'രണ്ട് ഡോക്‌ടർമാരും നഴ്‌സുമാരും പ്രതികൾ'; യുവതിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ കേസില്‍ പ്രതിപ്പട്ടിക ഇന്ന് സമർപ്പിച്ചേക്കും

സർക്കാർ അനുമതി കൂടി ലഭിച്ചാൽ അറസ്റ്റ് നടപടികളിലേക്ക് പൊലീസ് കടക്കും

Update: 2023-09-01 05:25 GMT
Editor : Lissy P | By : Web Desk

കോഴിക്കോട്: ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ കേസിൽ പ്രതിപ്പട്ടിക ഇന്ന് കോടതിയിൽ സമർപ്പിച്ചേക്കും. കോഴിക്കോട് അടിവാരം സ്വദേശി ഹർഷിനയുടെ ശസ്ത്രക്രിയ സമയത്ത് മെഡിക്കൽ കോളജിലുണ്ടായിരുന്ന രണ്ട് ഡോക്ടർമാരെയും രണ്ട് നഴ്സുമാരെയും ഉൾപ്പെടുത്തിയാണ് പ്രതിപട്ടിക സമർപ്പിക്കുക. സർക്കാർ അനുമതി കൂടി ലഭിച്ചാൽ അറസ്റ്റ് നടപടികളിലേക്ക് പൊലീസ് കടക്കും. കോഴിക്കോട് കുന്ദമംഗലം കോടതിയാണ് കേസ് പരിഗണിക്കുന്നത്.

 ഡോക്ടർമാർക്കെതിരെ നിയമ നടപടിയുമായി മുന്നോട്ടു പോകാമെന്ന് ‌ജില്ല ഗവൺമെന്റ് പ്ലീഡര്‍ പൊലീസിന് നിയമോപദേശം നൽകിയിരുന്നു. പൊലീസ് കണ്ടെത്തൽ പ്രകാരം ഡോക്ടർമാരെ അറസ്റ്റ് ചെയ്യുന്നതിന് തടസ്സമില്ല.

Advertising
Advertising

വയറ്റിൽ കത്രിക കുടുങ്ങിയത് കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്നെന്ന പൊലീസ് റിപ്പോർട്ട് മെഡിക്കൽ ബോർഡ് നേരത്തെ തള്ളിയിരുന്നു. ഏത് ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയയ്ക്കിടെയാണ് കത്രിക കുടുങ്ങിയതെന്ന് ലഭ്യമായ തെളിവുകൾ വെച്ച് പറയാൻ സാധിക്കില്ലെന്നാണ് മെഡിക്കൽ ബോർഡിന്റെ വിലയിരുത്തൽ.

എം ആര്‍ ഐ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി കത്രിക മെഡിക്കല്‍ കോളേജില്‍ നിന്നാണ് കുടുങ്ങിയതെന്ന് പറയാന്‍ സാധിക്കില്ലെന്ന മെഡിക്കല്‍ ബോര്‍ഡിലെ റേഡിയോളജിസ്റ്റ് ഡോ. പി.ബി സലീമിന്‍റെ വാദം മെഡിക്കല്‍ ബോര്‍ഡിലെ ഏഴംഗങ്ങളും അനുകൂലിച്ചു. അന്വേഷണ ഉദ്യോഗസ്ഥനായ എ.സി.പി കെ സുദര്‍ശനും പബ്ലിക് പ്രോസിക്യൂട്ടര്‍ എം ജയദീപും ഇതിനെ എതിര്‍ത്തതിനാല്‍ ഇവരുടെ വിയോജനം രേഖപ്പെടുത്തിയാണ് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

 



Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News