'രണ്ട് തവണ ഹൃദയാഘാതം, പല്ലെല്ലാം കൊഴിഞ്ഞു'.. ജയിലില്‍ ഇബ്രാഹിമിന്‍റെ ജീവന്‍ നഷ്ടപ്പെടുമെന്ന പേടിയില്‍ കുടുബം

കടുത്ത ആരോഗ്യപ്രശ്നങ്ങളുള്ള ഇബ്രാഹിമിന് ഇടക്കാല ജാമ്യമെങ്കിലും നല്‍കണമെന്നാണ് കുടുംബത്തിന്‍റെ അപേക്ഷ

Update: 2021-07-09 06:19 GMT
Advertising

യുഎപിഎ ചുമത്തി ആറ് വര്‍ഷം മുന്‍പ് ജയിലില്‍ അടയ്ക്കപ്പെട്ട ഇബ്രാഹിമിന്‍റെ ജീവന്‍ നഷ്ടപ്പെടുമോയെന്ന് ഭയമുണ്ടെന്ന് കുടുംബം. കടുത്ത ആരോഗ്യപ്രശ്നങ്ങളുള്ള ഇബ്രാഹിമിന് ഇടക്കാല ജാമ്യമെങ്കിലും നല്‍കണമെന്നാണ് കുടുംബത്തിന്‍റെ അപേക്ഷ.

"ജാമ്യം ലഭിച്ചിട്ടില്ല. ജയിലില്‍ തന്നെ കിടത്തിയേക്കുവാണ്. വിചാരണയൊന്നു നടത്തിയിട്ടില്ല. ഈ ആറാം തിയ്യതി കേസ് വിളിക്കുമെന്ന് പറഞ്ഞിരുന്നു. വിളിച്ചോ ഇല്ലയോ എന്ന് അറിയില്ല. കോഴിക്കോട് പച്ചക്കറിക്കടയില്‍ സാധനം കൊടുത്തോണ്ട് നില്‍ക്കുന്ന സമയത്താണ് അറസ്റ്റ് ചെയ്തുകൊണ്ടുപോയത്. 67 വയസ്സുണ്ട്. രണ്ട് തവണ ഹാര്‍ട്ട് അറ്റാക്ക് വന്നു. ഷുഗറും പ്രഷറുമൊക്കെയുണ്ട്. പല്ലെല്ലാം കൊഴിഞ്ഞുപോയി. ഭക്ഷണം കഴിക്കാനൊന്നും പറ്റൂല്ല. ഇവിടെ രണ്ട് തവണ വന്നപ്പോ തന്നെ പറ്റെ അവശതയായിരിക്കണ്, മെലിഞ്ഞ്.. ഇനി അധികനാളൊന്നും അവിടെ നില്‍ക്കുമെന്ന തോന്നലില്ല ഞങ്ങക്ക്. ജാമ്യ കിട്ടണം. അതാണ് ആവശ്യം"- ഇബ്രാഹിമിന്‍റെ ഭാര്യ ജമീല പറഞ്ഞു.

ഇബ്രാഹിമിന് ജാമ്യമോ പരോളോ നൽകണമെന്ന് നിവേദനം

2015 ജൂലൈയിലാണ് മാവോയിസ്റ്റ് ബന്ധമാരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്യുന്നത്. കഴിഞ്ഞ ആറ് വർഷമായി പുറം ലോകവുമായി ബന്ധമില്ലാതെ വിയ്യൂരിലെ ജയിലിൽ കഴിയുന്നു. മുൻപ് രണ്ട് തവണ ഹൃദയാഘാതം വന്ന ആളെന്ന നിലയിലുള്ള പരിഗണന ഇബ്രാഹിമിന് നൽകിയിട്ടില്ല. പ്രമേഹ രോഗത്താൽ വലയുകയാണ്. ദിവസം 22ലേറെ മരുന്നുകളുണ്ട്. അനേകം ആരോഗ്യ പ്രശ്നങ്ങൾ നേരിടുമ്പോഴും ഇബ്രാഹിമിന് പരോൾ അനുവദിക്കാൻ അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല.

ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുള്ള ഇബ്രാഹിമിന് ജാമ്യമോ പരോളോ നൽകണമെന്ന് ആവശ്യപ്പെട്ട് കവി സച്ചിദാനന്ദൻ ഉൾപ്പെടെ 16 പേർ ഒപ്പിട്ട നിവേദനം മുഖ്യമന്ത്രിക്ക് സമർപ്പിച്ചിരുന്നു. മനുഷ്യാവകാശ പ്രവർത്തകരുടെ പ്രതിഷേധത്തിന് ശേഷം ആറ് വർഷത്തിനിപ്പുറം കഴിഞ്ഞ മാസം ഇബ്രാഹിമിൻറെ കേസിൽ വിചാരണ തുടങ്ങി. ഇത് പരോൾ അനുവദിക്കാതിരിക്കാനുള്ള നീക്കമാണെന്ന് മനുഷ്യാവകാശ പ്രവർത്തകർ ആരോപിക്കുന്നു.

എന്നാൽ ഇബ്രാഹിമിന്‍റെ ആരോഗ്യസ്ഥിതി മോശമല്ലെന്നും വീഡിയോ കോൺഫറൻസിലൂടെ വിചാരണയിൽ പങ്കെടുക്കുന്നുണ്ടെന്നുമാണ് ജയിൽ അധികൃതർ നൽകുന്ന വിശദീകരണം. പക്ഷേ വിയ്യൂർ ജയിലിൽ കോവിഡ് പടരുന്ന സാഹചര്യത്തിൽ ഇത്രയും പ്രായവും നിരവധി അസുഖങ്ങളുമുള്ള ഒരാളെ ചികിത്സയോ പരിചരണമോ ഇല്ലാതെ തടവിൽ പാർപ്പിക്കുന്നത് മനുഷ്യാവകാശ ധ്വംസനമാണെന്ന് മനുഷ്യാവകാശ പ്രവർത്തകർ പറയുന്നു.

Full View


Tags:    

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News