വികസനത്തിന്റെ പേരിൽ കോലാഹലമെന്തിന്‌?; കെ-റെയിലിൽ സർക്കാറിനെ വിമർശിച്ച് ഹൈക്കോടതി

കെ റെയിലിന്റെ പേരിൽ ഹൈക്കോടതിയിലും സുപ്രിംകോടതിയിലും കുറേ ഹരജികൾ ഫയൽ ചെയ്തു എന്നല്ലാതെ മറ്റെന്ത് ഗുണമുണ്ടായി?

Update: 2022-05-24 13:08 GMT
Advertising

കൊച്ചി: വികസനത്തിന്റെ പേരിൽ സംസ്ഥാനത്ത് സർക്കാർ അസ്വസ്ഥത സൃഷ്ടിക്കുന്നത് എന്തിനെന്ന് ഹൈക്കോടതി. കെ റെയിൽ സർവേയ്ക്ക് ജിയോ ടാഗ് നേരത്തെ തന്നെ ആകാമായിരുന്നല്ലോയെന്നും ഇത്രയും കോലാഹലം എന്തിനായിരുന്നുവെന്നും കോടതി ചോദിച്ചു. കെ റെയിലിനുവേണ്ടി വലിയ അതിരടയാള കല്ലുകള്‍ സ്ഥാപിച്ചത് ചോദ്യം ചെയ്ത് ഭൂഉടമകള്‍ നല്‍കിയ ഹരജി പരിഗണിക്കവേയാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഇന്നും സര്‍ക്കാരിനെ വിമര്‍ശിച്ചത്.

എന്തും ചെയ്യാമെന്ന ചിന്തയുള്ളപ്പോൾ കെ-റെയിൽ പോലുള്ള പദ്ധതികൾ നടപ്പാകാൻ പോവുന്നില്ലെന്നും കോടതിയോട് എന്തും ആവാം എന്ന ചിന്തയായിരുന്നോ എന്ന് കോടതി ചോദിച്ചു. ഇത്തരം കാര്യങ്ങൽ നിശബ്ദതയോടുകൂടി മാത്രമേ നടക്കുകയുള്ളൂ. ഇത്രയും വലിയ കല്ലെന്തിനാണെന്നും കെ റെയിലിന്റെ പേരിൽ ഹൈക്കോടതിയിലും സുപ്രിംകോടതിയിലും കുറേ ഹരജികൾ ഫയൽ ചെയ്തു എന്നല്ലാതെ മറ്റെന്ത്  ഗുണമുണ്ടായി എന്നും കോടതി വിമർശിച്ചു. സര്‍വേയുടെ പേരില്‍ കോലാഹലങ്ങളെന്തിനാണെന്ന് കോടതി ചോദിക്കുമ്പോള്‍ കോടതിയെ പരിഹസിക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും കോടതി കുറ്റപ്പെടുത്തി.

സാമൂഹികാഘാത പഠനത്തിന്റെ പേരിൽ വലിയ കല്ലിടുന്നത് എന്തിനെന്ന് സർക്കാർ മറുപടി പറഞ്ഞിട്ടില്ല. കൊണ്ടുവന്ന സർവേക്കല്ലുകൾ എന്ത് ചെയ്‌തെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു. കല്ലിടൽ മരവിപ്പിച്ചതായി സർക്കാർ കോടതിയെ അറിയിച്ചു. സര്‍വേയുടെ പേരില്‍ കോലാഹലങ്ങളെന്തിനാണെന്ന് കോടതി ചോദിക്കുമ്പോള്‍ കോടതിയെ പരിഹസിക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. ഏതൊരു പദ്ധതി വന്നാലും എതിര്‍പ്പുണ്ടാവുക സ്വാഭാവികമാണെന്നും എന്നാല്‍ ജനങ്ങളെ വിശ്വാസത്തിലെടുത്തും അവരെ ബോധവല്‍ക്കരിച്ചുമാണ് ഏത് പദ്ധതികളും നടപ്പാക്കാനാവൂവെന്നും കോടതി വ്യക്തമാക്കി.

പല പദ്ധതികളും ഇന്നാട്ടില്‍ നടന്നിട്ടുണ്ട്‌. സ്വാഭാവിക എതിര്‍പ്പ് എല്ലാ കാര്യത്തിലുമുണ്ടാകും. മറ്റുള്ള സംസ്ഥാനങ്ങളുമായി കേരളത്തെ താരതമ്യം ചെയ്യരുത്. ജനസാന്ദ്രത കൂടിയ സംസ്ഥാനമാണിത്. ഓരോരുത്തര്‍ക്കും അവരവരുടെ വാസകേന്ദ്രം വിലപ്പെട്ടതാണ്. എന്നാല്‍ ആവശ്യമെന്ന് തോന്നിയാല്‍ ജനങ്ങള്‍ കൂടെ നില്‍ക്കും. ഇതിന്റെ ഏറ്റവും വലിയ തെളിവാണ് കൊച്ചി മൊട്രോ പദ്ധതി. പറവൂരടക്കം ജനങ്ങള്‍ തിങ്ങി താമസിക്കുന്ന കേന്ദ്രങ്ങളിലൂടെ നാഷണല്‍ ഹൈഹേവയുടെ പ്രവര്‍ത്തനം വിജയകരമായി നടന്നത് നിശബ്ദമായി അതിന്റെ പ്രവര്‍ത്തനങ്ങള്‍ നടന്നതുകൊണ്ടാണെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. ഹരജി ജൂണ്‍ രണ്ടിന് പരിഗണിക്കുമ്പോൾ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News