'റാലിയില്‍ എന്തും വിളിച്ചു പറയാനാകില്ല, നടപടി സ്വീകരിക്കണം'; പോപുലർ ഫ്രണ്ട് റാലിയിലെ മുദ്രാവാക്യത്തില്‍ ഹൈക്കോടതി

കുട്ടിയുടെ മുദ്രാവാക്യംവിളി ദൗർഭാഗ്യകരമായ സംഭവമായിരുന്നുവെന്നും പൊലീസ് നടപടിയെടുത്തിട്ടുണ്ടെന്നും സർക്കാർ

Update: 2022-05-27 07:08 GMT
Editor : Shaheer | By : Web Desk
Advertising

കൊച്ചി: ആലപ്പുഴയിൽ പോപുലർ ഫ്രണ്ട് റാലിയിലെ കുട്ടിയുടെ വിദ്വേഷ മുദ്രാവാക്യത്തിൽ പൊലീസിനോട് നടപടി ആവശ്യപ്പെട്ട് ഹൈക്കോടതി. റാലിയില്‍ എന്തും വിളിച്ചു പറയാനാകില്ലെന്നും പരിപാടിയുടെ സംഘാടകർ സംഭവത്തിന് ഉത്തരവാദികളാണെന്നും കോടതി വ്യക്തമാക്കി.

ബജ്‌റങ്ദൾ, പോപുലർ ഫ്രണ്ട് റാലികൾ തടയണമെന്ന് ആവശ്യപ്പെട്ട് പരിപാടികൾക്കു മുൻപുതന്നെ ആലപ്പുഴ എസ്.ഡി കോളജിലെ ഒരു അധ്യാപകൻ സമർപ്പിച്ച ഹരജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുണ്ടായിരുന്നത്. ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാകാതെ വിഷയം കൈകാര്യം ചെയ്യണമെന്ന് ആലപ്പുഴ പൊലീസ് മേധാവിക്ക് ഹരജിയിൽ കോടതി നിർദേശം നൽകിയിരുന്നു.

ഹരജി തീർപ്പാക്കാനായി കോടതി ഇന്ന് പരിഗണിക്കവെയാണ് റാലിയിൽ നടന്ന വിദ്വേഷ മുദ്രാവാക്യത്തിൽ കർശന നടപടി സ്വീകരിക്കാൻ ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണൻ പൊലീസിനോട് നിർദേശിച്ചത്. കുട്ടിയെക്കൊണ്ട് മുദ്രാവാക്യം വിളിപ്പിച്ച കാര്യം ഹരജിക്കാരൻ കോടതിയുടെ ശ്രദ്ധയിൽപെടുത്തുകയായിരുന്നു. ഇതിൽ നടപടി വേണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടു.

Full View

എന്നാൽ, ഹരജിയുടെ പരിധിയിൽ വരുന്ന കാര്യമല്ല ഇതെന്ന് കോടതി വ്യക്തമാക്കി. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ലേയെന്ന് കോടതി ചോദിച്ചു. ഇതു ദൗർഭാഗ്യകരമായ സംഭവമായിരുന്നുവെന്നും പൊലീസ് നടപടിയെടുത്തിട്ടുണ്ടെന്നും സർക്കാർ വ്യക്തമാക്കി. തുടർന്നാണ് പൊലീസിനോട് കർശനനടപടി സ്വീകരിക്കാിൻ ജസ്റ്റിസ് ആവശ്യപ്പെട്ടത്. കുട്ടിയെക്കൊണ്ട് മുദ്രാവാക്യം വിളിപ്പിച്ചതിന്റെ ഉത്തരവാദികൾ റാലി സംഘടിപ്പിച്ചവർ തന്നെയാണ്. അവർക്കെതിരെ ശക്തമായ നടപടി വേണമെന്നും കോടതി വ്യക്തമാക്കി.

Summary: Kerala High Court directs police to take action on hate slogans at Popular Front rally

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News