മതാടിസ്ഥാനത്തിൽ വാട്‌സാപ് ഗ്രൂപ്പുണ്ടാക്കി നടപടി നേരിട്ട കെ.ഗോപാലകൃഷ്ണൻ ഐഎഎസിന് നിയമനം
വൈറ്റില മൊബിലിറ്റി ഹബ്ബ് എംഡി ആയാണ് നിയമനം
തിരുവനന്തപുരം: മതാടിസ്ഥാനത്തിൽ വാട്‌സാപ് ഗ്രൂപ്പുണ്ടാക്കി നടപടി നേരിട്ട കെ. ഗോപാലകൃഷ്ണൻ ഐഎഎസിന് നിയമനം. വൈറ്റില മുബിലിറ്റി ഹബ്ബ് എംഡി ആയാണ് നിയമനം. ഐഎഎസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി മതാടിസ്ഥാനത്തില്‍ ഹിന്ദു വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കിയതിനായിരുന്നു ഗോപാലകൃഷ്ണനെ സസ്പെൻഡ് ചെയ്തത്. പിന്നീട് സർവീസിൽ തിരിച്ചെടുത്തെങ്കിലും നിയമനം നൽകിയിരുന്നില്ല.
ഉദ്യോഗസ്ഥർക്കിടയിൽ മതസ്പർധ ഉണ്ടാക്കാൻ ശ്രമിച്ചുവെന്നു കാണിച്ചായിരുന്നു ഗോപാലകൃഷ്ണനെ സസ്പെൻഡ് ചെയ്തത്. ഹിന്ദു ഗ്രൂപ്പിന് പുറമെ ഒരു ഐഎഎസ് മുസ്‌ലിം ഗ്രൂപ്പും ഗോപാല കൃഷ്ണൻ ഉണ്ടാക്കിയിരുന്നു. എന്നാൽ, ഫോൺ ഹാക്ക് ചെയ്യപ്പെട്ടതാണെന്നും താനല്ല ഗ്രൂപ്പ് ഉണ്ടാക്കിയതെന്നുമായിരുന്നു ഗോപാലകൃഷ്ണന്റെ വാദം. ഗോപാലകൃഷ്ണനെ സർവീസിൽ തിരിച്ചെടുത്തതിന് പിന്നാലെ കെ. ഗോപാലകൃഷ്ണൻ ഉണ്ടാക്കിയതിന്റെ സ്‌ക്രീൻഷോട്ട് പുറത്ത് വന്നിരുന്നു.
ഐഎഎസ് ഉദ്യോഗസ്ഥയാണ് ഇന്റലിജൻസിന് പരാതി നൽകിയത്. ഗ്രൂപ്പിന്റെ സ്‌ക്രീൻഷോട്ട് പങ്കുവച്ചായിരുന്നു പരാതി. സംഭവത്തിൽ മെറ്റയിൽ ഉൾപ്പെടെ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഉദ്യോഗസ്ഥൻ തന്നെയാണ് ഗ്രൂപ്പ് ഉണ്ടാക്കിയതെന്ന് സ്ഥിരീകരിച്ചത്. ഫോൺ ഹാക്ക് ചെയ്യപ്പെട്ടെന്ന വാദം പൊലീസ് തള്ളുകയും ചെയ്തിരുന്നു. എന്നാൽ, സസ്‌പെൻഷനു കാരണമായ കുറ്റപത്രത്തിൽ പറഞ്ഞ കാര്യങ്ങൾ അതേപ്പടി നിലനിൽക്കുമ്പോഴാണ് ഗോപാലകൃഷ്ണനെതിരായ നടപടി പിൻവലിച്ചത്.