'നിരന്തരം ഭാര്യയെ സംശയിക്കുന്നത് വിവാഹ ജീവിതം നരകതുല്യമാക്കും'; വിവാഹമോചനത്തിന് മതിയായ കാരണമെന്ന് ഹൈക്കോടതി

2013ലായിരുന്നു ഇരുവരുടെയും വിവാഹം

Update: 2025-10-29 06:39 GMT
Editor : Jaisy Thomas | By : Web Desk

AI generated image

കൊച്ചി: ഭർത്താവ് നിരന്തരം സംശയത്തോടെ കാണുന്നത്, ഭാര്യയുടെ വിവാഹ ജീവിതത്തെ നരകതുല്യമാക്കുമെന്ന് നിരീക്ഷിച്ച് ഹൈക്കോടതി. ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രൻ, എം.ബി സ്നേഹലത എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് സംശയം കാരണം ഭാര്യയെ നിരന്തരം ബുദ്ധിമുട്ടിക്കുന്നത് വിവാഹമോചനത്തിന് മതിയായ കാരണമാണെന്ന് നിരീക്ഷിച്ചത്.

2013ലായിരുന്നു ഇരുവരുടെയും വിവാഹം. ഭാര്യയോടുള്ള സംശയം കാരണം ഭർത്താവ് നിർബന്ധിച്ച് ജോലി രാജിവെപ്പിക്കുകയും ഭർത്താവിൻ്റെ കൂടെ കഴിയാൻ വിദേശത്തേക്ക് കൊണ്ടുപോകുകയും ചെയ്തു. വിദേശത്തും ജോലിക്ക് പോകാൻ അനുവദിച്ചില്ല. കൂടാതെ നിരന്തരമായി നിരീക്ഷിക്കുകയും ചെയ്തിരുന്നു. ഭർത്താവിന്‍റെ സാന്നിധ്യത്തിൽ അല്ലാതെ മൊബൈൽ ഫോൺ ഉപയോഗിക്കാൻ അനുവദിച്ചിരുന്നില്ല. ഇത്തരം നീക്കങ്ങൾ മാനസികമായി തളർത്തി എന്നത് ഉൾപ്പെടെ ചൂണ്ടിക്കാണിച്ചാണ് വിവാഹബന്ധം വേർപിരിയാൻ യുവതി കോടതിയെ സമീപിച്ചത്.

തെളിവ് ഹാജരാക്കിയിട്ടില്ലെന്ന ഭർത്താവിന്‍റെ വാദം കോടതി തള്ളി. ഇത്തരത്തിലുള്ള പെരുമാറ്റം അനുഭവിക്കുന്ന ഭാര്യക്ക് രേഖകളോ തെളിവുകളോ ഉണ്ടായിക്കൊള്ളണമെന്നില്ലെന്ന് ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. യുവതിയുടെ പരാതിയെ ഭർത്താവ് നിഷേധിച്ചെങ്കിലും ഇതും കോടതി അംഗീകരിച്ചില്ല.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News