കണ്ണൂരിൽ എട്ടുവയസുകാരിക്ക് മർദനം; കുട്ടികൾക്ക് സംരക്ഷണം നൽകുമെന്ന് വീണ ജോർജ്
കുട്ടികളെ ശിശു സംരക്ഷണ സ്ഥാപനത്തിലേക്ക് മാറ്റുമെന്നും കുട്ടികൾക്ക് ആവശ്യമായ കൗൺസിലിംഗും നൽകുമെന്ന് മന്ത്രി വ്യക്തമാക്കി
Update: 2025-05-24 08:57 GMT
കണ്ണൂർ: കണ്ണൂരിൽ അച്ഛൻ ഉപദ്രവിച്ച എട്ടുവയസുകാരിക്ക് തുടർ സംരക്ഷണം നൽകുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. കുട്ടികളെ ശിശു സംരക്ഷണ സ്ഥാപനത്തിലേക്ക് മാറ്റുമെന്നും കുട്ടികൾക്ക് ആവശ്യമായ കൗൺസിലിംഗും നൽകുമെന്ന് മന്ത്രി വ്യക്തമാക്കി. തുടർനടപടികൾ സ്വീകരിക്കാൻ ശിശു വനിതാ വികസന വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകിയെന്നും മന്ത്രി പറഞ്ഞു.
നേരത്തെ അച്ഛനെതിരെ പൊലീസ് കേസെടുത്തിരുന്നു. പ്രാപൊയിയിൽ ജോസിനെതിരെയാണ് കേസ്. അമ്മയോട് കൂടുതൽ അടുപ്പം കാണിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു മർദനം. എന്നാൽ അമ്മ തിരികെ വരാനായി ചെയ്ത പ്രാങ്ക് വീഡിയോ ആണെന്ന് കുട്ടി പറഞ്ഞു. പിതാവ് ഉപദ്രവിച്ചിട്ടല്ലെന്നും വീഡിയോ സ്വന്തമായി എഡിറ്റ് ചെയ്ത് മാതാവിന് അയച്ചു നൽകിയതാണെന്നും എട്ടുവയസുകാരിയുടെ സഹോദരൻ പറഞ്ഞു.