അസാധ്യമെന്ന് തോന്നിയതൊക്കെ സാധ്യമായ ഒൻപത് വർഷങ്ങൾ; സർക്കാരിന്റെ ഒൻപതാം വാർഷികത്തിൽ നേട്ടങ്ങളെണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി
യുഡിഎഫ് സർക്കാരിന്റെ അലംഭാവം കാരണം അസാധ്യമെന്ന് തോന്നിയിരുന്ന പല പദ്ധതികളും ഇടതു സർക്കാരിന്റെ ഇച്ഛാശക്തികൊണ്ട് സാധ്യമായെന്ന് പിണറായി പറഞ്ഞു
കോഴിക്കോട്: ഇടതു സർക്കാരിന്റെ ഒൻപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നടത്തിയ പത്രസമ്മേളനത്തിൽ സർക്കാരിന്റെ നേട്ടങ്ങളെണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. യുഡിഎഫ് സർക്കാരിന്റെ അലംഭാവം കാരണം അസാധ്യമെന്ന് തോന്നിയിരുന്ന പല പദ്ധതികളും ഇടതു സർക്കാരിന്റെ ഇച്ഛാശക്തികൊണ്ട് സാധ്യമായെന്ന് പിണറായി പറഞ്ഞു. ദേശീയപാതാ വികസനവും ഗെയിൽ പദ്ധതിയും അതിന് ഉദാഹരണങ്ങളായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ദേശീയപാതാ വികസനം നടക്കില്ലെന്ന ധാരണയിൽ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ദേശീയപാത അധികൃതർ ഓഫീസ് അടച്ച് സ്ഥലം വിടുന്ന സ്ഥിതിയുണ്ടായിരുന്നു. എന്നാൽ സ്ഥലമേറ്റെടുപ്പിനായി 5600 കോടി രൂപ സംസ്ഥാന സർക്കാരാണ് വഹിച്ചത്.വിഴിഞ്ഞം നിർമ്മാണത്തിന്റെ 100 ശതമാനം നടന്നത് ഈ സർക്കാരിന്റെ കാലത്താണെന്നും കൊച്ചി മെട്രോയും കണ്ണൂർ വിമാനത്താവളവും ഇടതു സർക്കാരിന്റെ നിർമ്മാണങ്ങളാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തെ അതിദാരിദ്ര മുക്തമാക്കാൻ ഇടതു സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും രാജ്യത്ത് ഏറ്റവും കുറഞ്ഞ ബഹുമുഖ ദാരിദ്ര സൂചികയുള്ള സംസ്ഥാനമായി കേരളം മാറിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വയനാട് ദുരിത ബാധിതർക്ക് ജീവനോപാധി ഉൾപ്പടെ എല്ലാ സഹായവും നൽകാനായി. ടൗൺഷിപ്പ് നിർമ്മാണം ദ്രുതഗതിയിൽ പുരോഗമിക്കുന്നുണ്ട്. 410 വീടുകളാണ് നിർമ്മിക്കുന്നത്. ആദ്യഘട്ട വീടുകളുടെ വാർപ്പ് പൂർത്തിയായെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
കേരളത്തിന്റെ നികുതി വരുമാനം 71.66 ശതമാനം ഉയർന്നു. ജിഎസ്ടി കൗൺസിലിന്റെ റാങ്കിങ്ങിൽ കേരളത്തിന് ഒന്നാം സ്ഥാനമാണ്. കടത്തിന്റെ നിരക്കിലും കുറവുണ്ടായി. കടക്കെണിയിലെന്ന് പ്രചരിപ്പിക്കുന്നവർ ഈ കണക്കുകൾ കാണുന്നില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.അർഹമായ പലതും തടഞ്ഞുവെച്ച് കേന്ദ്രം ഞെരുക്കുന്നുവെന്നും സർക്കാരിനെ ഒറ്റപ്പെടുത്തിയ ശക്തികളുണ്ടെന്നും കോഴിക്കോട് വെച്ച് നടന്ന വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി ആരോപിച്ചു.
അതേസമയം ആശാ സമരത്തിൽ സർക്കാർ തത്കാലം ഇടപെടില്ലെന്നും ഒത്തുതീർപ്പാക്കാനുള്ള ശ്രമങ്ങൾ സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കെ റെയിൽ സംസ്ഥാന സർക്കാർ മാത്രം വിചാരിച്ചാൽ നടക്കുന്നതല്ലെന്നും കേന്ദ്ര സർക്കാർ വികസന വിരുദ്ധരുടെ ഒപ്പം നിന്നുവെന്നും കുറ്റപ്പെടുത്തി. ഇഡി അഴിമതിയിൽ പ്രധാനമന്ത്രി ഇടപെടണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.