സൂംബ ഡാൻസിനെ എതിർക്കുന്നവരുടെ ലക്ഷ്യം പൊതുവിദ്യാഭ്യാസ മേഖലയെ തകർക്കലാണോ?: ഡിവൈഎഫ്ഐ

'എതിർക്കുന്നവർക്ക് അവരവരുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉണ്ട്'

Update: 2025-06-28 09:55 GMT
Editor : നബിൽ ഐ.വി | By : Web Desk

കോഴിക്കോട്: സൂംബ ഡാൻസിനെ എതിർക്കുന്നവരുടെ ലക്ഷ്യം പൊതുവിദ്യാഭ്യാസ മേഖലയെ തകർക്കലാണോയെന്ന് ഡിവൈഎഫ്ഐ. എതിർക്കുന്നവർക്ക് അവരവരുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉണ്ട്. മതവിശ്വാസം അനുസരിച്ച് ജീവിക്കാൻ എല്ലാവർക്കും കഴിയണമെന്നും എന്നാൽ മറ്റുള്ളവരും ഇങ്ങനെ തന്നെ വേണം എന്ന് പറയുന്നത് ഹീനമാണെന്നും ഡിവൈഎഫ്ഐ നേതാക്കൾ പറഞ്ഞു.

ലഹരി വിരുദ്ധ പ്രവർത്തനത്തിൻ്റെ ഭാഗമാണ് സൂംബ എന്നും വിദ്യാർഥികളുടെ മാനസിക, കായിക ഉല്ലാസമാണ് ലക്ഷ്യമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ് പറഞ്ഞു. അല്പ വസ്ത്രം ധരിച്ചാണ് നൃത്തം എന്നാണ് ഒരാള് പറഞ്ഞത്. എവിടെയാണ് അല്പ വസ്ത്രം ധരിച്ചത്. നിരവധി ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ ഒന്ന് മാത്രമാണ് സൂംബ. അതിലും മതത്തിൻ്റെ ചേരുവ ചേർക്കുന്നു. എതിർ വാദങ്ങൾ ആധുനിക സമൂഹത്തിന് യോജിച്ചതല്ലെന്നും വി.കെ സനോജ് വ്യക്തമാക്കി.

എംഎസ്എഫിൻ്റെ എതിർപ്പ് ഞെട്ടിക്കുന്നതാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫ് പറഞ്ഞു. കെ.എം ഷാജി മുമ്പ് ഒരു പരിപാടിയിൽ മതമാണ് മതമാണ് പ്രശ്നം എന്ന് പറഞ്ഞിരുന്നു. കെ.എം ഷാജിയുടെ പിറകിൽ ആണോ, മുസ്‌ലിം ലീഗിൻ്റെ പിറകിൽ ആണോ എംഎസ്എഫ് അണിനിരക്കുന്നത്. മതവിശ്വാസം അനുസരിച്ച് ജീവിക്കാൻ എല്ലാവർക്കും കഴിയണമെന്നും സ്കൂൾ യൂണിഫോം ധരിച്ചാണ് വിദ്യാർഥി‌കൾ സൂംബയുടെ ഭാഗമാകുന്നതെന്നും വി. വസീഫ് കൂട്ടിച്ചേർത്തു.

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News