ആശുപത്രികളെ 'സുരക്ഷിത മേഖലകളാ'യി പ്രഖ്യാപിക്കണം: ഐ.എം.എ

കഴിഞ്ഞ രണ്ടു വർഷങ്ങൾക്കിടയിൽ വനിതാ ഡോക്ടർമാർ ഉൾപ്പെടെ നൂറിലധികം ഡോക്ടർമാർ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ ക്രൂരമായി ആക്രമിക്കപ്പെട്ടു: ഐ.എം.എ

Update: 2022-02-16 11:42 GMT
Advertising

ആശുപത്രികളെ 'സുരക്ഷിത മേഖലകളായി' പ്രഖ്യാപിച്ച് രോഗികൾക്കും ആശുപത്രി ജീവനക്കാർക്കും മതിയായ സംരക്ഷണം നൽകാൻ സർക്കാർ തയ്യാറാകണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പ്രവർത്തകസമിതി യോഗം ആവശ്യപ്പെട്ടു. കേരളത്തിൽ ആശുപത്രികൾക്കും ഡോക്ടർമാർക്കും എതിരെ തുടർച്ചയായി നടന്നുകൊണ്ടിരിക്കുന്ന അക്രമണങ്ങൾക്കെതിരെ ശക്തിയായി പ്രതികരിക്കാൻ ഐഎംഎ തീരുമാനിച്ചതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഫെബ്രുവരി പതിമൂന്നാം തീയതി കൂടിയ ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ 270ാമതു പ്രവർത്തകസമിതി യോഗത്തിലാണ് തീരുമാനം. ചികിത്സക്കിടയിൽ രോഗാവസ്ഥ കാരണം സംഭവിക്കാവുന്ന മരണങ്ങൾ ഉണ്ടായാൽ ഡോക്ടർമാർക്കും നഴ്‌സുമാർക്കും ആശുപത്രി ജീവനക്കാർക്കുമെതിരെ ആക്രമണങ്ങൾ നടത്തുന്ന പ്രവണത വർദ്ധിച്ചു വരുന്നു. പലപ്പോഴും സാമൂഹ്യ വിരുദ്ധരും അക്രമവാസനയുള്ള ചില രാഷ്ട്രീയക്കാരുമാണ് പ്രതികൾ. ആശുപത്രി അക്രമണങ്ങൾ തടയുന്നതിൽ സർക്കാർ പരാജയപ്പെടുന്നു എന്നു പ്രവർത്തകസമിതിയോഗം വിലയിരുത്തി. ഒട്ടുമിക്ക സംഭവങ്ങളിലും പ്രതികളെ അറസ്റ്റു ചെയ്യുന്നതിലും ശിക്ഷാനടപടികൾക്കു വിധേയരാക്കുന്നതിലും പൊലീസ് പരാജയപ്പെടുന്നുവെന്നും ഭാരവാഹികൾ ആരോപിച്ചു.

കഴിഞ്ഞ രണ്ടു വർഷങ്ങൾക്കിടയിൽ വനിതാ ഡോക്ടർമാർ ഉൾപ്പെടെ നൂറിലധികം ഡോക്ടർമാർ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ ക്രൂരമായി ആക്രമിക്കപ്പെട്ടു. പ്രതികളിൽ ചില പോലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു എന്നുള്ളതും ഇവർക്കെതിരെ കേസുകൾ എടുക്കാൻ പൊലീസ് മടിക്കുന്നതിനു കാരണമാണ്. മാവേലിക്കര താലൂക്ക് ആശുപത്രിയിൽ ഉണ്ടായ ആക്രമണത്തിൽ പ്രതിയായ പൊലീസുകാരൻ അറസ്റ്റു ചെയ്യപെട്ടില്ല. ആലപ്പുഴ മെഡിക്കൽ കോളജിൽ ലേഡി ഹൗസ് സർജനെ ആക്രമിച്ച കേസിൽ പ്രതിയായ പൊലീസ് ഗൺമാൻ അറസ്റ്റു ചെയ്യപ്പെട്ടില്ല. ആലപ്പുഴ നൂറനാട് കേസിലെ പ്രതിയും പൊലീസാണ്. സ്ത്രീ ഡോക്ടർമാരും നേഴ്‌സുമാരും ക്രൂരമായി ആക്രമിക്കപ്പെടുന്ന സന്ദർഭങ്ങളിൽ പോലും മനുഷ്യാവകാശ സംരക്ഷകരോ വനിതാ കമ്മീഷനോ ഇടപെടുന്നില്ല.

ഒട്ടുമിക്ക ആശുപത്രി ആക്രമണ കേസുകളിലും പൊലീസ് അറസ്റ്റ് വൈകിപ്പിച്ച് സമയം നൽകി പ്രതികൾക്ക് മുൻകൂർ ജാമ്യം എടുക്കാൻ സൗകര്യം ചെയ്തു കൊടുക്കുന്നു. ഇതിനെതിരെ പലതവണ പരാതിപ്പെട്ടിട്ടും ഉന്നത ഉദ്യോഗസ്ഥർ തികഞ്ഞ നിസ്സംഗത പാലിക്കുന്നു. കഴിഞ്ഞ വെള്ളിയാഴ്ച പെരിന്തൽമണ്ണ ഇഎംഎസ് ആശുപത്രിയിൽ ഉണ്ടായ അക്രമണത്തിൽ പോലും പ്രതികളെ അറസ്റ്റുചെയ്ത് നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നതിൽ മനപൂർവ്വമായ കാലതാമസം ഉണ്ടായി. ഇത്തരം സംഭവങ്ങൾക്കെതിരെ ശക്തമായ നിലപാട് എടുക്കാൻ യോഗം തീരുമാനിച്ചു. തുടർന്ന് സംസ്ഥാന തലത്തിൽ ആഹ്വാനം ചെയ്ത് ഐഎംഎ പെരിന്തൽമണ്ണ ബ്രാഞ്ച് നടത്തിയ സമരത്തിന്റെ ഫലമായി പ്രതികൾ അറസ്റ്റു ചെയ്യപ്പെടുകയുണ്ടായി. നിയമ നടപടികൾ വൈകിപ്പിച്ച് പ്രതികൾക്കു രക്ഷപെടാൻ അവസരമൊരുക്കുമ്പോൾ പലപ്പോഴും ഐഎംഎ പ്രതികരിക്കേണ്ട ദുരവസ്ഥ ഉണ്ടാകുന്നു.

വാർത്ത സമ്മേളനത്തിൽ ഐഎംഎ സൗത്ത് സോൺ വൈസ് പ്രസിഡന്റ് ഡോ. വി. മോഹനൻ നായർ, ഐഎംഎ ജില്ലാ ചെയർമാൻ ഡോ. പ്രശാന്ത് സി.വി, ഐഎംഎ ജില്ലാ കൺവീനർ ഡോ. പി. എസ്. പദ്മ പ്രസാദ് എന്നിവർ പങ്കെടുത്തു.

Hospitals should be declared 'safe areas': IMA

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News