പ്രസവ ശസ്ത്രക്രിയക്കിടെ കത്രിക കുടുങ്ങിയ കേസില്‍ രണ്ട് ഡോക്ടർമാരും നഴ്സുമാരും പ്രതികൾ; പ്രതിപ്പട്ടിക കോടതിയിൽ സമർപ്പിച്ചു

മഞ്ചേരി മെഡിക്കൽ കോളജിലെ അസിസ്റ്റന്റ് പ്രൊഫസർ സി.കെ.രമേശനാണ് ഒന്നാംപ്രതി

Update: 2023-09-01 07:34 GMT
Editor : Lissy P | By : Web Desk
Advertising

കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ കേസിൽ പുതുക്കിയ പ്രതിപ്പട്ടിക പൊലീസ് കോടതിയിൽ സമർപ്പിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിലുണ്ടായിരുന്ന രണ്ടു ഡോക്ടർമാരും രണ്ട് നേഴ്‌സുമാരുമാണ് പ്രതിപ്പട്ടികയിലുള്ളത്. ഒന്നാംപ്രതി മഞ്ചേരി മെഡിക്കൽ കോളജിലെ അസിസ്റ്റന്റ് പ്രൊഫസർ സി.കെ.രമേശനാണ്. ഇപ്പോൾ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഡോ.എം. ഷഹന, കോഴിക്കോട് മെഡിക്കൽ കോളേജ് ഐ എം സി എച്ചി ലെ നഴ്സുമാരായ എം രഹന, മഞ്ജു കെ ജി എന്നിവരാണ് പ്രതിപട്ടികയിലുള്ള മറ്റുള്ളവർ. ഹര്‍ഷിന 2017 നവംബര്‍ 30ന് പ്രസവശസ്ത്രക്രിയ നടത്തുമ്പോള്‍ ഗൈനക്കോളജി വിഭാഗം അസിസ്റ്റന്‍റ് പ്രഫസറായിരുന്നു ഡോക്ടര്‍ രമേശന്‍. ഡോ. ഷഹനാ ജൂനിയര്‍ റസിഡന്‍റും.2017 നവംബറിലാണ് ഹർഷിനയുടെ പ്രസവ ശസ്ത്രക്രിയ നടന്നത്.

മെഡിക്കൽ നെഗ്‌ലിജെൻസ് ആക്ട് പ്രകാരമാണ് പൊലീസ് കേസെടുത്തത് . പ്രതിപട്ടികയിലുള്ള നാല് പേർക്കും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ നോട്ടീസ് നൽകും. നേരത്തെ പ്രതി പട്ടികയിലുൾപ്പെടുത്തിയിരുന്ന ഡോക്ടർമാരെ ഒഴിവാക്കാനുള്ള അപേക്ഷയും കോടതിയിൽ നൽകി. 

വിഷയത്തിൽ പ്രതികരിക്കാനില്ലെന്നും കേസ് നിയമപരമായി നേരിടുമെന്നും മഞ്ചേരി മെഡിക്കൽ കോളേജിലെ അസിസ്റ്റന്റ് പ്രഫസർ ഡോ. സി കെ രമേശൻ പറഞ്ഞു. പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട ആരോഗ്യ പ്രവര്‍ത്തകര്‍ മുന്‍കൂര്‍ ജാമ്യത്തിനുള്ള ശ്രമം തുടങ്ങി. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് എ സി പി കെ സുദർശൻ പുതുക്കിയ പ്രതിപ്പട്ടിക കുന്ദമംഗംലം ജെ എഫ് സി എം കോടതിയില്‍ സമര്‍പ്പിച്ചത്.

അതേസമയം, കുറ്റപത്രം സമർപ്പിച്ചെങ്കിലും ഇവർക്കെതിരെ അറസ്റ്റോ മറ്റ് നടപടികളോ വേണമെങ്കിൽ സർക്കാർ അനുമതി വേണം. അതിനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം ഇപ്പോഴുള്ളത്. പൊലീസ്പ്രതിപ്പട്ടിക കോടതിയിൽ സമർപ്പിച്ചതിൽ സന്തോഷമുണ്ടെന്ന് ഹർഷിന മീഡിയവണിനോട് പറഞ്ഞു. 50 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്ന് സമരസമിതി നേതാക്കൾ പറഞ്ഞു. 

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News