വേണം ഇടുക്കി മെഡിക്കല്‍ കോളേജ്: മന്ത്രി ഇടപെടണമെന്ന് ആവശ്യം

2014ൽ മെഡിക്കൽ കോളേജ് പ്രവർത്തനം ആരംഭിച്ചെങ്കിലും അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തതിനാൽ രണ്ട് വർഷത്തിനുള്ളിൽ തന്നെ അംഗീകാരം നഷ്ടമായി

Update: 2021-05-22 03:05 GMT
Editor : Suhail | By : Web Desk

ഏഴ് വർഷം മുൻപ് പ്രവർത്തനം ആരംഭിച്ച ഇടുക്കി മെഡിക്കൽ കോളേജ് ഇപ്പോഴും പൂർണലക്ഷ്യത്തിൽ എത്തിയിട്ടില്ല. വിദഗ്ദ്ധ ചികിത്സക്കായി മറ്റ് ജില്ലകളെ ആശ്രയിക്കുകയാണ് ഇടുക്കിയിലുള്ളവർ. ജില്ലയിൽ നിന്ന് മന്ത്രിസഭയിൽ എത്തിയ റോഷി അഗസ്റ്റിൻ വിഷയത്തിൽ ആവശ്യമായ ഇടപെടൽ അടിയന്തരമായി നടത്തണമെന്നാണ് ഇടുക്കിക്കാരുടെ ആവശ്യം.

പത്തു വർഷം മുൻപ് കെ.എം മാണി അവതരിപ്പിച്ച സംസ്ഥാന ബജറ്റിലാണ് ഇടുക്കി മെഡിക്കൽ കോളജ് പ്രഖ്യാപിച്ചത്. 2014ൽ മെഡിക്കൽ കോളേജ് പ്രവർത്തനം ആരംഭിച്ചു. എന്നാൽ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തതിനാൽ രണ്ട് വർഷത്തിനുള്ളിൽ തന്നെ കോളേജിന്റെ അംഗീകാരം നഷ്ടമായി. കഴിഞ്ഞ വർഷങ്ങളിൽ ഒട്ടേറെ അടിസ്ഥാന സൗകര്യങ്ങൾ ഒരുങ്ങിയെങ്കിലും ഇനിയും മെഡിക്കൽ കോളജ് ലക്ഷ്യത്തിൽ എത്തിയിട്ടില്ല എന്നതാണ് യാഥാർഥ്യം.

നിർധന രോഗികൾക്ക് ആധുനിക സ്പെഷ്യലിറ്റി ചികിൽസ ലഭിക്കുന്ന രീതിയിൽ മെഡിക്കൽ കോളേജിനെ വേഗത്തിൽ മാറ്റിയെടുക്കണം എന്നതാണ് ജില്ലയിൽ നിന്നുള്ള പുതിയ മന്ത്രി റോഷി അഗസ്റ്റിനോട് ഇടുക്കിക്കാർക്ക് പ്രധാനമായും പറയാനുള്ളത്.

അടുത്ത അധ്യയന വർഷമെങ്കിലും ഇവിടെ വിദ്യാർഥികൾക്ക് പ്രവേശനം നൽകാൻ കഴിയണം. മെഡിക്കൽ കോളേജിന് ആവശ്യമായ പുതിയ കെട്ടിടങ്ങൾ ഇപ്പോൾ നിർമാണ ഘട്ടത്തിലാണ്. പണി പൂർത്തിയായ അക്കാഡമിക് ബ്ലോക്കിന്റെയും ലാബ്കളുടെയും ഉൽഘാടനം കഴിഞ്ഞ വർഷം നടത്തിയിരുന്നു.

Tags:    

Editor - Suhail

contributor

By - Web Desk

contributor

Similar News