ആറ് വയസുകാരനെ ചുറ്റികയ്ക്കടിച്ച് കൊന്ന സംഭവം; പ്രതി ലക്ഷ്യമിട്ടത് കൂട്ടക്കൊല

ഇടുക്കി ആനച്ചാൽ കൊലപാതകത്തിൽ പ്രതി ലക്ഷ്യമിട്ടത് കൂട്ടക്കൊല. ആക്രമണം നടത്തിയത് ആറു വയസുകാരൻ ഉൾപ്പടെ നാലു പേരെ കൊല്ലാൻ.

Update: 2021-10-04 04:41 GMT
Advertising

ആനച്ചാലില്‍ ആറു വയസുകാരനെ ചുറ്റികയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി ലക്ഷ്യംവെച്ചത് കൂട്ടക്കൊല. കുടുംബത്തിലെ നാലുപേരെയും കൊല്ലണം എന്ന ഉദ്ദേശത്തിലാണ് ആക്രമണം നടത്തിയതെന്ന് പ്രതി വ്യക്തമാക്കിയതായി പൊലീസ് പറഞ്ഞു. കുട്ടിയുടെ മാതാവ് സഫിയയും ചുറ്റിക കൊണ്ടുള്ള അടിയേറ്റ് ​ഗുരുതരാവസ്ഥയിലാണ്. സഫിയയുടെ മാതാവിനും ആക്രമണത്തിൽ പരിക്കേറ്റു. സഫിയയുടെ സഹോദരിയുടെ ഭ‍ർത്താവായ ഷാജഹാനാണ് ക്രൂരമായ കൊലപാതത്തിന് പിന്നില്‍

തന്‍റെ കുടുബജീവിതം തകർത്തതിലുള്ള വൈരാഗ്യമാണ് പ്രതിയുടെ പകയ്ക്ക് കാരണമെന്ന് പൊലീസ് പറയുന്നു. ഈ വൈരാഗ്യത്തിലാണ് ഭാര്യയുടെ കുടുംബത്തിലെ എല്ലാവരെയും കൊല്ലാൻ തീരുമാനിച്ചത്. കൊലയ്ക്ക് ഉപയോഗിച്ച് ചുറ്റിക പൊലീസ് കണ്ടെത്തി. ഇന്ന് പ്രതിയെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും.

കുറച്ചു നാളുകളായി ഭാര്യയുമായി അകന്ന് കഴിയുകയാണ് ഷാജഹാൻ. തന്നെയും ഭാര്യയെയും തമ്മിൽ അകറ്റിയത് ഭാര്യാമാതാവും, ഭാര്യാ സഹോദരി സഫിയയും ആണെന്നാണ് പ്രതിയുടെ ആരോപണം. ഇതിലുള്ള പകയാണ് എല്ലാവരെയും വകവരുത്തുന്നതിലേക്ക് ചിന്തിക്കാന്‍ ഷാജഹാനെ പ്രേരിപ്പിച്ചത്. 

ഞായറാഴ്ച പുലർച്ചെ മൂന്ന് മണിയോടെ ഷാജഹാന്‍ സഫിയയുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറി ഉറങ്ങി കിടന്ന സഫിയയേയും മക്കളേയും ചുറ്റിക കൊണ്ട് അക്രമിക്കുകയായിരുന്നു.  എല്ലാവരും ഉറക്കമായ സമയത്ത് വീട്ടിലെത്തിയ ഷാജഹാൻ ആറ് വയസുകാരന്‍ അല്‍ത്താഫിനയെും സഫിയയേയുയും ആദ്യം ആക്രമിച്ചു. ചുറ്റിക കൊണ്ടുള്ള അടിയേറ്റ് ആറുവയസുകാരനായ അല്‍ത്താഫ് സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചു. പെട്ടുന്നുണ്ടായ ആക്രമണത്തില്‍ പേടിച്ചുപോയ സഫിയയുടെ 15 വയസ്സുള്ള മകൾ അടുത്ത വീട്ടിലേക്ക് ഓടിയതോടെയാണ് സംഭവം പരിസരവാസികൾ അറിയുന്നത്. സഫിയയുടെ മകളുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയതോടെ ഇയാൾ സംഭവസ്ഥലത്ത് നിന്നും മുങ്ങി.

പിന്നീട് നടത്തിയ തിരച്ചിലില്‍ പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു.  ഇന്ന് പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുക്കും..

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News