പൊലീസ് വാഹനങ്ങളുടെ അറ്റകുറ്റപ്പണിയുടെ പേരില്‍ വന്‍ സാമ്പത്തിക തട്ടിപ്പ്‌; വിജിലൻസ് അന്വേഷണം വേണമെന്ന് ധനവകുപ്പ്

ട്രാൻസ്പോർട്ട് വിങ്ങിലെ വർക്ക് ഷോപ്പിൽ ചെയ്യാൻ പറ്റുന്ന ചെറിയ പണികൾ പോലും പലതവണ സ്വകാര്യ കേന്ദ്രങ്ങളെ ആശ്രയിച്ച് ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു

Update: 2025-08-10 05:31 GMT
Editor : Lissy P | By : Web Desk

representative image

തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് വാഹനങ്ങളുടെ അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട് വ്യാപക ക്രമക്കേട് നടന്നതായി ധനകാര്യ വകുപ്പിന്റെ കണ്ടെത്തൽ. പൊലീസിന്റെ സ്വന്തം വർക്ക് ഷോപ്പുകളിലും സർക്കാർ ആംഗീകൃത കേന്ദ്രങ്ങളിലും അറ്റകുറ്റപ്പണി നടത്താതെ സ്വകാര്യ ഷോപ്പുകളിൽ അറ്റകുറ്റപ്പണി നടത്തിയാണ് സാമ്പത്തിക തട്ടിപ്പ് നടത്തുന്നത്.

സർക്കാരിന് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുന്ന ക്രമക്കേട് അവസാനിപ്പിക്കാൻ ആഭ്യന്തര വകുപ്പ് നടപടി കൈക്കൊള്ളണമെന്നും ധനവകുപ്പ് റിപ്പോർട്ടിൽ പറയുന്നു. ധനവകുപ്പിന്റെ അന്വേഷണ റിപ്പോർട്ടിന്റെ പൂർണരൂപം മീഡിയവണിന് ലഭിച്ചു.

Advertising
Advertising

പൊലീസ് ട്രെയിനിങ് കോളേജ് തിരുവനന്തപുരം,എആർ ക്യാമ്പ് കൊല്ലം, പൊലീസ് അക്കാദമി  തൃശൂർ എന്നിവിടങ്ങളിലെ മോട്ടോർ ട്രാൻസ്പോർട്ട് വിങ്ങുകളിൽ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് ധനവകുപ്പ് അഡീണൽ സെക്രട്ടറി ആർ ബിജുകുമാറിന്റെ നേതൃത്വത്തിൽ റിപ്പോർട്ട് തയ്യാറാക്കിയത്. മൂന്ന് കേന്ദ്രങ്ങളിലും വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾ ചെയ്യുന്നതിനായി സർക്കാർ സംവിധാനത്തിലുള്ള വർക്ക് ഷോപ്പുകളുണ്ട്.. ഇവിടെ ചെയ്യാൻ പറ്റാത്തത് പുറത്ത് അംഗീകൃത കേന്ദ്രങ്ങളിൽ ചെയ്യണമെന്നാണ് വ്യവസ്ഥ.

അതത് മേഖലയിലെ അംഗീകൃത കേന്ദ്രങ്ങളുടെ ലിസ്റ്റും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.ഇങ്ങനെയിരിക്കെയാണ് ചട്ട വിരുദ്ധമായി സ്വകാര്യ കേന്ദ്രങ്ങളിൽ അറ്റകുറ്റപ്പണികൾ ചെയ്തതായുള്ള കണ്ടെത്തൽ.ട്രാൻസ്പോർട്ട് വിങ്ങിലെ വർക്ക് ഷോപ്പിൽ ചെയ്യാൻ പറ്റുന്ന ചെറിയ പണികൾ പോലും പലതവണ സ്വകാര്യ കേന്ദ്രങ്ങളെ ആശ്രയിച്ച് ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു.

സാധാരണയായി ഒരു വർഷത്തിലുണ്ടാകാൻ സാധ്യതയുള്ള അറ്റകുറ്റപ്പണികളുടെ എത്രയോ മടങ്ങാണ് ഇത്തരത്തിൽസ്വകാര്യ കേന്ദ്രത്തിൽ അറ്റകുറ്റപ്പണി നടത്തിയത്. കൊല്ലം എആർ ക്യാമ്പിൽ അസാധാരണമായ വിധത്തിൽ ക്രമക്കേടുണ്ടെന്നും വിഷയത്തിൽ വിജിലൻസ് അന്വേഷണം വേണമെന്നും ധനവകുപ്പ്റിപ്പോർട്ടിൽ അവശ്യപ്പെടുന്നു.പൊലീസ് ട്രെയിനിങ് തിരുവനന്തപുരം, തൃശൂർ കേരള പൊലീസ് അക്കാദമി എന്നിവിടങ്ങളിൽ നിന്ന് വിശദീകരണം തേടി കുറ്റക്കാരാണെന്ന്കണ്ടെത്തുന്നവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിണമെന്നും നിർദേശത്തിൽ പറയുന്നു. 

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News