Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
Photo| Special Arrangement
തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ കോൺഗ്രസ് നേതാവ് ജോസ് ഫ്രാങ്ക്ളിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് ആത്മഹത്യ ചെയ്ത വീട്ടമ്മയുടെ ആത്മഹത്യാകുറിപ്പ് പുറത്ത്. ഡിസിസി ജനറൽ സെക്രട്ടറി ജോസ് ഫ്രാങ്ക്ളിൻ വായ്പ നൽകാമെന്ന് പറഞ്ഞ് ഓഫീസിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് കുറിപ്പ്.
ജോസ് ഫ്രാങ്ക്ലിന് വഴങ്ങിക്കൊടുക്കാതെ ജീവിക്കാൻ സമ്മതിക്കുന്നില്ലെന്ന് ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. നിരന്തരം കടയിലെത്തി ലൈംഗിക ആവശ്യം ഉന്നയിച്ചു. ഭർത്താവില്ലാത്ത സ്ത്രീയോട് ഇങ്ങനെ ചെയ്യാമോ?, ലോണിൻ്റെ കാര്യം എന്തായെന്ന് ചോദിക്കുമ്പോള്‍ എപ്പോള്‍ വരും, എപ്പോള്‍ കാണാമെന്ന് ജോസ് ഫ്രാങ്ക്ളിൻ ചോദിക്കുമെന്ന് യുവതി തൻ്റെ ആത്മഹത്യ കുറിപ്പില്‍ പറയുന്നു. തന്നെ ജീവിക്കാൻ ജോസ് ഫ്രാങ്ക്ളിൻ സമ്മതിക്കില്ലെന്നും വൃത്തികെട്ട് ജീവിക്കേണ്ടെന്നും അതുകൊണ്ട് മരിക്കുന്നുവെന്നും വീട്ടമ്മ കുറിപ്പിൽ പറഞ്ഞു.
ദിവസങ്ങൾക്ക് മുൻപാണ് നെയ്യാറ്റിൻകരയിൽ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഗ്യാസിൽ നിന്ന് തീ പടർന്നായിരുന്നു മരണം. എന്നാൽ സംഭവം ആത്മഹത്യയെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. യുവതി വീടിന് സമീപം ബേക്കറി നടത്തിവരുകയായിരുന്നു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)