Writer - അഞ്ജലി ശ്രീജിതാരാജ്
വെബ് ജേണലിസ്റ്റ്, മീഡിയവൺ
തൃശൂര്‍: ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ ഹൃദയ ശസ്ത്രക്രിയ പ്രതിസന്ധിയില്‍ പരാതി ഉന്നയിച്ച ഡോക്ടറെ സ്ഥലംമാറ്റി മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്. പെര്‍ഫ്യൂഷനിസ്റ്റിന്റെ കാര്യക്ഷമതയില്‍ ആശങ്ക പ്രകടിപ്പിച്ച ഡോക്ടര്‍ അഷ്‌റഫ് ഉസ്മാനെയാണ് ആലപ്പുഴ മെഡിക്കല്‍ കോളേജിലേക്ക് സ്ഥലം മാറ്റിയത്. ഉത്തരവിനെതിരെ ട്രൈബ്യൂണലിനെ സമീപിക്കുമെന്ന് ഡോക്ടര്‍ അഷ്‌റഫ് ഉസ്മാന്‍ പ്രതികരിച്ചു.
ഒന്നരമാസമായി തുടരുന്ന പ്രതിസന്ധിക്ക് പരിഹാരമായാണ് പരാതി ഉന്നയിച്ച കാര്‍ഡിയോ വാസ്‌കുലര്‍ ആന്‍ഡ് സര്‍ജറി വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. അഷ്റഫ് ഉസ്മാനെ സ്ഥലം മാറ്റി മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവ് ഇറക്കിയത്.
അടുത്തിടെ ശസ്ത്രക്രിയ നടത്തിയ രണ്ടു രോഗികള്‍ മരിച്ചത് പെര്‍ഫ്യൂഷനിസ്റ്റ് ജോലി ചെയ്തവരുടെ പരിചയക്കുറവാണെന്ന തരത്തില്‍ ഡോക്ടര്‍ അഷ്‌റഫ് ഉസ്മാന്‍ അന്വേഷണ കമ്മീഷന് മറുപടി നടത്തിയിരുന്നു. പിന്നാലെയാണ് സര്‍ജനെ ആലപ്പുഴയിലേക്ക് സ്ഥലംമാറ്റി ഉത്തരവിറങ്ങിയത്.
ആലപ്പുഴ മെഡിക്കല്‍ കോളേജിലെ കാര്‍ഡിയോ - തൊറാസിക് സര്‍ജന്‍ ഡോ. കൊച്ചു കൃഷ്ണനെയാണ് തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരിക്കുന്നത്. പ്രവര്‍ത്തി പരിചയം ഉള്ള പെര്‍ഫ്യൂഷനിസ്റ്റിനെ നിയമിക്കണമെന്ന് ആവശ്യം പരിഗണിക്കാതെ തന്നെ സ്ഥലം മാറ്റിയ നടപടി അനീതിയാണെന്നും പിന്നില്‍ ചില സമ്മര്‍ദ്ദങ്ങള്‍ ഉണ്ടെന്നും ഡോ. അഷ്‌റഫ് ഉസ്മാന്‍ പ്രതികരിച്ചു
എന്നാല്‍ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇത്തരത്തില്‍ ഒരു നടപടി എന്നും മുടങ്ങിയ ശാസ്ത്രക്രിയ പുനരാരംഭിക്കാനാണ് സ്ഥലംമാറ്റ ഉത്തരവിറക്കിയത് നിന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.