയും വലിച്ചിഴക്കുന്നതില്‍ മുന്നറിയിപ്പുമായി ഗായകന്‍ ഹനാന്‍ ഷാ. 'തൊപ്പി' സുഹൃത്തുക്കള്‍ക്ക് നേരെ നടത്തിയ അധിക്ഷേപ പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുന്ന വീഡിയോ പങ്കുവെക്കുന്നവര്‍ക്കെതിരെ നിയമനടപടിയെടുക്കുമെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. തനിക്കും കുടുംബത്തിനും അപകീര്‍ത്തികരമായ വീഡിയോ യൂട്യൂബില്‍ നിന്ന് നീക്കംചെയ്യിച്ചിരുന്നെന്നും എന്നാല്‍ വീണ്ടും റീല്‍സുകളായും ഷോര്‍ട്ട്‌സുകളായും പ്രചരിക്കുകയാണെന്നും ഹനാന്‍ ഷാ സമൂഹമാധ്യമ പോസ്റ്റില്‍ പറഞ്ഞു.
'എന്നേയും എന്റെ കൂട്ടുകാരെയും കുടുംബത്തെയും ലക്ഷ്യമാക്കി ഒരു യൂട്യൂബ് ലൈവില്‍ ഉപദ്രവം, അധിക്ഷേപം, സ്ത്രീകള്‍ക്ക് നേരെയുള്ള അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ ഉള്‍ക്കൊള്ളുന്ന വീഡിയോ യൂട്യൂബില്‍ നല്‍കിയ കോപ്പിറൈറ്റ് സ്ട്രൈക്കിനാല്‍ നീക്കം ചെയ്യപ്പെട്ടു. ഇപ്പോള്‍ അതേ ലൈവിലെ ദൃശ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന റീലുകള്‍, ഷോര്‍ട്സുകള്‍, ക്ലിപ്പുകള്‍, റീപോസ്റ്റുകള്‍, അതിനെ സംബന്ധിച്ച റിയാക്ഷനുകള്‍ തുടങ്ങിയവ വിവിധ സാമൂഹികമാധ്യമ പ്ലാറ്റ്ഫോമുകളില്‍ വീണ്ടും പ്രചരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടു. ഇത്തരം കണ്ടന്റുകള്‍ സൃഷ്ടിക്കുകയോ പങ്കുവെക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവര്‍ക്ക് കോപ്പിറൈറ്റ് സ്ട്രൈക്ക്, അക്കൗണ്ട് ടേക്ക്ഡൗണ്‍, പ്ലാറ്റ്ഫോം ആക്ഷന്‍സ് എന്നിവയ്ക്കൊപ്പം അപകീര്‍ത്തിപ്പെടുത്തല്‍, സ്ത്രീകളെ അപമാനിക്കുന്ന പരാമര്‍ശങ്ങള്‍, സൈബര്‍ ഉപദ്രവം, വ്യക്തിഹത്യ, സ്വകാര്യതാ ലംഘനം എന്നിവയുമായി ബന്ധപ്പെട്ട ഇന്ത്യന്‍ ശിക്ഷാനിയമത്തിലേയും ഐടി ആക്ടിലേയും ബാധകമായ വകുപ്പുകള്‍ പ്രകാരമുള്ള നിയമനടപടി നേരിടേണ്ടിവരാം. നിങ്ങള്‍ ഇത്തരത്തിലുള്ള വീഡിയോകള്‍ പങ്കുവെച്ചിട്ടുണ്ടെങ്കില്‍ ദയവായി നീക്കം ചെയ്യുക. നന്ദി' -ഹനാന്‍ ഷാ പറഞ്ഞു.