ദുരൂഹത അവസാനിക്കാതെ ഇർഷാദിന്റെ തിരോധാനം; മൃതദേഹം തിരക്കിട്ട് സംസ്‌കരിച്ചത് ആർക്കുവേണ്ടിയെന്ന് ബന്ധുക്കൾ

വിദേശത്തുനിന്ന് കൊടുത്തുവിട്ട സ്വർണം കൈമാറാതെ കബളിപ്പിച്ച ഇർഷാദിനെ തട്ടിക്കൊണ്ടുപോയെന്നും തടവിൽ പാർപ്പിച്ച കേന്ദ്രത്തിൽനിന്ന് മറ്റൊരിടത്തേക്ക് മാറ്റുന്നതിനിടെ പുഴയിൽ ചാടി രക്ഷപ്പെട്ടെന്നുമായിരുന്നു അറസ്റ്റിലായവരുടെ മൊഴി.

Update: 2022-08-05 09:50 GMT

കോഴിക്കോട്: പന്തിരിക്കരയിൽ സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ ഇർഷാദിന്റെ തിരോധാനത്തിൽ അവസാനിക്കാത്ത ദുരൂഹത. ജൂലൈ ആറിന് തട്ടിക്കൊണ്ടുപോയ ഇർഷാദിനെക്കുറിച്ചുള്ള അന്വേഷണം എങ്ങുമെത്താത്തതിന് ഇടയിലാണ് തട്ടിക്കൊണ്ടുപോയ സംഘത്തിലെ അംഗങ്ങൾ പിടിയിലായത്. ഇവരിൽനിന്ന് ലഭിച്ച വിവരങ്ങളാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. വൈത്തിരി സ്വദേശി ഷഹീൽ, കൽപ്പറ്റ സ്വദേശി ജിനാഫ്, സജീർ എന്നിവരിൽനിന്നാണ് പൊലീസിന് നിർണായക വിവരങ്ങൾ ലഭിച്ചത്.

തങ്ങളുടെ പിടിയിൽനിന്ന് രക്ഷപ്പെട്ട ഇർഷാദ് പുഴയിൽ ചാടിയെന്നാണ് അറസ്റ്റിലായവർ മൊഴി നൽകിയത്. ഒരാൾ വാഹനത്തിൽനിന്ന് പുഴയിലേക്ക് ചാടുന്നത് കണ്ടുവെന്ന് നാട്ടുകാരും പൊലീസിനോട് പറഞ്ഞിരുന്നു. പിണറായി സ്വദേശി മുർശിദാണ് ഈ കേസിൽ ആദ്യം അറസ്റ്റിലായത്. ഇയാൾ നൽകിയ മൊഴിയനുസരിച്ചാണ് മറ്റുള്ളവരെ പിടികൂടിയത്.

Advertising
Advertising

വിദേശത്തുനിന്ന് കൊടുത്തുവിട്ട സ്വർണം കൈമാറാതെ കബളിപ്പിച്ച ഇർഷാദിനെ തട്ടിക്കൊണ്ടുപോയെന്നും തടവിൽ പാർപ്പിച്ച കേന്ദ്രത്തിൽനിന്ന് മറ്റൊരിടത്തേക്ക് മാറ്റുന്നതിനിടെ പുഴയിൽ ചാടി രക്ഷപ്പെട്ടെന്നുമായിരുന്നു അറസ്റ്റിലായവരുടെ മൊഴി. കഴിഞ്ഞ മാസം 15ന് പുറക്കാട്ടിരി പാലത്തിന് മുകളിൽനിന്ന് ഇർഷാദ് പുഴയിൽ ചാടിയെന്നാണ് വിവരം. ഇത് ശരിവെക്കുന്ന ചില വിവരങ്ങൾ നാട്ടുകാരിൽനിന്നും പൊലീസിന് ലഭിച്ചിരുന്നു. കാറിലെത്തിയ സംഘത്തിലൊരാൾ പുഴയിലേക്ക് ചാടുകയോ വീഴുകയോ ഉണ്ടായെന്നും കാർ വേഗത്തിൽ വിട്ടുപോയെന്നുമാണ് നാട്ടുകാർ നൽകിയ വിവരം.

ഈ സംഭവത്തിന് ശേഷം രണ്ടു ദിവസം കഴിഞ്ഞാണ് കൊയിലാണ്ടി കടപ്പുറത്ത് ഒരു യുവാവിന്റെ ജീർണിച്ച നിലയിലുള്ള മൃതദേഹം കണ്ടെത്തിയിരുന്നു. മേപ്പയ്യൂർ സ്വദേശിയായ ദീപക് എന്ന യുവാവിന്റേതാണ് മൃതദേഹമെന്ന നിഗമനത്തിൽ അന്നുതന്നെ സംസ്‌കാരവും നടത്തി. ഇക്കാര്യത്തിൽ ഇർഷാദിന്റെ ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ ഡിഎൻഎ സാമ്പിൾ പരിശോധനക്ക് അയച്ചിരുന്നു. ഇതിലൂടെയാണ് മൃതദേഹം ഇർഷാദിന്റെതാണെന്ന് സ്ഥിരീകരിച്ചത്.

കൊയിലാണ്ടി കടപ്പുറത്തുനിന്ന് കണ്ടെടുത്ത മൃതദേഹം തന്റെ മകന്റെതല്ലെന്ന് ദീപകിന്റെ അമ്മ പറഞ്ഞിരുന്നു എന്നാണ് ഇർഷാദിന്റെ ബന്ധുക്കൾ പറയുന്നത്. ഇത് പരിഗണിക്കാതെ ഡിഎൻഎ ഫലം വരാൻ പോലും കാത്തിരിക്കാതെ തിരക്കിട്ട് മൃതദേഹം സംസ്‌കരിക്കുകയായിരുന്നു. ഇതിൽ ദുരൂഹതയുണ്ടെന്ന് ഇർഷാദിന്റെ ബന്ധുക്കൾ ആരോപിക്കുന്നു. ഇർഷാദ് നന്നായി നീന്തലറിയുന്ന ആളാണ്. അവൻ മുങ്ങി മരിക്കില്ല. കൊലപ്പെടുത്തിയ ശേഷം പുഴയിലെറിഞ്ഞതാണെന്ന് സംശയമുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നും ഇർഷാദിന്റെ ബന്ധുവായ റഷീദ് പറഞ്ഞു.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News