'ഏതെങ്കിലും പ്രത്യേക വിഭാഗത്തിന് മാത്രമായി സ്വാതന്ത്ര്യം ചുരുക്കപ്പെടാൻ പാടില്ല'; മുഖ്യമന്ത്രി

തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി ദേശീയ പതാക ഉയർത്തി

Update: 2023-08-15 04:59 GMT
Editor : Lissy P | By : Web Desk

തിരുവനന്തപുരം:  സ്വാതന്ത്ര്യ ദിനാഘോഷത്തിന്‍റെ ഭാഗമായി സംസ്ഥാനത്തും  വിപുലമായ പരിപാടികള്‍ നടന്നു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ രാവിലെ ഒമ്പതുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ പതാക ഉയർത്തി. ആകാശത്ത് നിന്ന് ഹെലികോപ്റ്ററിൽ പുഷ്പ വൃഷ്ടിയുമുണ്ടായി.വിവിധ സേനാ വിഭാഗങ്ങൾ അണിനിരക്കുന്ന മാർച്ച് പരേഡ് മുഖ്യമന്ത്രി സ്വീകരിച്ചു.

സ്വാതന്ത്ര്യം എല്ലാവർക്കും തുല്യമായി അവകാശപ്പെട്ടതാണ്. ഏതെങ്കിലും പ്രത്യേക വിഭാഗത്തിനു മാത്രമായി സ്വാതന്ത്ര്യം ചുരുക്കപ്പെടാൻ പാടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. എല്ലാ മനുഷ്യരെയും തുല്യരായി കണ്ട് കേരളം രാജ്യത്തിന് മാതൃകയായെന്നും 2025 ഓടെ അതിദാരിദ്ര്യം കേരളത്തിൽ നിന്ന് തുടച്ച് നീക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Advertising
Advertising

'നാനാത്വത്തിൽ ഏകത്വം എന്നത് ഇന്ത്യയുടെ സവിശേഷത. മതനിരപേക്ഷതയെ പിറകോട്ടടിപ്പിക്കാൻ നീക്കം നടക്കുന്നുണ്ട്.അത്തരം ശ്രമങ്ങളെ മുളയിലേ നുള്ളണം. കഴിഞ്ഞ ഏഴു വർഷം കൊണ്ട് ആഭ്യന്തര ഉത്പാദനം 84 ശതമാനം വർധിച്ചു. കേരളത്തിന്റെ കടം കുറക്കാനുമായി.പദ്ധതി ആരംഭിച്ച് ആദ്യ എട്ട് മാസം കൊണ്ട് ഒരു ലക്ഷം സംരംഭം പൂർത്തിയാക്കി. കേരളത്തിന്റെ ഐ ടി മേഖല കുതിപ്പിന്റെ പാതയിലാണ്. നവകേരളം ഒരുക്കാൻ എല്ലാ കേരളീയന്റെയും സഹകരണം വേണം.നമ്മുടെ സ്വാതന്ത്ര്യത്തെയും ഐക്യത്തെയും ജനാധിപത്യത്തെയും മത നിരപേക്ഷതയും ശാസ്ത്ര ചിന്തയെയും ശക്തിപ്പെടുത്തണം'.. മുഖ്യമന്ത്രി പറഞ്ഞു.

നിയമസഭയിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തില്‍ സ്പീക്കർ എ.എൻ ഷംസീർ ദേശീയ പതാക ഉയർത്തി. ഗാന്ധി, അംബേദ്കർ, നെഹ്‌റു പ്രതിമകളിൽ സ്പീക്കർ പുഷ്പാർച്ചന നടത്തുകയും ചെയ്തു.  ജില്ലാ കേന്ദ്രങ്ങളിൽ മന്ത്രിമാരാണ് പതാക ഉയർത്തിയത്. രാജ് ഭവനിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ ദേശീയ പതാക ഉയർത്തി. ഹൈക്കോടതി ചീഫ് ജസ്റ്റിസ് എ ജെ ദേശായി സ്വാതന്ത്ര്യസമരസേനാനികൾക്ക് ആദരമർപ്പിച്ചു.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News