'അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് എത്തിക്കരുത്'; മുഖ്യമന്ത്രിക്കും വനം മന്ത്രിക്കും കത്തയച്ച് കെ.ബാബു എം.എൽ.എ

'അക്രമകാരിയായ ആനയെ ആദിവാസികൾ തിങ്ങി പാർക്കുന്ന സ്ഥലത്ത് എത്തിക്കുന്നത് വലിയ അപകടം വിളിച്ചുവരുത്തും'

Update: 2023-04-06 04:46 GMT
Editor : Lissy P | By : Web Desk

പാലക്കാട്: ഇടുക്കിയിലെ ജനവാസ മേഖലയിൽ ഭീതി പരത്തിയ അരിക്കൊമ്പൻ എന്ന ആനയെ പിടികൂടി പറമ്പിക്കുളത്തേക്ക് മാറ്റുന്നതിനെതിരെ ജനകീയ പ്രതിഷേധം രൂക്ഷമാകുന്നു.

അക്രമകാരിയായ ആനയെ ആദിവാസികൾ തിങ്ങി പാർക്കുന്ന സ്ഥലത്ത് എത്തിക്കുന്നത് വലിയ അപകടം വിളിച്ചു വരുത്തുമെന്നാണ് നാട്ടുകാർ പറയുന്നത്. 'ഇടുക്കിയിലേക്കാൾ ആശങ്കയാണ് ഇവിടെയുള്ളത്.ഏകദേളം 4000ത്തോളം പേർ ഇവിടെ താമസമുണ്ട്. അതിൽ 90 ശതമാനവും ആദിവാസികളാണെന്ന്,'  നെന്മാറ എം.എൽ.എയായ കെ.ബാബു പറഞ്ഞു.

ഭക്ഷണം കഴിക്കാൻ സൗകര്യമുള്ള നിരവധി സ്ഥലങ്ങളുണ്ട്. അവിടേക്ക് കൊണ്ടുപോകണം. ചിപ്പ് ഘടിപ്പിച്ചാൽ അത് ഉറങ്ങിക്കിടക്കുന്ന ആദിവാസികൾക്ക് അറിയാനാകില്ലെന്നും എം.എൽ.എ പറഞ്ഞു. ജനങ്ങളുടെ ആശങ്ക പരിഗണിച്ച് കോടതിയിൽ ഹരജി കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Advertising
Advertising

അരികൊമ്പനെ പറമ്പിക്കുളത്ത് കൊണ്ട് വരരുതെന്ന് ആവശ്യപെട്ട് മുഖ്യമന്ത്രിക്കുംവനം മന്ത്രിക്കും എം.എൽ.എ കത്തയച്ചു. അതേസമയം, ആനയെ ഇടുക്കിയിൽ നിന്ന് പിടികൂടുന്ന  ദൗത്യം ഈസ്റ്ററിന് ശേഷമായിരിക്കും. അരിക്കൊമ്പനെ പിടികൂടി പറമ്പിക്കുളത്തേക്ക് മാറ്റണമെന്നാണ് ഹൈക്കോടതി കഴിഞ്ഞദിവസമാണ് ഉത്തരവിട്ടത്. വിദഗ്ധ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. കാട്ടാനയെ പിടികൂടുമ്പോൾ പടക്കം പൊട്ടിക്കൽ, സെൽഫി എന്നിവ വേണ്ടെന്നും കോടതി വ്യക്തമാക്കി. ദൗത്യം സമൂഹമാധ്യമങ്ങൾ വഴി ആഘോഷമാക്കരുതെന്നും കോടതി ഉത്തരവിട്ടിരുന്നു.

അരിക്കൊമ്പനെ പിടികൂടി പറമ്പിക്കുളം വനമേഖലയിലേക്ക് മാറ്റണമെന്ന ഹൈക്കോടതി വിദഗ്ധ സമിതിയുടെ ശിപാർശ പരിശോധിച്ച ശേഷമാണ് ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. ആവശ്യത്തിന് വെള്ളവും ഭക്ഷണവും പറമ്പിക്കുളത്ത് ലഭിക്കുന്നതിനാൽ ഈ സ്ഥലം അരിക്കൊമ്പന് അനിയോജ്യമാണെന്നും വിദഗ്ധ സമിതി റിപ്പോർട്ട് നൽകി.ഈ റിപ്പോർട്ട് അംഗീകരിച്ചാണ് അരിക്കൊമ്പനെ മയക്കു വെടിവെച്ച് പിടികൂടി പറമ്പിക്കുളത്തേക്ക് മാറ്റാൻ കോടതി ഉത്തരവിട്ടത്. റവന്യു,പൊലീസ്, അഗ്നിരക്ഷാ വിഭാഗങ്ങൾ ദൗത്യത്തിന് ആവശ്യമായ സഹായം നൽകണം.

 അരിക്കൊമ്പനെ മാത്രം പിടികൂടുന്നത് കൊണ്ട് പ്രശ്നം അവസാനിക്കില്ലെന്ന് കോടതി നിരീക്ഷിച്ചു.


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News