വിദ്വേഷം തടയാന്‍ നിയമ നിർമ്മാണം; കേരള സർക്കാർ കർണാടകയെ മാതൃകയാക്കണമെന്ന് ജംഇയ്യത്ത് ഉലമായെ ഹിന്ദ്

''സാംസ്കാരികമായും, സാമൂഹികമായും പുരോഗമനപരമായ നിലപാടുകൾക്ക് പേരുകേട്ട കേരളത്തിൽ ഇപ്പോൾ ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരെ കടുത്ത വർഗീയ പ്രചാരണങ്ങൾ നടക്കുന്നുണ്ട്''

Update: 2025-12-18 10:05 GMT
Editor : rishad | By : Web Desk

തിരുവനന്തപുരം: വിദ്വേഷം തടയാൻ കർശന നിയമം വേണമെന്നും കേരളം, കർണാടകയെ മാതൃകയാക്കണമെന്നും ജംഇയ്യത്ത് ഉലമായെ ഹിന്ദ്. 

സാമൂഹിക സൗഹൃദം തകർക്കുന്ന വർഗീയ പ്രചാരണങ്ങളെ നിയമപരമായി നേരിടാൻ കർണാടക നിയമസഭയിൽ അവതരിപ്പിച്ച ബില്ലിലെ സുപ്രധാനമായ ഘടകങ്ങൾ ഉൾപ്പെടുത്തി കേരളത്തിലും സമാനമായ ഒരു 'വിദ്വേഷ കുറ്റകൃത്യ നിരോധന നിയമം' അനിവാര്യമാണ്.

നിലവിലെ നിയമത്തിലെ അവ്യക്തത, നിലവിലെ നിയമവ്യവസ്ഥയിൽ വിദ്വേഷ പ്രസംഗങ്ങൾ ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 299, 298 എന്നിവയുടെ പരിധിയിലാണ് വരുന്നത്. എന്നാൽ പലപ്പോഴും ഇത്തരം കേസുകളിൽ വ്യക്തമായ നിയമത്തിന്റെ അഭാവം കാരണം ശിക്ഷാ നടപടികൾ ദുർബലമാവുകയോ വൈകുകയോ ചെയ്യാറുണ്ട്. വർഗീയ ധ്രുവീകരണം വർധിച്ചുവരുന്ന ഈ സാഹചര്യത്തിൽ, കൂടുതൽ വ്യക്തവും കർശനവുമായ വ്യവസ്ഥകൾ ഉൾപ്പെടുന്ന ഒരു പുതിയ നിയമം കേരളത്തിന് അത്യന്താപേക്ഷിതമാണെന്നും ജംഇയ്യത്ത് ഉലമായെ ഹിന്ദ് പറഞ്ഞു. 

Advertising
Advertising

കർണാടക ബില്ലിലെ പ്രധാന ഘടകങ്ങളും വ്യവസ്ഥകളും പരിശോധിക്കുമ്പോൾ അത് കേരളത്തിന്റെ ഇപ്പോഴത്തെ സാമൂഹികാന്തരീക്ഷത്തിന് എത്രത്തോളം ഗുണകരമാകുമെന്ന് മനസ്സിലാക്കാൻ സാധിക്കും. വിദ്വേഷ കുറ്റത്തിന് ആദ്യമായി പിടിക്കപ്പെടുന്നവർക്ക് ഒരു വർഷം തടവും 50,000 രൂപ പിഴയും ആണ് വ്യവസ്ഥ ചെയ്യുന്നത്. കുറ്റം ആവർത്തിച്ചാൽ 10 വർഷം വരെ തടവ് ലഭിക്കുമെന്ന വ്യവസ്ഥ നിയമത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു.

മതം, ജാതി, സമൂഹം എന്നിവയ്ക്ക് പുറമെ, ലിംഗം, ജൻമസ്ഥലം, വീട്, ഭാഷ, വൈകല്യം, കുലം എന്നിങ്ങനെ സമൂഹത്തിൽ വിദ്വേഷം വളർത്താൻ സാധ്യതയുള്ള എല്ലാ ഘടകങ്ങളെയും നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരുന്നത് അഭിനന്ദനാർഹമാണ്. സാമൂഹ്യ മാധ്യമങ്ങൾ വഴി അതിവേഗം പടരുന്ന വിദ്വേഷ പ്രചാരണങ്ങൾ തടയാൻ പുതിയ നിയമത്തിന് സാധിക്കുമെന്നും ജംഇയ്യത്ത് ഉലമായെ ഹിന്ദ് അഭിപ്രായപ്പെട്ടു. 

സാംസ്കാരികമായും, സാമൂഹികമായും പുരോഗമനപരമായ നിലപാടുകൾക്ക് പേരുകേട്ട കേരളത്തിൽ ഇപ്പോൾ ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരെ കടുത്ത വർഗീയ പ്രചാരണങ്ങൾ നടക്കുന്നുണ്ട്. ഇത് സാമൂഹിക സൗഹൃദം തകർക്കുകയും വർഗീയതയും വിദ്വേഷവും സൃഷ്ടിക്കുകയും, അതുവഴി കലാപങ്ങൾക്കും സമാധാന അന്തരീക്ഷം തകർക്കുന്നതിനും വഴിവെക്കുകയും ചെയ്യും.

കർണാടക സ്വീകരിച്ചതുപോലെ അഭിപ്രായ സ്വാതന്ത്ര്യത്തെ മാനിച്ചുകൊണ്ട് വിദ്വേഷ കുറ്റകൃത്യങ്ങൾ തടയുന്ന ഒരു ശക്തമായ നിയമം കേരളത്തിന്റെ നന്മ ആഗ്രഹിക്കുന്ന ഭരണപക്ഷവും, ഗവൺമെന്റും, പ്രതിപക്ഷവും, മുഴുവൻ രാഷ്ട്രീയ പാർട്ടികളും, സാമുദായിക സംഘടനകളും ഒറ്റക്കെട്ടായി നിന്നുകൊണ്ട് അടിയന്തിരമായി നടപ്പിലാക്കണമെന്നും ജംഇയ്യത്ത് ഉലമായെ ഹിന്ദ് കേരള സ്റ്റേറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി പുറത്തിറക്കിയ പ്രസ്താവനയില്‍ ആവശ്യപ്പെടുന്നു. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News