കാസർകോട് മോക്ക് പോളിൽ കണ്ടെത്തിയ ക്രമക്കേട് ആശങ്ക സൃഷ്ടിക്കുന്നത്: വെൽഫെയർ പാർട്ടി

സുപ്രിംകോടതിയുടെ മേൽനോട്ടത്തിൽ വോട്ടിംഗ് മെഷീനുകളുടെ വിശ്വാസ്യത ഉറപ്പുവരുത്തുന്നതിന് ആവശ്യമായ തുടർ നടപടികൾ ഉണ്ടാകണമെന്ന് റസാക്ക് പാലേരി ആവശ്യപ്പെട്ടു

Update: 2024-04-18 10:25 GMT
Editor : Lissy P | By : Web Desk
Advertising

ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുമായി ബന്ധപ്പെട്ട് രാജ്യത്ത് ഉയർന്നുവന്ന ആശങ്കകളെ ശക്തിപ്പെടുത്തുന്ന സംഭവമാണ് കാസര്‍കോട് മോക്പോളിനിടെ കണ്ടെത്തിയ ക്രമക്കേടെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് റസാക്ക് പാലേരി പറഞ്ഞു. ബി.ജെ.പിക്ക് അനുകൂലമായ രീതിയിൽ വോട്ടിംഗ് മെഷീനുകളിൽ ക്രമീകരണങ്ങൾ ഉണ്ടാക്കിയിട്ടുണ്ടോ എന്ന സന്ദേഹം ജനങ്ങളിൽ ഉണ്ടാകുന്നതിന് ഈ സംഭവം കാരണമാകും.

സ്വതന്ത്രവും നീതിപൂർവവുമായ തെരഞ്ഞെടുപ്പിനെ സംബന്ധിച്ച് ആശങ്കയുളവാക്കുന്ന സാഹചാര്യത്തിൽ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിൽ സംസ്ഥാനത്തെ മുഴുവൻ വോട്ടിംഗ് മെഷീനുകളും പരിശോധനയ്ക്ക് വിധേയമാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാകണം. മുഴുവൻ വി വി പാറ്റുകളും എണ്ണണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹരജിക്കിടെ കാസർകോട് സംഭവത്തിൽ സുപ്രിംകോടതി നടത്തിയ ഇടപെടൽ സ്വാഗതാർഹമാണ്. സുപ്രിംകോടതിയുടെ തന്നെ മേൽനോട്ടത്തിൽ തെരഞ്ഞെടുപ്പ് വോട്ടിംഗ് മെഷീനുകളുടെ വിശ്വാസ്യത ഉറപ്പുവരുത്തുന്നതിന് ആവശ്യമായ തുടർ നടപടികൾ ഉണ്ടാകണമെന്ന് റസാക് പാലേരി പ്രസ്താവനയില്‍ പറഞ്ഞു.

ജനാധിപത്യ മര്യാദകൾ പാലിക്കാതെ ഏത് വിധേനയും തെരഞ്ഞെടുപ്പ് വിജയം നേടിയെടുക്കാൻ ശ്രമിക്കുന്ന സംഘപരിവാറിന് തെരഞ്ഞെടുപ്പ് വിജയമൊരുക്കുന്നതിനുള്ള ഉപകരണമായി വോട്ടിംഗ് മെഷീൻ ഒരു കാരണവശാലും മാറാൻ പാടില്ല. നടക്കാൻ പോകുന്ന തെരഞ്ഞെടുപ്പിൽ പ്രയോഗ വൽക്കരിക്കാൻ കഴിയില്ലെങ്കിലും തെരഞ്ഞെടുപ്പ് വോട്ടിംഗ് മെഷീനുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ഇത്തരം ആശങ്കകളെ മുഖവിലക്കെടുത്ത് പേപ്പർ ബാലറ്റിലേക്ക് മടങ്ങി പോകുന്നതിനുള്ള ശ്രമം തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്തുനിന്ന് ഉണ്ടാകണം .

ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ ജനവിധി ഒരുവിധ അട്ടിമറികൾക്കും വിധേയമല്ലെന്ന് ഉറപ്പുവരുത്തുന്നതായിരിക്കണം തെരഞ്ഞെടുപ്പ് സംവിധാനങ്ങൾ . ആ നിലക്കുള്ള നിർദേശങ്ങൾ സുപ്രിംകോടതിയിൽ നിന്ന് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭരണഘടന സ്ഥാപനങ്ങളുടെ നിക്ഷ്പക്ഷത ചോദ്യം ചെയ്യപ്പെടുന്ന ഒരു കാലഘട്ടത്തിൽ ജനങ്ങളോടുള്ള കടമയിൽ യാതൊരു വിട്ട് വീഴ്ചയും വരുത്താതെ പ്രവർത്തിക്കാൻ ഭരണഘടനാ സ്ഥാപനങ്ങൾക്കാകണമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News