ഐ.എന്‍.എല്ലിനകത്ത് മഞ്ഞുരുകുന്നു; ചര്‍ച്ചക്ക് തയ്യാറായി ഇരുപക്ഷവും

മന്ത്രി അഹമ്മദ് ദേവര്‍കോവിലാണ് ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിക്കുന്നത്

Update: 2021-07-31 01:48 GMT
Editor : Jaisy Thomas | By : Web Desk
Advertising

ഒരുമിച്ച് പോയില്ലെങ്കില്‍ മുന്നണിയിലുണ്ടാവില്ലെന്ന കര്‍ശന നിലപാട് സി.പി.എം എടുത്തതോടെ ഐ.എന്‍.എല്ലിനകത്തെ ഇരുപക്ഷവും ഒത്തുതീര്‍പ്പിനുള്ള സാധ്യത തേടുന്നു. മന്ത്രി അഹമ്മദ് ദേവര്‍കോവിലാണ് ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിക്കുന്നത്. ഇന്ന് മന്ത്രിയും എ.പി അബ്ദുല്‍വഹാബും കാസിം ഇരിക്കൂറും കോഴിക്കോടുള്ളതിനാല്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടന്നേക്കും.

തമ്മിലടിച്ച് രണ്ടായി നില്‍ക്കാനാണ് തീരുമാനമെങ്കില്‍ കാത്ത് കാത്തിരുന്ന് കിട്ടിയ മുന്നണി പ്രവേശനവും മന്ത്രി സ്ഥാനവും ഇല്ലാതാകുമെന്ന ക്യത്യമായ സന്ദേശം സി.പി.എം ഇരുപക്ഷത്തിനും നല്‍കി കഴിഞ്ഞു. ഒത്തുതീര്‍പ്പിന് ഒരു സാധ്യതയുമില്ലെന്ന് പറഞ്ഞിരുന്ന സംസ്ഥാന പ്രസിഡന്‍റ് എ.പി അബ്ദുല്‍ വഹാബും ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറും ഇതോടെ അയഞ്ഞു. പാര്‍ട്ടി ഒന്നിച്ച് പോയില്ലെങ്കില്‍ ഏറ്റവും വലിയ നഷ്ടം തനിക്കായിരിക്കുമെന്ന തിരിച്ചറിവ് മന്ത്രി അഹമ്മദ് ദേവര്‍കോവിലിനുമുണ്ട്. ഇതോടെയാണ് കാസിം ഇരിക്കൂര്‍ പക്ഷത്ത് നിന്ന മന്ത്രി നിക്ഷ്പക്ഷ റോളിലെത്തി മധ്യസ്ഥത വഹിക്കുന്നത്.

അടുത്തിടെ പുറത്താക്കിയ 12 പേരെ തിരിച്ചെടുക്കണമെന്നതാണ് വഹാബ് പക്ഷത്തിന്‍റെ ആവശ്യം. മന്ത്രിയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ നടപടി വേണമെന്ന് കാസിം ഇരിക്കൂര്‍ വിഭാഗവും പറയുന്നു. മന്ത്രി നടത്തുന്ന ചര്‍ച്ചയില്‍ തീരുമാനമുണ്ടായില്ലെങ്കില്‍ കാന്തപുരം വിഭാഗത്തിന്‍റെ ഇടപെടലില്‍ ചര്‍ച്ചകള്‍ മുന്നോട്ട് കൊണ്ടുപോകാനാണ് ഇരുപക്ഷത്തുമുള്ള ധാരണ.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News