ചത്തീസ്ഗഡിൽ നടന്നത് മനുഷ്യക്കടത്ത്, സിബിസിഐ വസ്തുതകൾ മറച്ചുവെക്കുന്നു -വിശ്വ ഹിന്ദു പരിഷത്ത്
ഭാരതത്തെ ഏത് രീതിയിലും പൂർണമായി സുവിശേഷവൽക്കരിക്കുക എന്ന ലക്ഷ്യത്തോടുകൂടി പ്രവർത്തിക്കുന്ന ചില കേരളീയ ക്രൈസ്തവ പ്രസ്ഥാനങ്ങൾ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ഹൈന്ദവ ആചാരാനുഷ്ഠാനങ്ങളെ മോശമായി ചിത്രീകരിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്ത് ആസൂത്രിതമായ രീതിയിൽ പണമൊഴുക്കി മതപരിവർത്തന ശ്രമങ്ങൾ നടത്തുന്നുണ്ടെന്നും വിഎച്ച്പി ആരോപിച്ചു
കൊച്ചി: ഛത്തീസ്ഗഡിൽ കന്യാസ്ത്രീകൾ പ്രതികൾ ആവാൻ ഇടയായ കേസിനെ പറ്റിയുള്ള യഥാർത്ഥ വസ്തുതകൾ മറച്ചുവെച്ചുകൊണ്ടാണ് സിബിസിഐ നേതൃത്വം പ്രതികരിക്കുന്നതെന്ന് വിശ്വ ഹിന്ദു പരിഷത്ത് ആരോപിച്ചു. ഛത്തീസ്ഗഡിലെ ദുർഗ് റെയിൽവേ സ്റ്റേഷനിൽ മനുഷ്യക്കടത്ത് ആരോപിച്ച് രണ്ട് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത് ജയിലിടച്ച് സംഭവത്തിൽ വ്യാപക പ്രതിഷേധമാണുയരുന്നത്. ഈ സാഹചര്യത്തിലാണ് വിഎച്ച്പിയുടെ പ്രതികരണം.
പ്രലോഭനത്തിലൂടെയും സാമ്പത്തിക വാഗ്ദാനങ്ങളിലൂടെയും നടത്തുന്നതോ നടപ്പാക്കാൻ ശ്രമിക്കുന്നതോ ആയ മതപരിവർത്തന ശ്രമങ്ങളെ തടയാനും മനുഷ്യക്കടത്ത് തടയാനുമുള്ള നിയമങ്ങൾ നിലനിൽക്കുന്ന സംസ്ഥാനമാണ് ഛത്തീസ്ഗഡ്. ഹൈന്ദവ മേഖലകൾ മാത്രം കേന്ദ്രീകരിച്ച് നടത്തുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ ഇത്തരം വ്യക്തികളും സ്ഥാപനങ്ങളും തയ്യാറാകണം. കന്യാസ്ത്രീകളോടൊപ്പം ഉണ്ടായിരുന്ന കുട്ടികളിൽ പ്രായപൂർത്തി ആകാത്തവരും ഉണ്ടായിരുന്നു. അപ്രകാരമുള്ള കുട്ടികളിൽ ഒരാൾ തന്നെ നിർബന്ധിച്ചാണ് ആഗ്രയിലേക്ക് കന്യാസ്ത്രീകൾ കൊണ്ടുപോകുന്നത് എന്ന് പൊലീസിൽ മൊഴി കൊടുത്തതായി വ്യക്തമായ തെളിവുകൾ ലഭ്യമാണ്. ഈ സാഹചര്യത്തിൽ മതപരിവർത്തനത്തിനു വേണ്ടിയുള്ള മനുഷ്യക്കടത്താണ് നടക്കുന്നതെന്ന് ധാരണയിൽ പ്രദേശവാസികൾ വിവരം പൊലീസിനെ അറിയിക്കുകയാണ് ഉണ്ടായത്. കന്യാസ്ത്രീകളുടെ ഭാഗത്തു നിന്നും നിയമ വിരുദ്ധ നടപടികൾ ഉണ്ടായ സാഹചര്യത്തിൽ പോലീസിൽ വിവരമറിയിക്കുക എന്ന സാധാരണ നടപടി മാത്രമാണ് അവിടെ ഉണ്ടായത്. നിയമവിരുദ്ധമായ പ്രവർത്തികൾ ആരു ചെയ്താലും അവർ ശിക്ഷിക്കപ്പെടണണമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. അനിൽ വിളയിൽ വാർത്താക്കുറിപ്പിൽ പറഞ്ഞു
ഭാരതത്തെ ഏത് രീതിയിലും പൂർണമായി സുവിശേഷവൽക്കരിക്കുക എന്ന ലക്ഷ്യത്തോടുകൂടി പ്രവർത്തിക്കുന്ന ചില കേരളീയ ക്രൈസ്തവ പ്രസ്ഥാനങ്ങൾ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ പ്രവർത്തിച്ചുവരുന്നു. ഹൈന്ദവ ആചാരാനുഷ്ഠാനങ്ങളെ മോശമായി ചിത്രീകരിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്ത് ആസൂത്രിതമായ രീതിയിൽ പണമൊഴുക്കി മതപരിവർത്തന ശ്രമങ്ങൾ നടത്തുന്നതിനെ പ്രാദേശികമായി വിശ്വാസികൾ എതിർക്കുന്നുണ്ടാകും. ആസൂത്രിത മതപരിവർത്തന ശ്രമങ്ങൾ ചെയ്യാൻ ശ്രമിക്കുകയും ചെയ്യുന്ന വ്യക്തികളെയും സംഘടനകളെയും അതിൽ നിന്ന് പിന്തിരിപ്പിക്കാനുമാണ് സിബിസിഐ നേതൃത്വം ചെയ്യേണ്ടത്. ഇതിന് വിരുദ്ധമായി ഏത് സംഭവം ഉണ്ടായാലും അതിൻ്റെ എല്ലാം ഉത്തരവാദിത്വം സംഘപരിവാർ പ്രസ്ഥാനങ്ങളിലേക്ക് കെട്ടിവെക്കുന്ന നടപടിയെ വിശ്വഹിന്ദു പരിഷത്ത് ശക്തമായി എതിർക്കുന്നു