'നീതി കിട്ടും വരെ സത്യഗ്രഹം തുടരും'; ഹർഷിനയുടെ സമരം 101-ാം ദിനത്തിൽ

കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് ഹര്‍ഷിനയും സമരസമിതിയും.

Update: 2023-08-30 02:17 GMT

ഹര്‍ഷിന സമരപ്പന്തലില്‍

Advertising

പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ നീതി തേടിയുള്ള ഹര്‍ഷിനയുടെ സത്യഗ്രഹ സമരം നൂറ് ദിവസം പിന്നിട്ടു‍. ആരോഗ്യവകുപ്പില്‍ നിന്ന് നേരിട്ട തിരിച്ചടികള്‍ക്കിടയിലും പൊലീസ് അന്വേഷണത്തിലാണ് ഹര്‍ഷിനയുടെ പ്രതീക്ഷ. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് ഹര്‍ഷിനയും സമരസമിതിയും.

സംഭവത്തിന്‍റെ നാള്‍വഴികള്‍

2022 സെപ്റ്റംബര്‍ 17, കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്ന് ഹര്‍ഷിനയുടെ വയറ്റില്‍ നിന്ന് ആര്‍ട്ടറി ഫോര്‍സെപ്സ് എന്ന ശസ്ത്രക്രിയാ ഉപകരണം പുറത്തെടുക്കുന്നു. കത്രികയ്ക്ക് സമാനമായ ഇതിന്‍റെ നീളം 12 സെന്‍റിമീറ്റര്‍. 2017ല്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വെച്ച് നടത്തിയ മൂന്നാം പ്രസവശസ്ത്രക്രിയ മുതല്‍ ഹര്‍ഷിന സഹിച്ച കടുത്ത വേദനയുടെ കാരണം കൂടിയാണ് അന്ന് പുറത്തെടുക്കുന്നത്. എന്നാല്‍ കത്രിക വയറ്റില്‍ നിന്നെടുത്ത് ഒരുവര്‍ഷം തികയാറായിട്ടും കുറ്റക്കാര്‍ ശിക്ഷിക്കപ്പെട്ടില്ല. ഹര്‍ഷിനയ്ക്ക് അര്‍ഹമായ നഷ്ടപരിഹാരവും കിട്ടിയില്ല.

നീതിതേടിയുള്ള നീണ്ട കാത്തിരിപ്പിനൊടുവിലാണ് 2023 മെയ് 22ന് ഹര്‍ഷിന കോഴിക്കോട് മെഡിക്കല്‍ കോളജിന് മുന്നില്‍ അനിശ്ചിത കാല സത്യഗ്രഹ സമരം തുടങ്ങിയത്. സമരം നൂറുദിനം പിന്നിടുമ്പോൾ രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക മേഖലകളിലെ നിരവധി പ്രമുഖരാണ് ഹർഷിനയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സമരപ്പന്തലിലെത്തിയത്.

2022 ഒക്ടോബറിലും ഡിസംബറിലും ആരോഗ്യവകുപ്പ് നിയോഗിച്ച രണ്ട് വിദഗ്ധ സമിതികളും കുറ്റക്കാരെ കണ്ടെത്താനാകാതെ അന്വേഷണം അവസാനിപ്പിച്ചിരുന്നു. എന്നാല്‍ മെഡിക്കല്‍ എ.സി.പി കെ സുദര്‍ശന്‍റെ നേതൃത്വത്തില്‍ നടത്തിയ പൊലീസ് അന്വേഷണത്തില്‍ കത്രിക വയറ്റില്‍ കുടുങ്ങിയത് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നാണെന്ന് കണ്ടെത്തി. പൊലീസ് കണ്ടെത്തല്‍ പക്ഷെ മെഡിക്കല്‍ ബോര്‍ഡ് തള്ളി. ഒടുവില്‍ പൊലീസ് കുറ്റക്കാരെന്ന് കണ്ടെത്തിയ രണ്ട് ഡോക്ടര്‍മാരെയും രണ്ട് നഴ്സുമാരെയും അറസ്റ്റ് ചെയ്യാമെന്ന് പൊലീസിന് നിയമോപദേശം ലഭിച്ചു. ഇതിലാണ് ഹര്‍ഷിനയുടെ അവസാന പ്രതീക്ഷ.

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വെച്ച് തന്നെയാണ് തന്‍റെ വയറ്റില്‍ കത്രിക കുടുങ്ങിയതെന്ന് ഹര്‍ഷിന ഉറപ്പിച്ചുപറയുന്നു. അതിന് ഹര്‍ഷിന പറയുന്ന തെളിവുകള്‍ക്ക് അടിവരയിടുന്നതാണ് പൊലീസ് അന്വേഷണത്തിലെ കണ്ടെത്തലുകള്‍. കുറ്റക്കാരെ കണ്ടെത്തണം, ശിക്ഷിക്കണം, അര്‍ഹമായ നഷ്ടപരിഹാരം കിട്ടണം അതുവരെ പോരാട്ടം തുടരാന്‍ തന്നെയാണ് ഹര്‍ഷിനയുടെ തീരുമാനം..

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News