ഗാന്ധിജിക്ക് ബ്രിട്ടീഷുകാർ 100 രൂപ വച്ച് മാസം കൊടുത്തു, അഹിംസാ വാദം സ്വാതന്ത്ര്യം വൈകിച്ചു: എച്ച്ആർഡിഎസ് സെക്രട്ടറി
എന്തടിസ്ഥാനത്തിലാണ് ഇത് പറയുന്നതെന്ന ചോദ്യത്തിന് വായിച്ച അറിവാണെന്നായിരുന്നു മറുപടി.
തിരുവനന്തപുരം: മഹാത്മാ ഗാന്ധിക്ക് ബ്രീട്ടീഷുകാർ മാസം 100 രൂപ വച്ച് കൊടുക്കുമായിരുന്നെന്ന വിചിത്ര വാദവുമായി ആർഎസ്എസ് അനുകൂല സംഘടനയായ എച്ച്ആർഡിഎസ് സെക്രട്ടറി അജി കൃഷ്ണൻ. എന്തടിസ്ഥാനത്തിലാണ് ഇത് പറയുന്നതെന്ന ചോദ്യത്തിന് വായിച്ച അറിവാണെന്നായിരുന്നു മറുപടി. ശശി തരൂരിന് പ്രഥമ സവര്‍ക്കര്‍ പുരസ്കാരം നൽകുന്നത് സംബന്ധിച്ച് വിശദീകരിക്കാൻ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലായിരുന്നു അജി കൃഷ്ണന്റെ പരാമർശം.
ആരോപണത്തിൽ ആധികാരികത വേണ്ടേയെന്ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ, വായിച്ചുള്ള അറിവാണ് ഉള്ളതെന്നും അതിൽ തനിക്ക് ഉത്തരവാദിത്തമുണ്ടെന്നും ഇയാൾ പറഞ്ഞു. പാകിസ്താന് പൈസ കൊടുക്കാൻ ഗാന്ധി ഇവിടെ നിരാഹാരം കിടന്നതായി തരൂർ തന്നെ പറയുന്നുണ്ടല്ലോ എന്നും ഇയാൾ അവകാശപ്പെട്ടു.
'ഇത്തരം പണികൾ കാണിച്ചയാളുകളാണ് ഇവിടെയുള്ളത്. ബ്രിട്ടീഷുകാർക്ക് ഇവിടെനിന്ന് എളുപ്പത്തിൽ രക്ഷപെട്ടുപോകാൻ അവർ തന്നെ ക്രമീകരിച്ച ചില സംവിധാനങ്ങളായിരുന്നു സ്വാതന്ത്ര്യസമരം. നേരത്തേ കിട്ടാമായിരുന്ന സ്വാതന്ത്ര്യം കുറച്ച് താമസിപ്പിച്ചു എന്നതാണ് അഹിംസാ വാദം കൊണ്ടുണ്ടായ കുഴപ്പം. അല്ലെങ്കിൽ ഇതിന് മുമ്പേ കിട്ടിയേനെ. 1947 വരെ നിൽക്കേണ്ട കാര്യമുണ്ടായിരുന്നില്ല'.
'ഗാന്ധി ഉപ്പ് സത്യാഗ്രഹം നടത്തി. ഉപ്പ് ഇവിടെ ജനങ്ങൾക്ക് അത്യാവശ്യമുള്ള കാര്യമായിരുന്നോ?. ഉപ്പില്ലെങ്കിൽ ഒന്നും നടക്കില്ലേ. അതുപോലുള്ള ചില കാര്യങ്ങളിലൂടെ സ്വാനന്ത്ര്യം വാങ്ങിത്തന്നു എന്ന് വരുത്തിത്തീർക്കാനുള്ള ചില കഥകളാണ്'- അജി കൃഷ്ണൻ അഭിപ്രായപ്പെട്ടു.
സവർക്കർ പുരസ്കാരം ഏറ്റുവാങ്ങില്ലെന്ന് ശശി തരൂർ അറിയിച്ചിരുന്നു. അവാർഡിനെക്കുറിച്ച് മാധ്യമങ്ങളിലൂടെ മാത്രമാണ് അറിഞ്ഞതെന്നും തരൂർ പറഞ്ഞിരുന്നു. തരൂർ ഉൾപ്പെടെ ആറു പേർക്കാണ് പ്രഥമ സവർക്കർ പുരസ്കാരം പ്രഖ്യാപിച്ചത്.