'കിഫ്ബി റോഡിൽ ടോൾ പിരിച്ചാൽ തടയും'; സർക്കാർ നീക്കത്തിനെതിരെ കെ. സുധാകരന്‍

സാധാരണക്കാരന്റെ പോക്കറ്റടിക്കാനാണ് കിഫ്‌ബി റോഡുകൾക്കും പാലങ്ങൾക്കുമുള്ള ടോൾ പിരിവെന്ന് പി.വി അൻവർ പറഞ്ഞു

Update: 2025-02-04 08:42 GMT
Editor : നബിൽ ഐ.വി | By : Web Desk

തിരുവനന്തപുരം: കിഫ്ബി ഫണ്ടിൽ നിർമ്മിക്കുന്ന റോഡുകളിൽ ജനങ്ങളെ കൊള്ളയടിക്കുന്ന ടോള്‍ പിരിവുമായി സര്‍ക്കാര്‍ മുന്നോട്ട് പോയാല്‍ ശക്തമായ പ്രക്ഷോഭവുമായി കോണ്‍ഗ്രസ് കേരളത്തിലെ തെരുവുകളിലേക്ക് ഇറങ്ങുമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപി. ഇന്ധന സെസും മോട്ടാര്‍ വാഹന നികുതിയുടെ പകുതിയും കിഫ്ബിയിലേക്ക് പിടിക്കുന്നതിന് പുറമെയാണ് ജനത്തെ വീണ്ടും പിഴിയുന്ന തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്ന് സുധാകരന്‍ പറഞ്ഞു.

'റോഡുകളിൽ ടോള്‍ പിരിക്കാനുള്ള സര്‍ക്കാര്‍ നീക്കം കേരളീയ പൊതുസമൂഹത്തിന് സാമ്പത്തിക ബാധ്യത സൃഷ്ടിക്കും. ടോളിനെതിരെ ഇത്രയും നാളും സമരം ചെയ്തവരാണ് സിപിഎമ്മുകാര്‍. ടോള്‍ രഹിത റോഡുകളെന്നായിരുന്നു ഒന്നാം പിണറായി സര്‍ക്കാരിന്റെ പ്രഖ്യാപനം. കിഫ്ബി പദ്ധതികളിലെ ക്രമക്കേടും ചട്ടവിരുദ്ധമായ വായ്പകള്‍ എടുത്തതിലെ അപാകതകളുമാണ് നിലവിലെ ധനപ്രതിസന്ധിക്ക് കാരണം. കിഫ്ബി പദ്ധതികളുടെ കരാറുകള്‍ പലതും ദുരൂഹമാണ്. സ്വന്തക്കാർക്കും ഇഷ്ടക്കാർക്കുമായി കരാറുകൾ പലതും നൽകിയതും വലിയ സാമ്പത്തിക ബാധ്യതയ്ക്ക് ഇടയാക്കി. ക്രമവിരുദ്ധമായി കിഫ്ബി മസാല ബോണ്ടുകള്‍ വിറ്റത് ഉള്‍പ്പെടെ പ്രതിസന്ധി സൃഷ്ടിച്ചു. കൂടിയ പലിശയ്ക്ക് പണം എടുത്ത് ചെറിയ പലിശയ്ക്ക് നിക്ഷേപിച്ചതും സംസ്ഥാനത്തിന് കനത്ത നഷ്ടം ഉണ്ടാക്കി. കിഫ്ബിയുടെ സാമ്പത്തിക ഇടപാടുകളെല്ലാം ദുരൂഹമാണ്. കിഫ്ബിയുടെ കടം പെരുകി തിരിച്ചടവ് ബുദ്ധിമുട്ടായപ്പോൾ ജനങ്ങളെ പിഴിയാനാണ് സര്‍ക്കാര്‍ നീക്കം' - സുധാകരൻ പറഞ്ഞു.

Advertising
Advertising

കിഫ്ബി റോഡുകളില്‍ നിന്ന് ടോള്‍ പിരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ അത് അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. ഇതിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭമുണ്ടാകും. സര്‍ക്കാരിന്റെ ധൂര്‍ത്തും അഴിമതിയും പിന്‍വാതില്‍ നിയമനങ്ങളുമാണ് സംസ്ഥാനത്തെ ധനപ്രതിസന്ധിക്ക് കാരണം. ഇതിനു പുറമെയാണ് കിഫ്ബിയിലൂടെ വരുത്തിവച്ച ബാധ്യതകളും. ഇതെല്ലാം ജനങ്ങള്‍ക്കു മേല്‍ വിവിധ മാര്‍ഗ്ഗങ്ങളിലൂടെ അടിച്ചേല്‍പ്പിക്കാനാണ് സര്‍ക്കാര്‍ ഇപ്പോൾ ശ്രമിക്കുന്ന​തെന്നും അദ്ദേഹം പറഞ്ഞു.

സാധാരണക്കാരന്റെ പോക്കറ്റടിക്കാനാണ് കിഫ്‌ബി റോഡുകൾക്കും പാലങ്ങൾക്കുമുള്ള ടോൾ പിരിവെന്ന് പി.വി അൻവർ ആരോപിച്ചു. 'കേരളത്തിൽ നടക്കുന്നത് സ്വജനപക്ഷപാതവും അഴിമതിയും പിടിച്ചുപറിയുമാണ്. മന്ത്രിസഭയിലെ തീരുമാനങ്ങൾ മന്ത്രിമാർ പോലും അറിയുന്നില്ല. ജനങ്ങളുമായി സംസാരിക്കേണ്ട വിഷയങ്ങൾ പൊതുസമൂഹത്തോട് പറയുന്നില്ലെന്ന്' പി.വി അൻവർ പറഞ്ഞു

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News