"ഞാനും ഒരു അമ്മയാണ്, അത് പരിഗണിക്കണം"; മരിച്ചവരുടെ കുടുംബങ്ങളെ പിന്തുണക്കുമെന്നും പ്രതി സുഹൈലിൻ്റെ മാതാവ്

അപകടവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കൃത്യമായ അന്വേഷണം നടക്കട്ടെയെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും നൂഹ സജീവ് പറഞ്ഞു

Update: 2026-10-18 10:28 GMT
Editor : Athulya | By : Web Desk

നെടുമ്പാശ്ശേരിയില്‍ നടന്ന വാഹനാപകടത്തില്‍ മൂന്ന് പേരുടെ ജീവന്‍ നഷ്ടപ്പെട്ടതില്‍ അനുശോചനം രേഖപ്പെടുത്തുന്നതായി പ്രതി സുഹൈലിന്റെ മാതാവ് നൂഹ സജീവ്. ഇൻസ്റ്റഗ്രാമിൽ പോസ്റ്റുചെയ്ത വീഡിയോയിലാണ് നൂഹ സജീവ് വേദനയിൽ പങ്കുചേരുന്നതായി അറിയിച്ചിരിക്കുന്നത്. വീട്ടുകാരുടെ തീരാദുഖം തനിക്കറിയാമെന്നും മക്കളെ സ്‌നേഹത്തോടുകൂടി വളര്‍ത്തി വലുതാക്കി ഒരുപാട് സ്വപ്നങ്ങളോടുകൂടി മുന്നോട്ടുപോകുമ്പോള്‍ ഇടയ്ക്ക് വെച്ച് അവരെ നഷ്ടപ്പെടുന്നതിന്റെ വേദന ചിന്തിക്കാന്‍ കഴിയുന്നതിന് അപ്പുറമാണെന്നും അവര്‍ പറഞ്ഞു. തന്റെ വാക്കുകള്‍ മക്കളെ നഷ്ടപ്പെട്ട ആ മാതാപിതാക്കളുടെ വേദന ഒട്ടും കുറയ്ക്കില്ലെന്ന് അറിയാമെന്നും ആ കുഞ്ഞുങ്ങളുടെ വീട്ടുകാരോടുള്ള അനുശോചനം ഒരിക്കല്‍ കൂടി അറിയിക്കുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു.

Advertising
Advertising

നൂഹ സജീവൻ്റെ വാക്കുകൾ...

നെടുമ്പാശ്ശേരിയില്‍ നടന്ന വാഹനാപകടത്തില്‍ മൂന്ന് കുഞ്ഞുങ്ങളുടെ ജീവന്‍ നഷ്ടപ്പെട്ടതില്‍ അനുശോചനം രേഖപ്പെടുത്തുന്നു. വീട്ടുകാരുടെ തീരാദുഃഖം എനിക്കറിയാം. മക്കളെ സ്‌നേഹത്തോടുകൂടി വളര്‍ത്തി വലുതാക്കി ഒരുപാട് സ്വപ്നങ്ങളോടുകൂടി മുന്നോട്ടുപോകുമ്പോള്‍ ഇടയ്ക്ക് വെച്ച് അവരെ നഷ്ടപ്പെടുന്നതിന്റെ വേദന ചിന്തിക്കാന്‍ കഴിയുന്നതിന് അപ്പുറമാണെന്ന് എനിക്കറിയാം. എന്റെ വാക്കുകള്‍ മക്കളെ നഷ്ടപ്പെട്ട ആ മാതാപിതാക്കളുടെ വേദനയ്ക്ക് ഒരു കുറവും നല്‍കില്ലെന്ന് അറിയാം. ആ കുഞ്ഞുങ്ങളുടെ വീട്ടുകാരോടുള്ള അനുശോചനം രേഖപ്പെടുത്തുന്നു.

അപകടവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കൃത്യമായ അന്വേഷണം നടക്കട്ടെ. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ. സത്യമായ കാര്യം മാത്രം നടക്കട്ടെ. സത്യം മാത്രം പുറത്തുവരട്ടെ എന്ന് മാത്രം ആഗ്രഹിക്കുന്നു.

സമൂഹമാധ്യമങ്ങളില്‍ ഈ വിഷയം ഒരുപാട് ചര്‍ച്ച ചെയ്യപ്പെടുന്നുണ്ടെന്ന് അറിയാം. എല്ലാവര്‍ക്കും ഞങ്ങളോട് ദേഷ്യം തോന്നുന്നതും അറിയാം. പക്ഷേ, ഇത്രയും ദുഷ്‌കരമായ അവസ്ഥയില്‍ കുറച്ച് സ്വകാര്യത എനിക്കും എന്റെ കുടുംബത്തിനും നല്‍കണമെന്ന് അഭ്യര്‍ഥിക്കുകയാണ്. ഞങ്ങളും സാധാരണ മനുഷ്യരാണ്. നാല് പേരടങ്ങുന്ന ഒരു കുടുംബമാണ് എന്റേത്. പല കാര്യങ്ങളും ചര്‍ച്ച ചെയ്യപ്പെടുമ്പോഴും അടിസ്ഥാനരഹിതമായ വാര്‍ത്തകൾ പ്രചരിക്കുമ്പോഴും ഞങ്ങളും മനുഷ്യരാണ്, ഞാനൊരു അമ്മയാണ്, എന്ന കാര്യം പരിഗണിക്കണം. എന്റെ കുഞ്ഞിന്റെ ഭാവി ഓര്‍ത്തുള്ള ആശങ്ക എനിക്ക് ഒരു വശത്തുണ്ട്. അതുപോലുള്ള മൂന്ന് കുഞ്ഞുങ്ങളുടെ ജീവന്‍ നഷ്ടപ്പെട്ട വേദനയും മറുവശത്തുണ്ട്. ഇതിന്റെ നടുവില്‍ കിടന്ന് എന്താ ചെയ്യേണ്ടതെന്ന് അറിയാതെ വിഷമിക്കുകയാണ്. എഴുന്നേറ്റിരിക്കാന്‍ പോലും കഴിയാത്തത്രെ വിഷമകരമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്.

ഒരു അമ്മയെന്ന നിലയിലും സംരംഭക എന്ന നിലയിലും മരിച്ചവരുടെ കുടുംബത്തോടുള്ള പിന്തുണ അറിയിക്കുന്നു. ഞങ്ങളുള്ളിടത്തോളം കാലം ആ കുടുംബത്തെ പിന്തുണക്കും. ആരുടെയും വേദന കുറച്ചുകാണിക്കാനോ കൂട്ടിക്കാണിക്കാനോ അല്ല. എന്റെ നിസ്സഹായവസ്ഥയാണ്. ഞങ്ങള്‍ നാലുപേര്‍ക്കും ഇനിയൊരു ജീവിതമുണ്ട്. ഞങ്ങളെപ്പറ്റി വാര്‍ത്ത പ്രചരിപ്പിക്കുമ്പോള്‍ ഓര്‍ക്കുക, നിങ്ങളെപ്പോലെ സാധാരണ മനുഷ്യരാണ് ഞങ്ങള്‍. സാധാരണ അമ്മയാണ് ഞാന്‍. ഞങ്ങളെപ്പറ്റി പ്രചരിപ്പിക്കുന്ന കാര്യങ്ങളില്‍ നിന്ന് ഞങ്ങളെ ഒഴിവാക്കിത്തരണം.

Tags:    

Writer - Athulya

contributor

Editor - Athulya

contributor

By - Web Desk

contributor

Similar News