''സതീശൻ ശൈലി മാറ്റണം, വിമാനയാത്രയിൽ പറഞ്ഞത് പച്ചക്കള്ളം"; സിപിഎമ്മിന് താൻ കൊള്ളാത്തവനായെന്നും വെള്ളാപ്പള്ളി
- അടൂർ പ്രകാശിന്റെ അതൃപ്തിയെക്കുറിച്ചുള്ള ചോദ്യത്തിന് ഇത് അണ്ണനും തമ്പിയും തമ്മിലുള്ള സൗന്ദര്യപ്പിണക്കം മാത്രമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു
ആലപ്പുഴ: കോൺഗ്രസ് നേതാവ് അടൂർ പ്രകാശിന്റെ അതൃപ്തിയിൽ പ്രതികരണവുമായി എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കോൺഗ്രസ് പാർട്ടിയിൽ അഭിപ്രായങ്ങളും അഭിപ്രായവ്യത്യാസങ്ങളും സ്വാഭാവികമാണെന്നും ഇത് അണ്ണനും തമ്പിയും തമ്മിലുള്ള സൗന്ദര്യപ്പിണക്കം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തിൽ കൂടുതൽ സംസാരിച്ച് അപഹാസ്യനാകാനില്ലെന്ന് വ്യക്തമാക്കിയ വെള്ളാപ്പള്ളി, പ്രശ്നങ്ങൾ ഹൈക്കമാൻഡ് ഇടപെട്ട് പരിഹരിക്കുമെന്നും കൂട്ടിച്ചേർത്തു.
സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് ഇപ്പോൾ മാർക്കിടാനാകില്ലെന്നും പ്രവർത്തനം തുടങ്ങിയതല്ലേയുള്ളൂ എന്നും വെള്ളാപ്പള്ളി പ്രതികരിച്ചു. എന്നാൽ മുഖ്യമന്ത്രി വി.ഡി സതീശൻ ശൈലി മാറ്റണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വി.ഡി സതീശൻ കുറച്ചുകൂടി പക്വത കാണിക്കണം. മുഖ്യമന്ത്രിയാണെന്ന കാര്യം ഇടയ്ക്കിടെ മറന്നുപോവുകയാണെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ നേതൃഗുണം കാണിക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാണിച്ച അദ്ദേഹം, വിമാനയാത്രയുമായി ബന്ധപ്പെട്ട വിഷയത്തിൽ വി.ഡി. സതീശൻ ആവർത്തിച്ച് നുണ പറയാൻ ശ്രമിച്ചുവെന്നും ആരോപിച്ചു. പാർട്ടിക്കാരന്റെ ഹെലികോപ്റ്ററാണ് ഉപയോഗിച്ചതെന്ന് നേരെ അങ്ങ് പറഞ്ഞാൽ മതിയായിരുന്നുവെന്നും അടവ് നയം സ്വീകരിക്കാൻ പോയി ഒടുവിൽ അടവെച്ചതുപോലെയായെന്നും വെള്ളാപ്പള്ളി വിമർശിച്ചു.
കെ.എം ഷാജിയുടെ റേഞ്ച് റോവർ യാത്രയെക്കുറിച്ചും വെള്ളാപ്പള്ളി പ്രതികരിച്ചു. മതമാണ് മതമാണ് മതമാണ് പ്രശ്നം എന്ന് പറഞ്ഞയാളാണ് കെ.എം ഷാജി. അങ്ങനെ ഉള്ളവരെ ഓക്കെയാണ് മന്ത്രി ആക്കിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, എം.കെ മുനീറിന് ക്യാബിനറ്റ് പദവി നൽകിയതിൽ തെറ്റില്ലെന്നും മുനീർ മാന്യനായ നേതാവാണെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.
സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയിൽ മുൻ സർക്കാരുകൾക്കും വീഴ്ച പറ്റിയിട്ടുണ്ടെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ഈ വിഷയത്തിൽ ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികൾ ആവിഷ്കരിച്ച് സ്വയംപര്യാപ്തത കൈവരിക്കുകയാണ് വേണ്ടത്. മരുന്നുക്ഷാമമുണ്ടെന്ന് ആരോഗ്യമന്ത്രി തന്നെ സമ്മതിക്കുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് കുറച്ചുകൂടി ശ്രദ്ധ പുലർത്തേണ്ടതുണ്ടെന്നും തിരുവനന്തപുരത്തുണ്ടായ സംഘർഷം വളരെ ഭീകരവും ഒഴിവാക്കേണ്ടതുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിപിഎം വിപുലീകൃത കമ്മിറ്റികളെക്കുറിച്ചുള്ള ചോദ്യത്തിന്, പാർട്ടിയിലെ തെറ്റുകൾ സ്വയം തിരുത്തുന്നത് അവർക്ക് തന്നെ നല്ലതാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. കമ്മ്യൂണിസ്റ്റ് കോട്ടകളിൽ പോലും തോൽവി സംഭവിച്ച സാഹചര്യം പരിശോധിക്കണം. എന്ത് തെറ്റാണ് സംഭവിച്ചതെന്ന് പരിശോധിച്ച് രോഗത്തിന് മരുന്ന് കണ്ടെത്തി പാർട്ടി തന്നെ ചികിത്സിക്കട്ടെയെന്നും അദ്ദേഹം നിർദേശിച്ചു.
സിപിഎമ്മിന് ഇപ്പോൾ താൻ കൊള്ളാത്തവനായി മാറിയെന്നും വെള്ളാപ്പള്ളി തുറന്നടിച്ചു. ശബരിമല വിഷയം വന്നപ്പോൾ തന്നെ തലയിൽ ചുമന്നുകൊണ്ട് നടന്നവരാണ് ഇവരെന്നും അദ്ദേഹം ഓർമിപ്പിച്ചു. രണ്ട് ടേം ഭരിക്കാൻ കഴിഞ്ഞത് ചരിത്രമാണെന്നും അത് പിണറായി വിജയന്റെ കഴിവ് കൊണ്ടുമാത്രമാണെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. അന്ന് അദ്ദേഹത്തെ വാഴ്ത്തിപ്പാടിയവർതന്നെ തെരഞ്ഞെടുപ്പിൽ തോറ്റപ്പോൾ താഴ്ത്തിക്കെട്ടാൻ ശ്രമിക്കുകയാണെന്നും വെള്ളാപ്പള്ളി നടേശൻ കൂട്ടിച്ചേർത്തു.