'ശിവഗിരിയിൽ പൊലീസ് അതിക്രമം നടന്നിട്ടില്ല'; എ.കെ ആന്റണി ആവശ്യപ്പെട്ട ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ട് നിയമസഭാ വെബ്സൈറ്റിൽ
അക്രമാസക്തമായ ജനക്കൂട്ടമാണ് ലാത്തിച്ചാർജിന് കാരണം. ഒന്നോ രണ്ടോ പൊലീസുകാരുടെ പെരുമാറ്റം സേനയുടെതായി കാണാൻ ആവില്ലെന്നും റിപ്പോർട്ടിൽ പറയുന്നു
തിരുവനന്തപുരം: എ.കെ ആന്റണി ആവശ്യപ്പെട്ട ശിവഗിരി ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ട് നിയമസഭാ വെബ്സൈറ്റിൽ. ഈ റിപ്പോർട്ട് പുറത്തുവിടണമെന്നായിരുന്നു ആന്റണിയുടെ ആവശ്യം.
നിയമസഭാ വെബ്സൈറ്റിൽ റിപ്പോർട്ട് നേരത്തേ തന്നെയുണ്ട്. ശിവഗിരിയിൽ പൊലീസ് അതിക്രമം നടന്നിട്ടില്ല, അക്രമാസക്തമായ ജനക്കൂട്ടമാണ് ലാത്തിച്ചാർജിന് കാരണം. ഒന്നോ രണ്ടോ പൊലീസുകാരുടെ പെരുമാറ്റം സേനയുടെതായി കാണാൻ ആവില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
ശിവഗിരിയിലെ പൊലീസ് അതിക്രമം ചൂണ്ടിക്കാട്ടി യുഡിഎഫ് ഭരണകാലത്തെ പൊലീസ് അതിക്രമങ്ങളെ കുറിച്ച് നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പ്രസംഗത്തില്‍ മറുപടിയുമായാണ് എ.കെ ആന്റണി ഇന്നലെ രംഗത്ത് എത്തിയത്.
21 വർഷമായി കേരള രാഷ്ട്രീയത്തിൽ താൻ സജീവമല്ലാതിരുന്നിട്ടും തനിക്കെതിരെ ഏകപക്ഷീയമായ ആക്രമണം നടക്കുന്നുവെന്ന് എ.കെ ആന്റണി ഇന്നലെ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. ദീര്‍ഘകാലത്തിന് ശേഷമാണ് രാഷ്ട്രീയവിഷയത്തില്‍ പ്രതികരിക്കാനായി ആന്റണി വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്തത്.
1995ൽ കോടതി ഉത്തരവ് നടപ്പാക്കാനാണ് ശിവഗിരിയിലേക്ക് പൊലീസിനെ അയക്കേണ്ടി വന്നത്. സംഭവങ്ങൾ പലതും നിർഭാഗ്യകരമാണ്. തെരഞ്ഞെടുപ്പിൽ ജയിച്ച സന്യാസിമാർക്ക് അധികാര കൈമാറ്റം നടത്തിയിരിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കോടതി നടപടി നേരിടേണ്ടി വരുമെന്ന് സർക്കാരിന് മുന്നറിയിപ്പ് നൽകി. ഉത്തരവ് നടപ്പാക്കാൻ എത്തിയവരിൽ പല തരക്കാർ ഉണ്ടായിരുന്നു. കോടതി ഉത്തരവ് നടപ്പാക്കി വിജയിച്ചവർക്ക് അധികാരം കൈമാറി. നിയമവാഴ്ച നടപ്പാക്കുകയാണ് ചെയ്തത്. ഇത് സംബന്ധിച്ച് അന്വേഷിക്കാൻ നായനാർ സർക്കാർ നിയോഗിച്ച ജുഡീഷ്യൽ കമ്മീഷന്റെ റിപ്പോർട്ട് പുറത്തുവിടണം. എന്താണ് അവിടെ സംഭവിച്ചതെന്ന് ജനങ്ങൾ അറിയട്ടെ എന്നും ആന്റണി പറഞ്ഞു.
അതേസമയം ശിവഗിരി , മുത്തങ്ങ സംഭവങ്ങളിൽ പ്രതിരോധത്തിനായി എ.കെ ആന്റണി തന്നെ ഇറങ്ങേണ്ടി വന്നത് കോൺഗ്രസ് നേതൃത്വത്തിന് തിരിച്ചടിയായിട്ടുണ്ട്.
Watch Video Report