‘മലപ്പുറത്ത് അനാവശ്യമായി കേസുകളുടെ എണ്ണം വർധിപ്പിക്കുന്നു’; പൊലീസിനെ വിമർശിച്ച് മന്ത്രി വി.അബ്ദുറഹിമാൻ

‘ന്യൂനപക്ഷ വിഭാഗങ്ങൾ കൂടുതലായി താമസിക്കുന്ന മലപ്പുറത്ത് അനാവശ്യമായി കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യുന്നത് ദേശീയതലത്തിൽ മലപ്പുറത്തെ കുറിച്ച് മോശം പ്രതിച്ഛായ ഉണ്ടാക്കും’

Update: 2024-07-18 18:45 GMT

മലപ്പുറം: പൊലീസിനെ രൂക്ഷമായി വിമർശിച്ച് മന്ത്രി വി.അബ്ദുറഹിമാൻ.  മലപ്പുറം ജില്ലയിൽ പൊലീസ് അനാവശ്യമായി കേസുകളുടെ എണ്ണം വർധിപ്പിക്കുന്നു. കേസുകളുടെ എണ്ണം വർധിപ്പിച്ച് ക്രഡിറ്റ് ഉണ്ടാക്കുകയാണ് പൊലീസിൻ്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. ന്യൂനപക്ഷ വിഭാഗങ്ങൾ കൂടുതലായി താമസിക്കുന്ന മലപ്പുറത്ത് അനാവശ്യമായി കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യുന്നത് ദേശീയതലത്തിൽ മലപ്പുറത്തെ കുറിച്ച് മോശം പ്രതിച്ഛായ ഉണ്ടാക്കും. കേസുകൾ എടുക്കനായി സാധരണ പൊലീസ് ഉദ്യോഗസ്ഥരെ സീനിയർ ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ മലപ്പുറം ജില്ലാ സമ്മേളനത്തിലാണ് മന്ത്രി പൊലീസിനെ വിമർശിച്ചത്. മലപ്പുറത്ത് സർക്കാർ നയത്തിന് വിപരീതമായാണ് പൊലീസ് പ്രവർത്തിക്കുന്നതെന്ന ആക്ഷേപമുണ്ട്. പൊലീസ് ജനങ്ങളോട് സൗമ്യമായും മാന്യമായും പെരുമാറണമെന്നും അദ്ദേഹം പറഞ്ഞു​.

മന്ത്രി വേദിവിട്ട ശേഷം പ്രസംഗിച്ച ജില്ലാ പൊലീസ് മേധവി ശശിധരൻ മന്ത്രിക്ക് മറുപടി നൽകി. അനാവശ്യമായി കേസുകൾ എടുക്കാറില്ലെന്നും കേസുകൾ എടുക്കുന്നത് പൊലീസിന് നല്ലതാണെന്നുമായിരുന്നു ജില്ലാ പൊലീസ് മേധാവിയുടെ പ്രതികരണം.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

Chief Web Journalist

By - Web Desk

contributor

Similar News