മുഖ്യമന്ത്രിക്ക് നേരെ വീണ്ടും കരിങ്കൊടി ; ആറ് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കരുതൽ തടങ്കലിലാക്കി
യൂത്ത് കോൺഗ്രസ് പയ്യന്നൂർ മണ്ഡലം പ്രസിഡന്റ് ഭരത് ഡി പൊതുവാൾ, കെ.എസ്.യു പയ്യന്നൂർ അസംബ്ലി പ്രസിഡന്റ് ആകാശ് ഭാസ്കരൻ എന്നിവരെ പയ്യന്നൂർ പൊലീസ് കരുതൽ തടങ്കലിലാക്കി
കണ്ണൂർ: മുഖ്യമന്ത്രിക്ക് എതിരെ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്. തളിപറമ്പിൽ പ്രവർത്തകർ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേത്യത്വത്തിൽ തളിപറമ്പ് ചുടലയിൽ വെച്ച് സുധീപ് ജയിംസ്, വി.രാഹുൽ, വരുൺ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
യൂത്ത് കോൺഗ്രസ് പയ്യന്നൂർ മണ്ഡലം പ്രസിഡന്റ് ഭരത് ഡി പൊതുവാൾ, കെ.എസ്.യു പയ്യന്നൂർ അസംബ്ലി പ്രസിഡന്റ് ആകാശ് ഭാസ്കരൻ എന്നിവരെ പയ്യന്നൂർ പൊലീസ് കരുതൽ തടങ്കലിലാക്കി. കാസർകോട്ടേക്ക് പോകുന്ന മുഖ്യമന്ത്രി കണ്ണൂരിലൂടെ കടന്നു പോകുന്നതിനെ തുടർന്ന് വലിയ സുരക്ഷയാണ് ഏർപ്പെടുത്തിയിരുന്നത്.
പരിയാരം പോലീസ് സ്റ്റേഷൻ മുൻപിൽ വെച്ച് കരിങ്കൊടി കാണിച്ച 6 പേരെ കസ്റ്റഡിയിലെടുത്തു. സന്ദീപ് പണപ്പുഴ, മഹിത മോഹൻ , സുധീഷ് വെള്ളച്ചാല്‍, വിജേഷ് മാട്ടൂർ, രാഹുൽ പൂങ്കാവ്, മനോജ് കൈതപ്രം, ജയ്സൺ മാത്യു എന്നിവരാണ് അറസ്റ്റിലായത്.
പ്രതിഷേധങ്ങളെ പ്രതിരോധിക്കാന്‍ കനത്ത പൊലീസ് സുരക്ഷയാണ് കാസർകോട് ഒരുക്കിയിട്ടുള്ളത്. വിവിധ ഇടങ്ങളിലായി 900 പോലീസുകാരെ നിയോഗിച്ചു. 15 ഡി.വൈ.എസ്.പിമാരുടെയും 40 ഇന്‍സ്‌പെക്ടര്‍മാരുടെയും നേതൃത്വത്തിലാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. ജില്ലയിലെ 600 പോലീസുകാർക്ക് പുറമെ കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളില്‍ നിന്ന് 300 പോലീസുകാരെ അധികമായി വിളിച്ചു വരുത്തിയിട്ടുണ്ട്.
മുഖ്യമന്ത്രിക്ക് നേരെ തുടർച്ചയായി കരിങ്കൊടി പ്രതിഷേധമുണ്ടായ സാഹചര്യത്തിലാണ് സുരക്ഷ ശക്തിപ്പെടുത്തിയത്. മുഖ്യമന്ത്രിയുടെ വാഹനം കടന്നു പോകുന്ന വഴികളിലെല്ലാം പൊലീസിനെ വിന്യസിക്കും. സി.പി.എം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദൻ നയിക്കുന്ന പ്രതിരോധ ജാഥയുടെ ഉദ്ഘാടനം അടക്കം അഞ്ചു പരിപാടികളിൽ ആണ് മുഖ്യമന്ത്രി ഇന്ന് പങ്കെടുക്കുക.