ഇനിയയ്ക്ക് ഇനി സ്വന്തം സ്പൈക്സിൽ ഓടാം; സഹായവുമായി നടൻ ജിബിൻ ഗോപിനാഥ്
മീഡിയവൺ വാർത്തയ്ക്ക് പിന്നാലെയാണ് ജിബിൻ സഹായവുമായെത്തിയത്
തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ കായിക മേളയിൽ ട്രാക്കിലിറങ്ങാൻ സ്വന്തമായി ഒരു ജോഡി സ്‌പൈക്ക്‌സ് പോലുമില്ലാത്ത പറളി സ്കൂളിൻ്റെ ഇനിയ എന്ന പതിമൂന്നുകാരിക്ക് സ്‌പൈക്ക്‌സ് നൽകി നടൻ ജിബിൻ ഗോപിനാഥ്. കടം വാങ്ങിയ ഷൂസണിഞ്ഞ് തന്നേക്കാൾ മൂന്ന് വയസ്സ് മുതിർന്നവരോടൊപ്പം ഓടി 3000 മീറ്ററിൽ സ്വർണവും 1500-ൽ വെള്ളിയും നേടിയ ഇനിയെ കുറിച്ചുള്ള മീഡിയ വൺ വാർത്തയെ തുടർന്നാണിത്.
ട്രാക്കിൽ കുതിച്ച് മുന്നിലെത്തിയപോലെ ജീവിതത്തിലും ഇനിയക്ക് മുന്നിലെത്താൻ സാധിക്കട്ടെ എന്ന് ജിബിൻ പറഞ്ഞു. നിറഞ്ഞ നന്ദി മാത്രമായിരുന്നു ജിബിനോട് ഇനിയക്കുള്ള മറുപടി. സ്വന്തമായി ഒരു ജോഡി സ്‌പൈക്ക്‌സ് വാങ്ങാനുള്ള സാമ്പത്തിക ശേഷി ഇല്ലാത്ത കുടുംബത്തിൽ നിന്ന് എത്തിയാണ് ഇനിയ ഈ നേട്ടങ്ങൾ കൊയ്തത്. 16 വയസ്സുകാരുടെ സീനിയർ ട്രാക്കിലാണ് തന്നെക്കാൾ മുതിർന്നവരോടൊപ്പം ഓടി ഇനിയ ചരിത്രം കുറിച്ചത്. 3000 മീറ്ററിൽ എതിരാളികളെ ബഹുദൂരം പിന്നിലാക്കി സ്വർണം നേടി. 1500 മീറ്ററിൽ വെള്ളിയും സ്വന്തമാക്കി. എല്ലാ പ്രതിസന്ധികളിലും താങ്ങായി നിർത്തുന്ന പരിശീലകൻ മനോജ് മാഷും ഇനിയക്കൊപ്പമുണ്ടായിരുന്നു.