'നഷ്ടപരിഹാരം വാങ്ങി ബാങ്കിലിട്ടാൽ ജനങ്ങൾ സഹിച്ചതിന് പരിഹാരമാകുമോ'? മലിനീകരണ നിയന്ത്രണ ബോർഡിനെതിരെ രൂക്ഷവിമർശനവുമായി കോടതി

ബ്രഹ്മപുരം മാലിന്യ പ്ലാന്റ് നടത്തിപ്പിൽ കൊച്ചി കോർപ്പറേഷനും സർവീസ് ഓപ്പറേറ്ററും തമ്മിലുള്ള കരാറിന്റെ പകർപ്പ് ഹാജരാക്കണമെന്ന് ഹൈക്കോടതി

Update: 2023-03-13 10:46 GMT
Editor : Lissy P | By : Web Desk
Advertising

കൊച്ചി: ബ്രഹ്മപുരം തീപിടിത്തത്തിൽ മലിനീകരണ നിയന്ത്രണം ബോർഡിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. ഖരമാലിന്യ സംസ്‌കരണത്തിലെ എല്ലാ നിയമങ്ങളും ബ്രഹ്മപുരത്ത് ലംഘിക്കപ്പെടുന്നുവെന്ന് കോടതി നിരീക്ഷിച്ചു. ബ്രഹ്മപുരം തീപിടിത്തവുമായി ബന്ധപ്പെട്ട് സ്വമേധയ എടുത്ത കേസ് ഹൈക്കോടതി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരാമർശം.

പ്ലാന്റ് നടത്തിപ്പുകാർക്കെതിരെ എന്ത് നടപടി സ്വീകരിക്കുമെന്ന് മലിനീകരണ നിയന്ത്രണ ബോർഡിനോട് കോടതി ചോദിച്ചു. കോർപറേഷൻ ഉൾപ്പെടെയുള്ള ചുമതലപ്പെട്ടവർക്കെതിരെ പ്രോസിക്യൂഷൻ നടപടികളും നഷ്ടപരിഹാരമടക്കം ഈടാക്കുമെന്ന് ബോർഡ് മറുപടി നൽകി.എന്നാൽ നഷ്ടപരിഹാരം വാങ്ങി ബാങ്കിലിട്ടാൽ ജനങ്ങൾ സഹിച്ചതിന് പരിഹാരമാകുമോയെന്ന് കോടതി  ചോദിച്ചു.

നാളെ മുതൽ ഈ കോടതിയിൽ നടക്കുന്നത് എന്താണെന്ന ജനങ്ങളെ അറിയിക്കാൻ പോവുകയാണെന്ന് കോടതി അറിയിച്ചു. ബ്രഹ്മപുരം മാലിന്യ പ്ലാന്റ് നടത്തിപ്പിൽ കൊച്ചി കോർപ്പറേഷനും സർവ്വീസ് ഓപ്പറേറ്ററും തമ്മിലുള്ള കരാറിന്റെ പകർപ്പ് ഹാജരാക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.

കഴിഞ്ഞ 7 വർഷമായി ബ്രഹ്മപുരത്തെ മാലിന്യ നീക്കത്തിനും സംസ്‌കരണത്തിനും ചെലവാക്കിയ തുക എത്രയാണെന്ന് സെക്രട്ടറി അറിയിക്കണമെന്നും കോടതി പറഞ്ഞു. കോർപ്പറേഷൻ സെക്രട്ടറിയുടെ പ്രവർത്തനം സർക്കാർ നേരിട്ട് നിരീക്ഷിക്കണമെന്നും കോടതി നിർദേശിച്ചു.

അതേസമയം, കൊച്ചിയിലെ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെട്ടുവെന്നും എറണാകുളം ജില്ലാ കലക്ടർ എൻ.എസ്.കെ.ഉമേഷ് പറഞ്ഞു. തീയണക്കുന്നതിന്റെ 95% പ്രവർത്തനങ്ങളും പൂർത്തിയായി. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമെന്നും കലക്ടർ കോടതിയെ  അറിയിച്ചു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News